കോട്ടയം ∙ കേരള കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ പി.ജെ.ജോസഫ് എംഎൽഎയുടെ മകൻ ജോമോൻ ജോസഫിന്റെ (ജോക്കുട്ടൻ–34) ദീപ്തമായ ഓർമകൾ പങ്കുവച്ചു കൊണ്ട് മൂത്തസഹോദരൻ അപു ജോൺ ജോസഫ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ഹൃദയം തൊടുന്ന കുറിപ്പ് ചർച്ചയാകുന്നു. ‘ഞങ്ങളുടെ വൈകി ജനിച്ച കുഞ്ഞനുജന്’ എന്ന ശീർഷകത്തിൽ എഴുതിയ കുറിപ്പിൽ ജോക്കുട്ടനുമൊത്തുള്ള നല്ല നിമിഷങ്ങളും വൈകാരിക സംഘർഷങ്ങളുമെല്ലാം കുറിച്ചിടുന്നു.

‘ഞാൻ ഒമ്പതാം ക്ലാസിലേക്കു കയറുന്നതിനു തൊട്ടു മുമ്പുള്ള വലിയ അവധി സമയത്തായിരുന്നു ജോക്കുട്ടൻ ജനിക്കുന്നത്. അമ്മയ്ക്ക് 43 വയസുള്ളപ്പോഴാണ് അവനെ ഗർഭം ധരിക്കുന്നത്. അതുകൊണ്ട് തന്നെ പ്രശ്നങ്ങൾ ഉണ്ടാകാമെന്നും ഡൗണ്‍ സിൻഡ്രോം ഉള്ള കുട്ടിയായിരിക്കാം എന്നും ഒരു ഗൈനക്കോളജിസ്റ്റുകൂടിയായ അമ്മക്ക് ആശങ്കയുണ്ടായിരുന്നു. സ്കാൻ നടത്തുവാൻ ആലോചിച്ചിരുന്നുവെങ്കിലും ദൈവ നിശ്ചയം വേറൊന്നായി’– അപു പറയുന്നു.

എല്ലാവരോടും സ്നേഹത്തോടെ പെരുമാറുന്നവനും സ്നേഹം പ്രകടിപ്പിക്കുന്നതിൽ ഒരു പിശുക്കും കാണിക്കാത്തവനുമായിരുന്നു ജോക്കുട്ടൻ. അതേപോലെ തന്നെ ദേഷ്യം തോന്നിയാൽ ഒച്ചവക്കാനും അടി കൊടുക്കാനും ഒരു പിശുക്കും അവൻ കാണിച്ചിട്ടില്ല. വളരെ താമസിച്ചു ജനിക്കുന്ന ഇളയ കുട്ടിയുടെ മനസ്സിൽ ഉണ്ടാകുന്ന സംഘർഷങ്ങളും വിഷമതകളും അടയാളപ്പെടുത്തിയും വൈകാരിക മുഹുർത്തങ്ങൾ ഓർത്തെഴുതിയുമാണ് അപു കുറിപ്പ് അവസാനിപ്പിക്കുന്നത്.

അപു ജോൺ ജോസഫിന്റെ കുറിപ്പിന്റെ പൂർണരൂപം

ജോക്കുട്ടൻ ജനിക്കുന്നത് ഞാൻ ഒമ്പതാം ക്ലാസിലേക്ക് കയറുന്നതിനു തൊട്ടു മുമ്പുള്ള വലിയ അവധി സമയത്തായിരുന്നു. അമ്മയ്ക്ക് 43 വയസ്സുള്ളപ്പോഴാണ് അവനെ ഗർഭം ധരിക്കുന്നത്. അതുകൊണ്ടു തന്നെ പ്രശ്നങ്ങൾ ഉണ്ടാകാമെന്നും ഡൗണ്‍ സിൻഡ്രോം ഉള്ള കുട്ടിയായിരിക്കാം എന്നും ഒരു ഗൈനക്കോളജിസ്റ്റുകൂടിയായ അമ്മയ്ക്ക് ആശങ്കയുണ്ടായിരുന്നു. സ്കാൻ നടത്തുവാൻ ആലോചിച്ചിരുന്നുവെങ്കിലും ദൈവ നിശ്ചയം വേറൊന്നായി. അങ്ങനെ 1986 മേയ് 27ന് അവൻ ജനിച്ചു. അപ്പോഴേ അമ്മയ്ക്കറിയാമായിരുന്നു അവന്റെ അവസ്ഥ.

