അന്യഭാഷാ ചിത്രങ്ങള്‍ക്ക് ലഭിക്കുന്ന പരിഗണന പോലും ഒരു നല്ല ചിത്രമായിട്ടും കൂദാശയ്ക്ക് നല്‍കിയില്ലെന്ന് നടന്‍ ബാബു രാജ്. ഒരു അഭിമുഖത്തിലാണ് ചിത്രത്തിന് നേരിട്ട പ്രതിസന്ധികളെക്കുറിച്ച് അദ്ദേഹം മനസ്സുതുറന്നത്. സത്യത്തില്‍ കൂദാശയുടെ ജാതകം ശരിയായില്ലെന്ന് വേണം പറയാന്‍. ഒരോ സിനിമയ്ക്കും ഒരോ ജാതകമുണ്ട്. അതിന്റെ വിതരണത്തില്‍ പാളിച്ചകള്‍ പറ്റിയിരുന്നു. റിലീസിന് മുന്‍പ് തന്നെ അതിന്റെ ഡിസ്ട്രീബൂട്ടറെ വിളിച്ച് തിയ്യറ്റര്‍ മര്യാദയ്ക്ക് കിട്ടിയിരുന്നോ എന്ന് ചോദിച്ചതാണ്. തിയേറ്റര്‍ മര്യാദയ്ക്ക് കിട്ടിയിട്ടില്ലെങ്കില്‍ ഇറക്കേണ്ടെന്നും പറഞ്ഞതാണ്. എന്നാല്‍ അദ്ദേഹം ഒരു ഷോ രണ്ട് ഷോ മാത്രമേ തിയ്യറ്ററില്‍ വെച്ചിരുന്നുള്ളു. എത്ര വലിയ സിനിമയാണെങ്കിലും തുടര്‍ച്ചയായി തിയ്യറ്ററില്‍ കളിച്ചില്ലെങ്കില്‍ ആ ചിത്രത്തിന് പിടിച്ച് നില്‍ക്കാന്‍ സാധിക്കില്ല.
സിനിമ കാണാന്‍ വരുന്നവര്‍ ഇന്ന് ഇനി ഷോയില്ല നാളെയേ ഇനി ഷോയുള്ളവെന്ന് മനസിലാക്കുമ്പോള്‍ അവര്‍ പിന്നെ വരുമോ? സിനിമയെ ആളുകള്‍ അറിഞ്ഞ് വരുമ്പോഴേക്ക് തിയ്യറ്ററില്‍ നിന്ന് പടം പോയി. രാക്ഷസന്‍, 96 തുടങ്ങിയ അന്യഭാഷ ചിത്രങ്ങള്‍ക്ക് നല്‍കിയ അവസരം പോലും കൂദാശയ്ക്ക് കിട്ടിയില്ല. എന്നിട്ട് മലയാള സിനിമ നന്നാവണം എന്ന് പറഞ്ഞിട്ട് കാര്യമില്ല.. ഹൗസ് ഫുള്‍ കളിച്ച തിയേറ്ററുകളില്‍ പിറ്റേന്ന് പോയി നോക്കുമ്പോള്‍ സിനിമയില്ല.
വ്യക്തിപരമായി എനിക്ക് സംതൃപ്തി നല്‍കിയ കഥാപാത്രമാണ് കൂദാശയിലേത്. ഇതിന്റെ പ്രിവ്യു കണ്ട ശേഷം വാണിയും എന്നെ അഭിനന്ദിച്ചിരുന്നു. പക്ഷേ തിയ്യറ്ററില്‍ നിന്ന് ഇത്തരത്തിലൊരു അനുഭവം ഉണ്ടായപ്പോള്‍ എന്റെ ജഡ്ജ്മെന്റ് തെറ്റായിരുന്നോ എന്നെനിക്ക് തോന്നി. ജിത്തു ജോസഫ് പറഞ്ഞ പോലെ ഞാനൊക്കെ ഇമേജിന്റെ തടവറയില്‍ പെട്ടുപോയ വ്യക്തിയാണ്. ആ എനിക്ക് കിട്ടിയ മനോഹരമായ ചിത്രമായിരുന്നു കൂദാശ. ബാബുരാജ് പറഞ്ഞു.
Leave a Reply