ബിജോ തോമസ് അടവിച്ചിറ

കുമളിയിൽ നിന്നു കായംകുളത്തേക്കു പോകുന്ന കെഎസ്ആർടിസി ആർപിഎം 701 ബസ് ആണ് കഥയിലെ നായകൻ. രാവിലെയും വൈകിട്ടും സർവീസ് നടത്തുന്ന ബസിൽ സ്ഥിരയാത്രക്കാർ തമ്മിൽ പരിചയം സൗഹൃദവും ഒരു വൻ കൂട്ടായ്മ്മയുമായി മാറി. ബസിന്റെ സമയവിവരം പങ്കിടാൻ അറുപതിലേറെ ആളുകൾ ചേർന്ന് വാട്സാപ് ഗ്രൂപ്പ് ഉണ്ടാക്കി. ഗ്രൂപ്പിലെ കാരണവരാണ് ചങ്ങനാശേരി സ്വദേശി ശിവൻ. മാന്നാറിൽ പലചരക്കു കടയിലെ കണക്കെഴുത്തുകാരനാണ് ഇദ്ദേഹം.

2 മാസം മുൻപ് വായ്പയെടുത്താണ് അദ്ദേഹം പുതിയ ഫോൺ വാങ്ങിയത്. ബസിന്റെ സമയം കൃത്യമായി ഗ്രൂപ്പിൽ അറിയിച്ചിരുന്നത് ശിവനാണ്. 2 ദിവസം മുൻപ് ഫോൺ കള്ളൻ കൊണ്ടുപോയതോടെ സഹയാത്രികർക്കു സ്വന്തം ഫോൺ നഷ്ടമായ സങ്കടം. പിന്നെയൊന്നും ആലോചില്ല, പുതുപുത്തനൊരു ഫോൺ വാങ്ങി ശിവൻചേട്ടന് അവർ സമ്മാനിച്ചു. സമ്മാനപ്പൊതി തുറന്ന ശിവന്റെ കണ്ണുകൾ നിറഞ്ഞപ്പോൾ സഹയാത്രികരിൽ സ്നേഹത്തിന്റെ പുഞ്ചിരി വിടർന്നു.

ബസിലെ യാത്രക്കാരനും മാവേലിക്കര രാജ രവിവർമ്മ ഫൈൻ ആർട്സ് കോളേജ് ലച്ചോർ ആയ മാമ്മൂട് സ്വദേശി ഷിജോ ജേക്കബ് സാറിന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെ ആണ് ഈ നൻമയുടെ കൂട്ടായ്മ്മ കഥ പുറം ലോകം അറിഞ്ഞത്. ഒട്ടനവധി ആര്ട്ട് എക്സിബിഷനുകൾ നടത്തി നാട്ടുകാർക്കും മലയാളികൾക്കും സുപരിചിതൻ ആണ് ഷിജോ ജേക്കബ്. മുൻപും പുള്ളിയുടെ പല ഫേസ്ബുക്ക് പോസ്റ്റുകളും ജനശ്രദ്ധ ആകർഷിച്ചിരുന്നു

ഫേസ്‍ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ

പ്രിയപ്പെട്ട പോക്കറ്റടിക്കാരാ നിനക്ക് നന്ദി.
—————————————————————-

കോടമഞ്ഞിനും ചാറ്റൽ മഴയ്ക്കുമിടയിലൂടെ RPM 701 എന്ന KSRTC ബസ് മലയിറങ്ങുകയാണ്. പതിവുപോലെ യാത്രക്കാരെയും കൊണ്ട് കായകുളം വരെ പോകേണ്ടതാണ്…

ഈ ബസിന് ഒരു മണിക്കൂർ മുൻപായി പീരുമേട്ടിൽ നിന്നും ഒരു കാർ അതിവേഗം ചങ്ങനാശ്ശേരിയിലേക്ക് ചീറിപ്പാഞ്ഞു കൊണ്ടിരിക്കുന്നു. സൗഹൃദങ്ങളെ കൊണ്ടുനടക്കുന്ന രണ്ടു മനുഷ്യരാണ് അതിനുള്ളിൽ. rpm 701 ന്റ ഡ്രൈവർ സിബിച്ചേട്ടനും ഒരിക്കൽ ഈ ബസിന്റെ എല്ലാമായിരുന്ന ഷമീറും ആണ് അതിനുള്ളിൽ….