ഡോക്ടർമാർ അന്നു പറഞ്ഞത് അവൻ ഏഴു വയസിനു മുകളിൽ ജീവിക്കില്ല എന്നാണ്. അപ്പച്ചനോടോ ഞങ്ങൾ മറ്റ് സഹോദരങ്ങളോടോ അന്ന് അത് പറഞ്ഞതുമില്ല. Tetralogy of Fallot എന്നാണ് അവന്റെ ഹൃദ്രോഗത്തിന്റെ പേര്. പന്ത്രണ്ട് വയസ്സാണ് ഇങ്ങനെയുള്ള കുട്ടികളുടെ ശരാശരി ആയുസ്സ്. സർജറി വഴി മാറ്റാമെങ്കിലും അത് ചെയ്യാൻ അവന്റെ ആരോഗ്യ സ്ഥിതി അനുവദിച്ചതുമില്ല.

ജോക്കുട്ടൻ ജനിച്ച് ഒരാഴ്ച കഴിഞ്ഞ് സ്കൂൾ തുറന്നു. പതിനാലു വയസ്സുള്ള, കൗമാരക്കാരനായ, സ്കൂളിലെ മറ്റു പെൺകുട്ടികളോട് പ്രേമം തോന്നിത്തുടങ്ങുന്ന പ്രായത്തിലായിരുന്ന ഞാൻ ലേശം ചമ്മലോടെയാണ് ആദ്യ ദിവസം സ്കൂളിൽ ചെന്നത്. പക്ഷേ പ്രതീക്ഷിച്ച പോലെ വലിയ കമന്റുകളോ പ്രതികരണങ്ങളോ ഒന്നും വന്നില്ല. ആ സമയത്ത് തന്നെയാണ് അപ്പച്ചന്റെ നേരെ ഇളയ പെങ്ങൾ എൽസിയാന്റി Anatoly Aleksin എന്ന റഷ്യൻ സാഹിത്യകാരന്റെ A late-born child എന്ന നോവലിന്റെ മലയാള വിവർത്തനമായ “വൈകി ജനിച്ച കുഞ്ഞനുജൻ” എനിക്കു സമ്മാനമായി നൽകിയത്. കഥ പക്ഷേ, ഞാൻ മറന്നു പോയി. വളരെ താമസിച്ചു ജനിക്കുന്ന ഇളയ കുട്ടിയുടെ മനസ്സിൽ ഉണ്ടാകുന്ന സംഘർഷങ്ങളും വിഷമതകളുമായിരുന്നു ആ നോവലിന്റെ ഇതിവൃത്തം എന്ന് മാത്രം ഓർക്കുന്നു.

ഒരു സാധാരണ കുഞ്ഞിനെപ്പോലെ ജോക്കുട്ടൻ പുറപ്പുഴ വീട്ടിൽ വളർന്നു വന്നു. ഡൗണ്‍ സിൻഡ്രോം ഉള്ള കുട്ടിയാണന്നോ ഹൃദയത്തിന് തകരാറുണ്ടന്നോ ഞങ്ങൾക്കാർക്കും അറിയില്ലായിരുന്നു. സ്കൂൾ വിട്ട് വീട്ടിൽ വന്നാൽ ജോക്കുട്ടനെയുമെടുത്ത് മുറ്റത്തോടെയും പറമ്പിലുടെയും നടക്കുമായിരുന്നു. അവന് അത് വളരെ ഇഷ്ടവുമായിരുന്നു. ഒരു വയസ് കഴിഞ്ഞിട്ടും അവൻ പിടിച്ചു പോലും നിൽക്കില്ലായിരുന്നു. ആ പ്രായത്തിലുള്ള കുട്ടികളുടെ വളർച്ചയും അവനില്ലായിരുന്നു. ആ സമയത്താണ് അമ്മ കാര്യങ്ങൾ ഞങ്ങളോട് പറയുന്നത്. ഒന്നര വയസുള്ളപ്പോൾ അവന് അസുഖം മൂർച്ഛിച്ചു. ഏതാണ്ട് കോമ അവസ്ഥയിൽ രണ്ടാഴ്ചയോളം കോലഞ്ചേരി ആശുപത്രിയിൽ അവൻ കിടന്നു. എന്നാൽ ഒരു ‘മിറക്കിൾ’ പോലെ, ഉറക്കം എഴുന്നേൽക്കുന്നപോലെ, അവൻ തിരിച്ചു വന്നു! പിന്നീട് ഇരുപതാം വയസ്സിലും ഇതേ അവസ്ഥ വന്നു. അന്നും എല്ലാവരെയും അദ്ഭുതപ്പെടുത്തി അവൻ ജീവിതത്തിലേക്ക് തിരികെ നടന്നുകയറി.

