ലോകപ്രശസ്ത ഹൃദയ ശസ്ത്രക്രിയാ വിദഗ്ധൻ ഡോ. എംഎസ് വല്യത്താൻ അന്തരിച്ചു. 90 വയസായിരുന്നു. തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയുടെ സ്ഥാപകനും സ്ഥാപക ഡയറക്ടറുമായിരുന്നു എംഎസ് വല്യത്താൻ. മണിപ്പാലിൽ വച്ചായിരുന്നു അന്ത്യം.
മണിപ്പാൽ യൂണിവേഴ്സിറ്റിയുടെ ആദ്യ വൈസ് ചാൻസിലറായിരുന്നു. രാജ്യം അദ്ദേഹത്തെ പത്മശ്രീയും പത്മവിഭൂഷണും നൽകി ആദരിച്ചിരുന്നു. ഹൃദയ ശസ്ത്രക്രിയാ മേഖലയിൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരീക്ഷണങ്ങളിലെ വിജയം ഇന്ത്യയിൽ ഹൃദയ ശസ്ത്രക്രിയാ മേഖലയിൽ വലിയ മാറ്റങ്ങളും പുരോഗതിയും സൃഷ്ടിച്ചു.
1934 ൽ മാർത്തണ്ഡവർമ്മയുടെയും ജാനകി വർമ്മയുടെയും മകനായി ബ്രിട്ടീഷ് കാലത്ത് മാവേലിക്കരയിലാണ് വല്യത്താൻ ജനിച്ചത്. ഇന്ത്യയിലെ ആരോഗ്യ സാങ്കേതികവിദ്യയ്ക്ക് നൽകിയ സംഭാവനകൾക്ക് 2005 ൽ രാജ്യം അദ്ദേഹത്തിന് പത്മവിഭൂഷൺ നൽകി ആദരിച്ചു. 1999 ൽ ഫ്രഞ്ച് സർക്കാർ ഓർഡ്രെ ഡെസ് പാംസ് അക്കാഡെമിക്സിൽ അദ്ദേഹത്തെ ഷെവലിയറാക്കി.
അന്താരാഷ്ട്ര മെഡിക്കൽ വിദ്യാഭ്യാസത്തിനുള്ള സംഭാവനകൾക്ക് 2009 ൽ ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റി മെഡിക്കൽ സ്കൂളിൽ നിന്ന് ഡോ. സാമുവൽ പി. ആസ്പർ ഇന്റർനാഷണൽ പുരസ്കാരം നേടി. തിരുവനന്തപുരം മെഡിക്കൽ കോളേജിലും ഇംഗ്ലണ്ടിലെ ലിവർപൂളിലുമാണ് അദ്ദേഹം മെഡിക്കൽ വിദ്യാഭ്യാസം നേടിയത്.
Leave a Reply