ബൈക്കപകടത്തിൽ മരിച്ച നെല്ലിക്കോട് സ്വദേശി വിഷ്ണുവിന്റെ(23) ഹൃദയം ഇനി മടവൂർ ചക്കാലക്കൽ കെ.പി. സിദ്ദീഖ് – ഷെറീന ദമ്പതികളുടെ മകൾ ഫിനു ഷെറിനിൽ മിടിക്കും. 4 മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്കൊടുവിലാണ് വിഷ്ണുവിന്റെ ഹൃദയം മെട്രോ കാർഡിയാക് സെന്ററിൽ ഫിനുവിന്റെ ശരീരത്തിൽ വച്ചു പിടിപ്പിച്ചത്. ഒരു കൂട്ടം ഡോക്ടർമാരുടെയും സന്നദ്ധപ്രവർത്തകരുടെയും പൊലീസിന്റെയും കഠിനാധ്വാനത്തിന് ഇതോടെ ഫലമായി. കാസർകോട്ടുകാരൻ ഹനീഫയുടെ ഡ്രൈവിങ് വൈദഗ്ധ്യമാണ് പതിനാറുകാരിയെ ജീവിതത്തിലേയ്ക്ക് തിരിച്ചു കൊണ്ടു വന്നത്.

അപകടത്തിൽ മരിച്ച യുവാവിന്റെ ഹൃദയം മാറ്റിവയ്ക്കുന്നതിന്, ബെംഗളൂരുവിൽ ചികിൽസയിലായിരുന്ന പെൺകുട്ടിയെ ആംബുലൻസിൽ നാലര മണിക്കൂർ കൊണ്ടാണ് ഹനീഫ കോഴിക്കോട്ടെത്തിച്ചത്. ബുധനാഴ്ച രാത്രി മാത്തറയിൽ ബൈക്കിൽ കാറിടിച്ച് അപകടത്തിൽ പെട്ട വിഷ്ണുവിനെ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മസ്തിഷ്ക മരണം സംഭവിച്ചു. തുടർന്ന് പിതാവ് സുനിൽ മകന്റെ അവയവങ്ങൾ ദാനം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഗുരുതരമായ ഹൃദ്രോഗം ബാധിച്ച് 11 മാസത്തോളം കോഴിക്കോട് മെട്രോ കാർഡിയാക് സെന്ററിൽ ചികിൽസയിലായിരുന്ന ഫിനു ഷെറിനെ സംസ്ഥാനത്ത് അവയവദാനത്തിനുള്ള സങ്കീർണതയെ തുടർന്ന് ബെംഗളൂരു നാരായണ ഹൃദയാലയയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. നാല് മാസത്തോളം കാത്തിരുന്നുവെങ്കിലും അനുയോജ്യമായ ഹൃദയം കണ്ടെത്താനായില്ല. വിഷ്ണുവിന്റെ ഹൃദയം ദാനം ചെയ്യുന്നതിന് ബന്ധുക്കൾ തീരുമാനിച്ചതോടെ മെഡിക്കൽ കോളജ് അധികൃതർ ഫിനു ഷെറിൻ ചികിൽസാ സഹായ കമ്മിറ്റി ഭാരവാഹികളെ അറിയിക്കുകയായിരുന്നു. ഫിനുവിനെ വേഗത്തിൽ കോഴിക്കോട്ട് എത്തിക്കുന്നതിന് ഹെലികോപ്റ്റർ അടക്കമുള്ളവയ്ക്കു ശ്രമിച്ചെങ്കിലും ലഭ്യമായില്ല.

തുടർന്ന് ബെംഗളൂരു കെഎംസിസിയുടെ ആംബുലൻസിൽ കൊണ്ടുവരാൻ തീരുമാനിച്ചു. പുലർച്ചെ 1.55ന് ബെംഗളൂരുവിൽ നിന്നു പുറപ്പെട്ട ആംബുലൻസ് 6.25ന് കോഴിക്കോട് മെട്രോ കാർഡിയാക് സെന്ററിലെത്തിച്ചത് ഡ്രൈവർ ഹനീഫയുടെ ധൈര്യമായിരുന്നു. ഗുണ്ടൽപേട്ട് ചെക്പോസ്റ്റിലുണ്ടായ ഗതാഗതക്കുരുക്കു മൂലം അരമണിക്കൂർ വൈകി. ആംബുലൻസ് സംസ്ഥാന അതിർത്തി കടന്നതോടെ കേരള പൊലീസിന്റെ നേതൃത്വത്തിൽ റോഡിൽ തടസ്സമില്ലാതെ സഞ്ചരിക്കുന്നതിനു വഴിയൊരുക്കി. തുടർന്ന് മെട്രോ കാർഡിയാക് സെന്ററിലെ ഡോ. വി. നന്ദകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം മെഡി. കോളജിലെത്തി വിഷ്ണുവിന്റെ ഹൃദയവുമായി ഉച്ചയ്ക്ക് ഒരു മണിയോടെ ആശുപത്രിയിൽ തിരിച്ചെത്തി. ഉച്ചയ്ക്കു ശേഷം 3ന് ആരംഭിച്ച ഹൃദയമാറ്റ ശസ്ത്രക്രിയ രാത്രി ഏഴോടെയാണ് അവസാനിച്ചത്. ഷിനുവിനു ഹൃദയം ദാനം നൽകിയതിനു പുറമേ, വിഷ്ണുവിന്റെ മറ്റ് അവയവങ്ങൾ മറ്റ് 5 രോഗികൾക്കു കൈമാറി. ഒരു വൃക്ക മെഡി. കോളജ് ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന രോഗിക്കും കരളും മറ്റൊരു വൃക്കയും മിംസ് ആശുപത്രിയിലെ രോഗികൾക്കും കണ്ണുകൾ പിവിഎസ് ആശുപത്രിയിലെ രോഗികൾക്കും കൈമാറി. ബുധനാഴ്ച രാത്രി അപകടത്തിൽപ്പെട്ട വിഷ്ണുവിന്റെ മസ്തിഷ്കമരണം ഇന്നലെയാണു സ്ഥിരീകരിച്ചത്. നെല്ലിക്കോട് വഴിപോക്കിൽ പൂതംകുഴിമേത്തൽ സുനിൽകുമാർ– ബീന ദമ്പതികളുടെ മകനാണ് വിഷ്ണു. സഹോദരി: ലക്ഷ്മി.