പതിവുപോലെ കുളി കഴിഞ്ഞു, ബസ് എവിടെയെത്തി എന്നറിയാനായി മൊബൈൽ നോക്കിയപ്പോൾ ഷമീറിന്റ രണ്ടു മിസ്ഡ് കാൾ കിടക്കുന്നു. വിളി പതിവുള്ളതല്ല. ഞാൻ തിരിച്ചു വിളിച്ചു.

“ഷമീർ, എവിടാ….”

“ഞാൻ മാമ്മൂട് ബസ് സ്റ്റോപ്പിൽ ഉണ്ട് സാറേ… ”
“അവിടെ നിൽക്കാതെ വീട്ടിലേക്കു വരൂ…. ”

ഷമീർ വീട്ടിൽ എത്തി. അപ്പോഴാണ് ഇവരുടെ കാർ യാത്രയും ഷമീർ മാമ്മൂട്ടിൽ ഇറങ്ങിയ കാര്യവുമൊക്കെ അറിയുന്നത്…. ഒരു ചൂട് ചായക്ക്‌ ശേഷം ഞങ്ങൾ ബസ് സ്റ്റോപ്പിലെത്തി. ഷമീറിനെ മാമ്മൂട്ടിൽ കണ്ട് അന്ധാളിച്ചു റെജി സാർ. 7.50 കഴിഞ്ഞപ്പോൾ ചങ്ക് ബസ് വന്നു. ഞങ്ങൾ അതിൽ കയറി.

എനിക്ക് വേണ്ടി സീറ്റ് ഒഴിഞ്ഞു മാറി തന്നു വർഗീസ്. ഞാൻ എന്റ സ്ഥിരം സീറ്റിൽ ഇരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ മോഹൻ ചേട്ടൻ പറഞ്ഞു, സാറിനെ പരിചയപ്പെടാനായി ഒരാൾ വരുന്നുണ്ടെന്ന്. അതാരപ്പാ എന്നെ പരിചയപ്പെടാൻ വരുന്നത്. സന്ദേഹത്തോടെ ഞാൻ ഇരുന്നു. ആൻസി ടീച്ചർ മുന്നിലിരുന്നു ചിരിക്കുന്നത് എനിക്ക് കാണാം. അതാ വരുന്നു മഞ്ഞ സാരിയൊക്കെ ചുറ്റി വളരെ പ്രസരിപ്പോടെ, സ്റ്റൈലിഷ് ആയി ചിരിച്ചുകൊണ്ട് ഒരു മഹിളാരത്നം. ടീച്ചറിന്റ ഭാഷയിൽ പറഞ്ഞാൽ വാക്കുകൾ കൊണ്ട് മാത്രം അറിഞ്ഞിട്ടുള്ള, കണ്ടിട്ടുള്ള, കേട്ടിട്ടുള്ള ഞങ്ങളുടെ വാട്സ്ആപ് ഗ്രൂപ്പ് അഡ്മിൻ ആഷ ടീച്ചർ. ശരിക്കും ഇരിക്കുന്നിടത്തു നിന്നും എഴുന്നേറ്റ് ടീച്ചറിനെ ബഹുമാനിക്കണമെന്നു തോന്നി. പക്ഷെ നടന്നില്ല….

അല്ല, ടീച്ചർ എന്തെ കറുകച്ചാലിൽ ഇറങ്ങാഞ്ഞത്? മല്ലപ്പള്ളിയ്ക്ക് പോകേണ്ട ആൻസി ടീച്ചർ എന്താണ് വീണ്ടും ഈ ബസിൽ? ആമിയും സംഗീത ടീച്ചറുമൊക്കെ വളരെ സന്തോഷത്തിലാണല്ലോ? മുന്നിലിരിക്കുന്ന സനൽ സാർ ഇന്ന് പുറകിലാണല്ലോ? അതാ ശിവൻ ചേട്ടൻ കുരിശുമൂട്ടിൽ നിന്നും ബസിൽ കയറുന്നു. എന്നും പുറകിലത്തെ വാതിലിലൂടെ കയറുന്ന ശിവൻ ചേട്ടൻ ഇന്ന് മുൻവാതിലിലൂടെ കയറുന്നു. ഈ മനുഷ്യനിതെന്നാ പറ്റി? സിബിച്ചേട്ടനും കുരിശുംമൂട്ടിൽ നിന്ന് ബസിൽ കയറി. ആഷ ടീച്ചർ എല്ലാവരെയും പരിചയപ്പെടുന്നു. സ്ഥിരം യാത്രക്കാർ അല്ലാത്തവർ അല്പം സംശയത്തോടെയും ലേശം ഇഷ്ടക്കേടോടും കൂടി നോക്കുന്നു. ഒന്നും പിടികിട്ടാതെ സോണി സാറും. ആകെ മൊത്തത്തിൽ കൺഫ്യൂഷൻ….

