ന്യൂസ് ഡെസ്ക് മലയാളം യുകെ

ബിജു സ്റ്റീഫന് ജന്മനാട് കണ്ണീരിൽ കുതിർന്ന യാത്രാമൊഴിയേകി. ഒരു മാസമാണ് യുകെയിൽ കഴിഞ്ഞതെങ്കിലും ബിജുവിനെ യാത്രയാക്കാൻ വൻ ജനാവലിയാണ് വെള്ളിയാഴ്ച (18/03/2022)  സ്റ്റാഫോര്‍ഡ് സെന്റ് പാട്രിക്‌സ് പള്ളിയില്‍ എത്തിയത്. തുടർന്ന് നാട്ടിലെത്തിച്ച മൃതദേഹം റാന്നി ഐത്തല സെന്റ് കുര്യാക്കോസ് പള്ളിയില്‍ വെള്ളിയാഴ്ച്ച (25/03/2022) സംസ്കരിച്ചു. ബിജുവിന്റെ അപ്രതീക്ഷിത മരണം യുകെ മലയാളികൾക്ക് വലിയ ഞെട്ടലുണ്ടാക്കിയിരുന്നു. മരണ ദിവസം മുതല്‍ ബിജുവിന്റെ കുടുംബത്തിന് കൈത്താങ്ങായി സ്റ്റാഫോര്‍ഡ് മലയാളി സമൂഹവും പ്രവാസി സുഹൃത്തുക്കളും ഒപ്പമുണ്ടായിരുന്നത് വലിയ ആശ്വാസമായി. മാതൃ ഇടവകയായ റാന്നി ഐത്തല സെന്റ് കുര്യാക്കോസ് പള്ളിയിലെ സംസ്കാര ശുശ്രൂഷകൾക്ക് മെത്രാപ്പൊലീത്ത കുര്യാക്കോസ് മാര്‍ ഇവാനിയോസ് മുഖ്യകാർമികത്വം വഹിച്ചു. ഒടുവിൽ ജനക്കൂട്ടത്തെ സാക്ഷിയാക്കി മണ്ണിലേക്ക് മടക്കം.

സംസ്കാര ശുശ്രൂഷയിൽ ഫാ. കുര്യാക്കോസ്, ഇടവക വികാരി ഫാ. ജെയ്ന്‍, ഫാ. രാജന്‍ കുളമട, ഫാ. സക്കറിയ മധുരംകോട്ട്, ഫാ. ജിജു പുത്തന്‍പുരയ്ക്കല്‍, ഫാ. എബി മുട്ടയ്ക്കല്‍ എന്നിവർ സഹകാര്‍മികരായിരുന്നു. ബിജുവിന് ആദരാഞ്ജലി അർപ്പിക്കാൻ റാന്നി എംഎല്‍എ പ്രമോദ് നാരായണനും എത്തി. കുടുംബത്തിന് എല്ലാവിധ പിന്തുണയുമായി കെപിസിസി ജനറല്‍ സെക്രട്ടറി റിങ്കു ചെറിയാനും ഉണ്ടായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് അനിത അനില്‍കുമാര്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജെസി അലക്‌സ്, പഞ്ചായത്ത് അംഗം ഷൈനി രാജീവ് എന്നിവർ അന്തിമോപചാരം അർപ്പിച്ചു.

 

വലിയ പ്രതീക്ഷകളുമായി ആഴ്ചകള്‍ക്ക് മുന്‍പ് യുകെയിൽ എത്തിയ കുടുംബം ബിജുവിന്റെ ആകസ്മിക മരണത്തിൽ തകർന്നു പോയിരുന്നു. എന്നാൽ, കുടുംബത്തെ കൈവിടാതെ ചേര്‍ത്ത് നിർത്തിയ യുകെ മലയാളികളുടെ നന്മയെ ഏവരും പ്രശംസിച്ചു. ബിജുവിന്റെ ഭാര്യ ബിനുവിന്റെയും മക്കളായ ബിന്നിയുടെയും ബിയയുടെയും കണ്ണീരിൽ നാട് സങ്കടകടലായി. വിങ്ങിപൊട്ടിനിന്ന മകനെ ബന്ധു കൂടിയായ ഫാ. കുര്യാക്കോസ് ആശ്വസിപ്പിക്കുന്ന രംഗം ചുറ്റും കൂടിനിന്നവർക്ക് വേദനയുളവാക്കുന്നതായിരുന്നു.

ഉത്തരവാദിത്തതോടെ പ്രവർത്തിച്ച സ്റ്റാഫോര്‍ഡ് മലയാളി സമൂഹത്തിലെ അംഗങ്ങളോട് കുടുംബവും ബന്ധുക്കളും നന്ദി പറഞ്ഞു. രണ്ടാഴ്ച കൊണ്ട് 6000 പൗണ്ടാണ് സ്റ്റാഫോര്‍ഡ് മലയാളി സമൂഹം സമാഹരിച്ചത്. യുകെയിലെ വിവിധ ക്‌നാനായ യാക്കോബായ സമൂഹങ്ങളുടെ പിന്തുണയോടെ സമാഹരിച്ച 7000 പൗണ്ടോളം വരുന്ന തുകയും ഫാ.ജോമോന്റെ ശ്രമഫലമായി കുടുംബത്തിന് ലഭ്യമായി. ഇതൊക്കെയും ബിജുവിന്റെ കുടുംബത്തിന് വലിയ ആശ്വാസം നൽകാൻ കാരണമാകും. ഈ ഒരുമയും പിന്തുണയുമാണ് ബ്രിട്ടീഷ് മലയാളികളെ ഏതു പ്രതിസന്ധി ഘട്ടത്തിലും ചേർത്തുനിർത്തുന്നത്.