നാലു വയസ്സിനുശേഷമാണ് ജോക്കുട്ടൻ നടന്നു തുടങ്ങിയത്. ആദ്യമായി അവൻ കൈവിട്ടു വേച്ചു വേച്ചു നടന്നത് അന്ന് വീട്ടിൽ വലിയ ആഘോഷമായിരുന്നു. ആദ്യ വാക്കുകൾ അവൻ പറഞ്ഞു തുടങ്ങിയപ്പോൾ അതിലും ആഘോഷം. അവന്റെ ഓരോ വളർച്ചയും ഞങ്ങൾക്കെല്ലാം ആനന്ദം പകരുന്നതും അവൻ ഒരു സാധാരണ കുട്ടിയുടെ രീതിയിലേക്ക് വരുമെന്ന് പ്രതീക്ഷ നൽകുന്നതുമായിരുന്നു.

പത്താം ക്ലാസ് കഴിഞ്ഞ് പ്രീഡിഗ്രി ഞാൻ തേവര സേക്രട്ട് ഹാർട്‌സിലാണ് ചെയ്തത്. ആ സമയത്ത് വീട്ടിൽ അധിക‌നാൾ നിന്നിട്ടില്ല. അതിന് ശേഷം എൻജിനിയറിങ് പഠനവും. ആ സമയത്ത് തന്നെ ഇളയ പെങ്ങളും അനുജനും പഠനത്തിനായി പുറപ്പുഴ വിട്ടു. ഞങ്ങൾ മൂത്ത മൂന്നു പേരും വീട്ടിൽനിന്നും മാറി നിന്ന സമയത്താണ് ജോക്കുട്ടൻ പുറപ്പുഴയിൽ അവന്റെ സാമ്രാജ്യം കെട്ടിപ്പടുത്തത്. അവിടെ അവൻ ചക്രവർത്തിയായിരുന്നു. അവന്റെ മുഖ്യമന്ത്രി വീട്ടിൽ പാചകം ചെയ്തിരുന്ന കുഞ്ഞികൊച്ച് എന്ന് വിളിച്ചിരുന്ന ദേവകിയും. കുഞ്ഞികൊച്ചിനു മക്കളില്ലായിരുന്നു. സ്വന്തം മകനെ പോലെയാണു ജോക്കുട്ടനെ അവർ നോക്കിയിരുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മന്ത്രിയായിരുന്നപ്പോഴും അല്ലാത്തപ്പോഴും അപ്പച്ചന്റെ പഴ്സനൽ സ്റ്റാഫിലുണ്ടായിരുന്ന എല്ലാവരുമായും ജോക്കുട്ടന് പ്രത്യേക അടുപ്പമായിരുന്നു. ജെയ്സൺ, ഫിലിപ്പ്, പ്രേമൻ, സുധീഷ്, അജി, ജസ്റ്റിൻ, ജോസ് കുമാർ, ജോയിക്കുട്ടി, സലിം, ഷാജി, ബ്ലേസ്, ബാബു, ദിനേശ് തുടങ്ങിയവരും, മേരി, അമ്മിണി, വിലാസിനി, പെണ്ണി, കുഞ്ഞു റോത ചേടത്തി തുടങ്ങിയവരും അവന്റെ അടുത്ത സിൽബന്ധികളായിരുന്നു. കുഞ്ഞികൊച്ചും ഫിലിപ്പും പ്രേമനും ഇന്ന് ജീവിച്ചിരിപ്പില്ല. അവന്റെ കസിൻസിൽ അവന് ഏറ്റവും അടുപ്പം നീന ചേച്ചിയോടായിരുന്നു.

