ചെറുപ്പക്കാരുടെ സോഷ്യല്‍ മീഡിയ ഉപയോഗത്തിന് സമയ പരിധി നിര്‍ണ്ണയിക്കാന്‍ ആരോഗ്യവിദഗ്ദ്ധര്‍ക്ക് നിര്‍ദേശം. ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് ആണ് ഇക്കാര്യം അറിയിച്ചത്. സോഷ്യല്‍ മീഡിയ ആപ്പുകള്‍ യുവാക്കളുടെയും കൗമാരക്കാരുടെയും മാനസികാരോഗ്യത്തെ സാരമായി ബാധിക്കുന്നുവെന്നതിന് ശാസ്ത്രീയ തെളിവുകള്‍ ഓരോ ദിവസവും പുറത്തു വരുന്ന സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ ദുഃഖിതനായ ഒരു പിതാവെന്ന നിലയിലാണ് ഈ നിര്‍ദേശം നല്‍കിയതെന്ന് ഹാന്‍കോക്ക് പറഞ്ഞു. യുകെയുടെ ചീഫ് മെഡിക്കല്‍ ഓഫീസറായ ഡെയിം സാലി ഡേവിസിന് ഇതു സംബന്ധിച്ച് നിര്‍ദേശം നല്‍കിയതായാണ് അദ്ദേഹം അറിയിച്ചത്. ആല്‍ക്കഹോള്‍ ഉപയോഗത്തിന് നിര്‍ദേശിച്ചിരിക്കുന്ന പരിധിയുടെ മാതൃകയില്‍ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
സോഷ്യല്‍ മീഡിയ ഉപയോഗത്തിന് കുറഞ്ഞ പ്രായപരിധിയുണ്ടെങ്കിലും ഉപയോക്താക്കള്‍ അത് പാലിക്കുന്നുണ്ടോ എന്ന കാര്യം നിരീക്ഷിക്കുന്നതില്‍ കമ്പനികള്‍ ശ്രമിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇന്‍സ്റ്റഗ്രാം, വാട്‌സാപ്പ് എന്നിവയുള്‍പ്പെടെയുള്ള ആപ്പുകളില്‍ ഫെയിസ്ബുക്ക് ഇക്കാര്യം കാര്യമായി ശ്രദ്ധിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സോഷ്യല്‍ മീഡിയയുടെ ഉപയോഗം കുട്ടികളുടെ മാനസികാരോഗ്യത്തെ വിപരീതമായി ബാധിക്കുന്നുവെന്നതില്ഡ ഒരു പിതാവെന്ന നിലയില്‍ തനിക്ക് ആശങ്കയുണ്ടെന്നും ബര്‍മിംഗ്ഹാമില്‍ നടക്കുന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടി കോണ്‍ഫറന്‍സിനു മുമ്പായി അദ്ദേഹം പറഞ്ഞു.
സോഷ്യല്‍ മീഡിയയുടെ ഉപയോഗമുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് പൊതുസമൂഹത്തെ ബോധവത്കരിക്കുന്നതിനായി സ്‌ക്രോള്‍ ഫ്രീ സെപ്റ്റംബര്‍ പോലെയുള്ള ക്യാംപെയിനുകള്‍ നടത്തിയിരുന്നു. റോയല്‍ സൊസൈറ്റി ഫോര്‍ പബ്ലിക് ഹെല്‍ത്ത് നടത്തിയ ഈ ക്യാംപെയിന്‍ ഫെയിസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍, സ്‌നാപ്ചാറ്റ് തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കുന്നത് പരമാവധി കുറയ്ക്കണമെന്നായിരുന്നു ജനങ്ങളോട് ആവശ്യപ്പെട്ടത്. സോഷ്യല്‍ മീഡിയ ഉപേക്ഷിക്കാനോ ഉപയോഗം പരമാവധി കുറയ്ക്കാനോ മൂന്നില്‍ രണ്ടാളുകള്‍ താല്‍പര്യപ്പെടുന്നുണ്ടെന്ന് ആര്‍എസ്പിഎച്ച് ജൂലൈയില്‍ നടത്തിയ ഒരു സര്‍വേയില്‍ വ്യക്തമായിരുന്നു.
Leave a Reply