എല്ലാവരും സന്തോഷത്തിൽ ആണ്. ചിരിയും ബഹളവുമൊക്കെ ആയി….

ചങ്ങനാശ്ശേരി നിന്നു ബിന്ദു ടീച്ചറും മറ്റും കയറി. സ്റ്റാൻഡിൽ നിന്നും പുറപ്പെട്ട ബസ് NSS കോളേജിന്റ് മുന്നിൽ ഒതുക്കി നിർത്തി. ആരേലും കയറാനുണ്ടോ? ഇല്ലല്ലോ… പെട്ടെന്ന് ബസിൽ നിന്നും ഗ്രൂപ്പ് അംഗങ്ങൾ ചാടിയിറങ്ങി. കാര്യമറിയാതെ ശിവൻ ചേട്ടനും….. ചില അംഗങ്ങൾക്കും എന്താണ് കാര്യമെന്ന് മനസ്സിലായില്ല. മറ്റു യാത്രക്കാർ അന്തം വിട്ട് നോക്കുന്നു….. വണ്ടി ബ്രേക്ക് ഡൗൺ ആയോ ? ഇന്നത്തെ ദിവസം നശിപ്പിച്ചു…. ചിലരെങ്കിലും മനസ്സിൽ പറഞ്ഞു കാണും….

ഞങ്ങളുടെ കൂട്ടത്തിൽ നിന്നും പെട്ടെന്ന് ആഷാ ടീച്ചർ മുൻപോട്ട് വന്ന് ശിവൻ ചേട്ടന് ഒരു ഗിഫ്റ്റ് പാക്കറ്റ് കൊടുക്കുന്നു. ഞങ്ങളുടെ കൈയടിക്കിടയിൽ കാര്യം മനസ്സിലാകാതെ, അന്തം വിട്ട് ശിവൻ ചേട്ടൻ നിന്നു…

“ഇന്നെന്താ ബർത്ത് ഡേ ആണോ? ”
വണ്ടിക്കുള്ളിൽ നിന്നും ആരോ വിളിച്ചു ചോദിച്ചു.

“അല്ല ചേട്ടാ, അതിലും വലിയൊരു ഡേ…. ”

” ശിവൻ ചേട്ടോ, പൊതി അഴിച്ചു നോക്കിക്കെ ”

ശിവൻ ചേട്ടൻ മെല്ലെ വർണക്കടലാസുകൾ മാറ്റി നോക്കി. ഒരു പുത്തൻ മൊബൈൽ…. Redmi Note 7S…..ശിവൻ ചേട്ടന്റ കണ്ണ് നിറഞ്ഞു.. സന്തോഷത്തിന്റ അശ്രു ബിന്ദുക്കൾ… അതിൽ സങ്കടത്തിന്റ ഒരു തിരയുണ്ടായിരുന്നു……

“ഷമീർ സാർ… എന്റ മൈബൈൽ പോക്കറ്റടിച്ചു പോയി…..”

ശിവൻ ചേട്ടൻ കരച്ചിലിന്റ് വക്കത്തായിരുന്നു. പുതിയ മൊബൈൽ. വാങ്ങിയിട്ട് രണ്ടു മാസം പോലും ആയിട്ടില്ല. രാത്രിയിൽ ചങ്ങനാശ്ശേരിയിൽ വച്ച് പോക്കറ്റടിച്ചു പോയി. ശിവൻ ചേട്ടന്റ മൊബൈൽ ഞങ്ങളുടെയും പ്രിയപ്പെട്ട മൊബൈൽ ആയിരുന്നു. രാവിലെയും വൈകുന്നേരവും വളരെ കൃത്യമായി കായകുളം, മാവേലിക്കര ബസുകളുടെ സമയം അതിലൂടെ ഞങ്ങൾ അറിഞ്ഞു കൊണ്ടിരുന്നു. ചങ്ക് ബസ് ഗ്രൂപിലെ സ്നേഹസമ്പന്നനായ മനുഷ്യൻ. എന്ത് സഹായവും ആർക്കും എപ്പോൾ വേണമെങ്കിലും ചെയ്യാൻ മനസ്സുള്ളോരു മനുഷ്യൻ. ആ മനുഷ്യന്റ നഷ്ടം ഞങ്ങളുടെയും നഷ്ടമായിരുന്നു. ഒരു പാവം മനുഷ്യൻ. കണ്ണീച്ചോരയില്ലാത്ത ഒരു കള്ളൻ…