പ്രതീക്ഷാ ഭവൻ എന്ന സ്പെഷൽ സ്കൂളിലാണ് ജോക്കുട്ടൻ പോയിരുന്നത്. ആ സ്കൂളിലെ സിസ്റ്റർമാർ അവന് എന്നും പ്രിയപ്പെട്ടവരായിരുന്നു. അവർക്ക് അവനും. വല്ലപ്പോഴും അവന്റെ സ്കൂളിൽ പോകുമ്പോൾ എന്നെ കൈപിടിച്ച് നിർബന്ധിച്ച് കൊണ്ടുപോയി സിസ്റ്റർമാരെയും അവന്റെ കൂട്ടുകാരെയും പരിചയപ്പെടുത്തുമായിരുന്നു. ചില കാര്യങ്ങളിൽ അസാധാരണമായ ഓർമശക്തി അവനുണ്ടായിരുന്നു. അകന്ന ബന്ധുക്കളുടെ വരെ പേരുകൾ, സീരിയലുകളുടെ കഥ, നേരത്തെ പറഞ്ഞ സിൽബന്ധികളുടെ വീട്ടിലെ ആളുകളുടെ പേര് ഇങ്ങനെ ഉദാഹരണങ്ങൾ പലതാണ്.

പാട്ട് അവന് ഹരമായിരുന്നു. ചെറുപ്പത്തിൽ അവന് ഒരു ടേപ്പ് റിക്കാർഡർ ഉണ്ടായിരുന്നു. ദേ മാവേലി കൊമ്പത്ത് എന്ന മിമിക്രിയായിരുന്നു അന്ന് അവന്റെ ഫേവറേറ്റ് കാസെറ്റ്. പിൽക്കാലത്ത് സീരിയലുകളും സിനിമകളുമായി. എപ്പിസോഡ് മിസ്സാകുന്ന അമ്മയും ആന്റിമാരും ഫോൺ വിളിച്ച് വരെ അവനോട് കഥ ചോദിക്കുമായിരുന്നു. ഭക്ഷണമായിരുന്നു മറ്റൊരു വീക്ക്നസ് . പൊറോട്ട ബീഫ്, ഡോനട്ട്, ബിരിയാണി, മൈസൂർപാ തുടങ്ങിയവയായിരുന്നു ഇഷ്ടപ്പെട്ട ഭക്ഷണം. വീട്ടിൽ ഏറ്റവും കൂടുതൽ ഗിഫ്റ്റ് കിട്ടുന്നതും ജോക്കുട്ടനായിരുന്നു. വിദേശത്തും നാട്ടിലുമുള്ള അടുത്ത ബന്ധുക്കൾ എവിടെ യാത്ര പോയി വന്നാലും അവന് ധാരാളം സമ്മാനങ്ങൾ വാങ്ങുമായിരുന്നു.

എല്ലാവരോടും സ്നേഹത്തോടെ പെരുമാറുന്നവനും സ്നേഹം പ്രകടിപ്പിക്കുന്നതിൽ ഒരു പിശുക്കും കാണിക്കാത്തവനുമായിരുന്നു ജോക്കുട്ടൻ. അതേ പോലെ തന്നെ ദേഷ്യം തോന്നിയാൽ ഒച്ചവക്കാനും അടി കൊടുക്കാനും ഒരു പിശുക്കും അവൻ കാണിച്ചിട്ടില്ല. അവന്റെ അടി കൊള്ളാത്ത വളരെ ചുരുക്കം ആളുകളെ അവിടെ ഉണ്ടായിരുന്നുള്ളൂ. അടിയെന്നു പറഞ്ഞാൽ അതൊരൊന്നൊന്നര അടിയാണ്. ഞാനും കൊണ്ടിട്ടുണ്ട്. അവന്റെ ദിനചര്യകൾ സ്വിച്ചിട്ട പോലായിരുന്നു. അത് തെറ്റിയാൽ അവൻ അസ്വസ്ഥനാകുമായിരുന്നു.

