ന്യൂസ് ഡെസ്ക്, മലയാളം യുകെ
തൻറെ പദവിക്ക് യോജിക്കാത്ത രീതിയിൽ സംസാരിക്കുകയും മെസ്സേജുകൾ അയക്കുകയും ചെയ്ത ഹെൽത്ത് മിനിസ്റ്ററിൻ്റെ കസേര തെറിച്ചു . ഹെൽത്ത് മിനിസ്റ്ററായ ആൻഡ്രൂ ഗ്വിനിനാണ് സ്ഥാനം നഷ്ടപ്പെട്ടത്. കൂടാതെ ഇദ്ദേഹത്തെ ലേബർ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കുകയും ചെയ്തതായി പ്രധാനമന്ത്രി കെയർ സ്റ്റാർമാർ പറഞ്ഞു.
ലേബർ പാർട്ടിക്ക് വോട്ട് ചെയ്യാത്ത പ്രായമായ ആൾ അടുത്ത പൊതു തിരഞ്ഞെടുപ്പിന് മുൻപ് മരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ആൻഡ്രൂ ഗ്വിൻ്റെ കമൻറ് ആണ് വൻ വിവാദങ്ങൾക്ക് കാരണമായത്. ഇതുകൂടാതെ വംശീയവിദ്വേഷം കലർന്ന സന്ദേശവും ഇദ്ദേഹം പോസ്റ്റ് ചെയ്തതായുള്ള വിവരങ്ങളും പുറത്തുവന്നു. 72 വയസ്സുള്ള ഒരു സ്ത്രീ പ്രാദേശിക കൗൺസിലർക്ക് തൻ്റെ പ്രദേശത്തെ ബിൻ ശേഖരണത്തെ കുറിച്ച് പരാതി പറഞ്ഞുകൊണ്ട് എഴുതിയ കത്താണ് ആൻഡ്രൂ ഗ്വിനിനെ പ്രകോപിപ്പിച്ചത് . ഇതു കൂടാതെ ജൂത വംശജർ ചാര സംഘടനയിലെ അംഗങ്ങൾ ആണെന്ന തരത്തിലുള്ള കമന്റുകളും ഒട്ടേറെ വിമർശനങ്ങൾക്ക് വഴി വെച്ചിരുന്നു. ഏഞ്ചല റെയ്‌നറെക്കുറിച്ച് ലൈംഗികത നിറഞ്ഞ അഭിപ്രായങ്ങളും ലേബർ എംപി ഡയാൻ ആബട്ടിനെക്കുറിച്ച് വംശീയ പരാമർശങ്ങളും ഗ്വിൻ പോസ്റ്റ് ചെയ്തതായി റിപ്പോർട്ടുണ്ട്.
ആൻഡ്രൂ ഗ്വിനിനെ കുറിച്ചുള്ള ആരോപണങ്ങൾ മെയിൽ ഓൺ സൺഡേ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ഗോർട്ടണിലെയും ഡെൻ്റണിലെയും എംപിയെ മന്ത്രിസഭയിൽ നിന്നും ലേബർ പാർട്ടിയിൽ നിന്നും പ്രധാനമന്ത്രി കെയർ സ്റ്റാർമർ സസ്പെൻഡ് ചെയ്യുകയായിരുന്നു. തെറ്റായി വിലയിരുത്തപ്പെട്ട തന്റെ അഭിപ്രായങ്ങളുടെ പേരിൽ ഖേദിക്കുന്നതായി ആൻഡ്രൂ ഗ്വിൻ പറഞ്ഞു. പ്രധാനമന്ത്രിയും പാർട്ടിയും എടുത്ത തീരുമാനത്തെ അംഗീകരിക്കുന്നതായും പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ടതിൽ ദുഃഖമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കെയർ സ്റ്റാർമർ മന്ത്രിസഭയിൽ നിന്ന് കസേര നഷ്ടപ്പെടുന്ന മൂന്നാമത്തെ ആളാണ് ആൻഡ്രൂ ഗ്വിൻ . ഇതിനു മുൻപ് ജനുവരിയിൽ ട്രഷറി മന്ത്രിയായി തുലിപ് സിദ്ദിഖിനും കഴിഞ്ഞ നവംബറിൽ ഗതാഗത സെക്രട്ടറിയായ ലൂയിസ് ഹെയ്ഗിനും സ്ഥാനം നഷ്ടപ്പെട്ടിരുന്നു
Leave a Reply