പക്ഷെ വിട്ടു കൊടുക്കാൻ ഞങ്ങൾ തയ്യാറായിരുന്നില്ല. ഗ്രൂപ്പിലെ കുറച്ചുപേർ വ്യക്തിപരമായി ചർച്ച ചെയ്തു. ഗ്രൂപ്പിൽ ചർച്ച ചെയ്താൽ ശിവൻ ചേട്ടൻ അറിയാൻ ഇടയുണ്ടെന്ന് അറിയാം. അത് കൊണ്ട് ഗ്രൂപ്പിൽ ചർച്ച ചയ്തില്ല. ശിവൻ ചേട്ടനൊരു പുതിയ ഫോൺ വാങ്ങി കൊടുക്കണമെന്ന് ഞങ്ങൾ തീരുമാനിച്ചു.. എല്ലാം പെട്ടെന്നായിരുന്നു. അണിയറയിൽ തിരക്കിട്ട പ്രവർത്തനങ്ങൾ… നഷ്ടപ്പെട്ടു പോയ redmi 6 തന്നെ വാങ്ങാനായി സിബിച്ചേട്ടനും ഷമീറും മുണ്ടക്കയത്തും കാഞ്ഞിരപ്പള്ളിയിലും അലഞ്ഞു. കിട്ടിയില്ല. അവസാനം redmi note 7 കാഞ്ഞിരപ്പള്ളിയിൽ നിന്നും വാങ്ങി. അതുമായി അഡ്‌മിന്റ വീട്ടിലേക്ക്. വർണ്ണക്കടലാസിനുള്ളിൽ ഒരു സ്നേഹ സമ്മാനം. പിന്നെയെല്ലാം ഒരു തിരക്കഥ പോലെ….

എല്ലാവർക്കും ഇന്നു സന്തോഷത്തിന്റ ദിവസമായിരുന്നു. സൗഹൃദത്തിന്റ, കൂട്ടായ്മയുടെ, സ്നേഹത്തിന്റ, നന്മയുടെ ദിവസം…. ബസ് നീങ്ങിത്തുടങ്ങി. ആഷ ടീച്ചറും, ആൻസി ടീച്ചറും, സിബിച്ചേട്ടനും ഷമീറും തിരികെ കറുകച്ചാലിലേക്ക്… ഞങ്ങൾ മാവേലിക്കരയിലേക്കും. എല്ലാവരുടെയും ഉള്ളിൽ സന്തോഷത്തിന്റ വേലിയേറ്റം അലയടിച്ചു കൊണ്ടിരുന്നു… ശിവൻ ചേട്ടന്റ കണ്ണുകൾ ഇപ്പോഴും നിറഞ്ഞു തുളുമ്പിയിരിക്കുന്നു….

ഈ സൗഹൃദ കൂട്ടായ്‌മയിലേക്ക് രാവിലെ തന്നെ എത്താമെന്ന് പറഞെങ്കിലും ബസില്ലാതിരുന്നതിനാൽ എത്തിപ്പെടാൻ പറ്റാഞ്ഞതിന്റ വിഷമവുമായി കൊച്ചു ഡോക്ടർ വെങ്ങലിൽ നിന്നും ബസ് കയറി. വരാഞ്ഞതിനെ കുറിച്ച് തമാശയിൽ ഒളിപ്പിച്ച ചോദ്യവുമായി മോഹനൻ ചേട്ടൻ ചോദിച്ചപ്പോൾ ഡോക്ടർക്ക് പിടിച്ചു നിൽക്കാനായില്ല. പൊട്ടിക്കരഞ്ഞു ഡോക്ടർ…. അത് കണ്ടു വിഷണ്ണനായി കണ്ടക്ടർ മോഹനൻ ചേട്ടൻ…. ആര് ആരെ ആശ്വസിപ്പിക്കും…..