ആരോടും പറഞ്ഞില്ലങ്കിലും അമ്മയുടെ മനസ്സിൽ അവൻ എന്നും ഒരു നൊമ്പരമായിരുന്നു. അപ്പച്ചന്റെയും അമ്മയുടെയും കാലം കഴിഞ്ഞാൽ ജോക്കുട്ടന്റെ കാര്യമെന്താകും എന്ന് അമ്മയ്ക്ക് തീർച്ചയായും ആശങ്കയും ഉത്കണ്ഠയും ഉണ്ടായിരുന്നു. മൂത്ത പുത്രനെന്ന നിലയിൽ മാതാപിതാക്കളുടെ കാലം കഴിഞ്ഞാൽ അവന്റെ ഉത്തരവാദിത്തം എനിക്കാണന്ന് ഞാൻ സ്വയം തീരുമാനിച്ചിരുന്നു.

ഏതായാലും അമ്മയെയും ഞങ്ങളാരെയും വിഷമിപ്പിക്കാതെ ആർക്കും ഒരു ബുദ്ധിമുട്ടുമുണ്ടാക്കാതെ അവൻ കടന്നു പോയി! സ്വർഗത്തിൽ അവന്റെ പ്രിയപ്പെട്ട കുഞ്ഞിക്കൊച്ചിനോടും പ്രേമനോടും ഫിലിപ്പിനോടുമൊപ്പം അവൻ കാണാത്ത അവന്റെ മുതുമുത്തച്ചന്മാർക്കും മുത്തശ്ശിമാർക്കുമൊപ്പം മരിച്ചു പോയ മറ്റ് അങ്കിൾമാരോടും ആന്റിമാരോടുമൊപ്പം സന്തോഷത്തോടെ, ഭൂമിയിലുള്ള ഞങ്ങൾക്കെല്ലാം കാവൽ മാലാഖയായി അവനുണ്ടാകും. തീർച്ച!!!

അവന്റെ വീതത്തിലുള്ള കുടുംബ സ്വത്ത് വച്ച് അപ്പച്ചൻ തുടങ്ങിയതാണ് ജോക്കുട്ടന്റെ പേരിലുള്ള ട്രസ്റ്റ്. കഴിഞ്ഞ ഒരു വർഷം തൊടുപുഴയിലുള്ള 850 ഓളം നിർധനരായ കിടപ്പു രോഗികളെ സഹായിക്കുവാൻ സാധിച്ചു. ചില സുഹൃത്തുക്കളുടെ സഹായവും ലഭിച്ചിരുന്നു. തുടർന്നും ചെയ്യുവാനുള്ള ശ്രമങ്ങൾ നടക്കുന്നു. രണ്ട് പഞ്ചായത്തുകൾക്ക് സ്പോൺസേഴ്സിനെ ലഭിച്ചു. അതിൽ ഒരു പഞ്ചായത്തിൽ വീണ്ടും സഹായം ലഭ്യമാക്കിത്തുടങ്ങി. തീർച്ചയായും ബാക്കി സ്ഥലങ്ങൾ കൂടി വീണ്ടും തുടങ്ങുവാൻ സാധിക്കും എന്ന് ഉറച്ച് വിശ്വസിക്കുന്നു. ദൈവത്തിന് ജോക്കുട്ടനെക്കുറിച്ച് ഒരു വലിയ പദ്ധതിയുണ്ടായിരുന്നു. അവന്റെ ജന്മം നിരാലംബരായ ചിലരുടെയെങ്കിലും ജീവിതത്തിൽ ആശ്വാസമെത്തിക്കുവാൻ കാരണമായി എന്നത് ഞങ്ങളുടെ കുടുംബത്തിന് ലഭിക്കുന്ന ഏറ്റവും വലിയ ദൈവാനുഗ്രഹമാണ്.

ഇതിലൂടെ അവൻ എന്നെന്നും ജീവിക്കും:

ഞങ്ങളുടെ “വൈകി ജനിച്ച കുഞ്ഞനുജൻ”

ജോക്കുട്ടന്റെ ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കുകയും ഞങ്ങളുടെ ദുഖത്തിൽ പങ്കു ചേരുകയും അവന് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്ത എല്ലാവരെയും നന്ദിയോടെ ഓർക്കുന്നു.