സ്വന്തം ലേഖകൻ
ലണ്ടൻ : കൊറോണ വൈറസിൽ നിന്നും രാജ്യം കരകയറി വരുന്നതിന്റെ ഭാഗമായി വേനൽക്കാല അവധിദിനങ്ങൾ റദ്ദാക്കണമെന്ന നിർദേശവുമായി ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക്. ആളുകൾ അവരുടെ വേനൽക്കാല അവധി റദ്ദാക്കാൻ തയ്യാറാകണമെന്നും ആ യാഥാർഥ്യത്തോട് പൊരുത്തപ്പെടണമെന്നും ഹാൻകോക്ക് പറഞ്ഞു. രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ആദ്യമായി വേനൽക്കാലം “റദ്ദാക്കപ്പെടുമോ” എന്ന ചോദ്യത്തിന് ആരോഗ്യ സെക്രട്ടറി മറുപടി നൽകി: “അങ്ങനെയുണ്ടാവാൻ സാധ്യത ഉള്ളതായി ഞാൻ കരുതുന്നു.” വൈറസ് വ്യാപനം കുറയുകയാണെങ്കിൽ ജൂലൈ ആദ്യവാരം മുതൽ കൂടുതൽ ഇളവുകൾ വരും. എന്നാൽ സാമൂഹിക അകലം പാലിച്ചുകൊണ്ടാവും ഇവയെല്ലാം നടത്തുക.
പൊതുജനങ്ങളിൽ എന്ത് പ്രത്യാഘാതമുണ്ടാകുമെന്ന് വ്യക്തമാകാതെ അവധിക്കാല പദ്ധതികളൊന്നും തയ്യാറാക്കുന്നില്ലെന്ന് ചില മന്ത്രിമാർ പറഞ്ഞിട്ടുണ്ട്. യുകെ, സ്പെയിൻ തുടങ്ങിയ രാജ്യങ്ങൾ അന്താരാഷ്ട്ര വരവിനായി കർശനമായ ക്വാറന്റൈൻ നിയമങ്ങൾ ആസൂത്രണം ചെയ്യുന്നു. ഈ നിയന്ത്രണങ്ങൾ ടൂറിസം വ്യവസായത്തെ തകർക്കും എന്ന് ഭയപ്പെടുന്നു. ജൂലൈ, ഓഗസ്റ്റ് എന്നിവ രണ്ട് പ്രധാന അവധിക്കാല മാസങ്ങളായതിനാൽ “പ്രോജക്ട് ലിഫ്റ്റ് ഓഫ്” ജൂൺ അവസാനത്തോടെ ആരംഭിക്കുമെന്ന് എയർലൈൻസും ടൂർ ഓപ്പറേറ്റർമാരും പ്രതീക്ഷിക്കുന്നു. എന്നാൽ യുകെ ഗവൺമെന്റിന്റെ ക്വാറന്റൈൻ നടപടികൾ ദശലക്ഷക്കണക്കിന് ബ്രിട്ടീഷ് അവധിക്കാല യാത്രികരെ അതിൽ നിന്നും പിന്തിരിപ്പിക്കാൻ സാധ്യതയുണ്ട്. മറ്റു രാജ്യങ്ങളിൽ നിന്നും യുകെയിലേക്ക് വരുന്നവർ 14 ദിവസം സ്വയം ഒറ്റപ്പെടേണ്ടതുണ്ട്. ഇത് ടൂറിസം മേഖലയെ പ്രതിസന്ധിയിലാക്കുമെന്ന ആശങ്കയിലാണ് അധികൃതർ. ഒപ്പം ഞായറാഴ്ച വൈകുന്നേരം പ്രധാനമന്ത്രി നടത്തിയ പ്രഖ്യാപനത്താൽ പൊതുജനങ്ങൾ ആശയക്കുഴപ്പത്തിലാണെന്ന വാദവും ഹാൻകോക്ക് തള്ളിക്കളഞ്ഞു.
Leave a Reply