സന്തോഷത്തിന്റ ഈ കനം എനിക്ക് താങ്ങാൻ പറ്റുന്നില്ല…. ഞാൻ പുറത്തേക്കു നോക്കി… മഴമേഘങ്ങൾ ഖനീഭവിച്ചു നിൽക്കുന്നു…. പെയ്യുമോ ആവോ….

ഞാൻ ആ കള്ളനെ ഓർത്തു. മൈബൈൽ ഫോൺ മോഷ്ടിച്ച കള്ളൻ ആരായിരിക്കും? ഗതികേട് കൊണ്ട് മോഷ്ടിച്ചതായിരിക്കുമോ…? ആർക്കറിയാം…. ചങ്ങനാശ്ശേരിയിലെ ഇരുട്ടിന്റ വെളിച്ചത്തിൽ ശിവൻ ചേട്ടന്റ പോക്കറ്റിലേക്ക് നീട്ടിയ നിന്റ കൈകൾ ഒരിക്കലെങ്കിലും വെളിച്ചത്തു നോക്കണം. എത്രയോ മനുഷ്യരുടെ സങ്കടത്തിന്റ കറ ആ കൈകളിൽ ഉണ്ടാവും….

എന്നാലും ഞങ്ങൾക്ക് നിന്നോട് പ്രശ്നമില്ല. കാരണം നീ മൂലം ചോരശാസ്ത്രത്തിൽ നന്മയുടെ ഒരേട്‌ ഇന്ന് ചേർക്കപ്പെട്ടു. ചോരന്മാരിൽ നീ വ്യത്യസ്തൻ. സന്തോഷത്തിന്റ, സഹവർത്തിത്വത്തിന്റ ഒരു നല്ല ദിവസം ഇന്ന് ഞങ്ങൾ അനുഭവിച്ചത് നീ മൂലമാണ്. മനുഷ്യ മനസുകളിൽ നന്മയുടെ ഉറവ വറ്റിയിട്ടില്ലെന്ന് ഞങ്ങൾ തിരിച്ചറിഞ്ഞതിനും നീയാണ് കാരണക്കാരൻ…

അതുകൊണ്ട്, ഒരിക്കലും മറക്കാത്ത നല്ലൊരു ദിവസം ഞങ്ങൾക്ക് സമ്മാനിച്ച പ്രിയപ്പെട്ട പോക്കറ്റടിക്കാരാ നിനക്കു നന്ദി…. നന്ദി….. ഒരായിരം നന്ദി.

————– ഷിജോ ജേക്കബ്
26 ജൂൺ 2019

കുറിപ്പ്: ഈ ഒത്തൊരുമയിൽ പങ്കാളികളായ ഒരുപാടു പേരുണ്ട്. ആരുടെയെങ്കിലും പേര് വിട്ടു പോയാലോ എന്ന ഭയത്താൽ പേരുകൾ എഴുതുന്നില്ല. എങ്കിലും കുറഞ്ഞ സമയത്തിനുള്ളിൽ ഇത് പ്രാവർത്തികമാക്കാൻ പ്രവർത്തിച്ച ചിലരെ പരാമര്ശിക്കാതിരിക്കാൻ വയ്യ. ആഷ ടീച്ചർ, ആൻസി ടീച്ചർ, ഷമീർ, സിബിച്ചേട്ടൻ… നിങ്ങളുടെ സമയോചിതവും ആല്മാര്തവുമായ പ്രവർത്തനം പ്രശംസയർഹിക്കുന്നു. പെട്ടെന്നായതുകൊണ്ടും അറിയിക്കാൻ പറ്റാതിരുന്നതുകൊണ്ടും സഹകരിക്കാൻ സാധിക്കാഞ്ഞ പലരുമുണ്ട്. അവരും നമ്മോടൊപ്പമുണ്ട്. ശിവൻ ചേട്ടന്റ കാര്യം കേട്ടറിഞ്ഞു, ഇന്നലെ രാത്രിയിൽ എന്റ വീട്ടിൽ ഓടിക്കേറി വന്നു ഇതിൽ സഹകരിച്ച ഭാഗ്യലക്ഷ്മി മിസ്സിനെയും ഓർക്കുന്നു. പിന്നെ എല്ലാവരും…… എല്ലാവരും ചങ്കിലുണ്ട്…….