കെ.എസ്.ചിത്രയുടെ ഏതെങ്കിലും ഒരു പാട്ടു കേള്‍ക്കാതെ അല്ലെങ്കില്‍ മൂളാതെ ദിനം പോലും മലയാളി കടന്നു പോകുന്നില്ല. വിനയത്തിന്റെ രാഗപൗര്‍ണമിയായി നിന്നുകൊണ്ട് അവര്‍ പാടിയ ഭാവാര്‍ദ്രമായ ഗാനങ്ങള്‍ നമ്മുടെ ജീവിതത്തിന്റെ തന്നെ താളമാണ്. അതില്‍ പുതിയ തലമുറയെന്നോ പഴയ തലമുറയെന്നോയില്ല.
എപ്പോഴും വിനയത്തിന്റെ രാഗ പൗര്‍ണമിയായി നിലകൊള്ളുവാനും സാധാരണക്കാരന്റെ മനസിലെ പാട്ടായി മാറുവാനും കഴിഞ്ഞു എന്നതാണു ചിത്രയെന്ന ഗായികയുടെ ഇതുവരെ കേട്ട ഈണങ്ങളേക്കാള്‍ മധുരതരമാക്കുന്നത്.
കരമന കൃഷ്ണന്‍ നായരുടെയും ശാന്തകുമാരിയുടെയും മകളായി 1963 ജൂലൈ 27ന് തിരുവനന്തപുരത്തെ കരമനയിലാണു കെ.എസ്.ചിത്ര ജനിച്ചത്. അച്ഛന്‍ തന്നെ ആദ്യ ഗുരു. മകളുടെ പാട്ടിനായി തന്നെയായിരുന്നു ജീവിതത്തിന്റെ പകുതിയിലധികവും അച്ഛന്‍ മാറ്റിവച്ചതും. കെ. ഓമനക്കുട്ടി ടീച്ചറുടെ കീഴില്‍ കര്‍ണാടിക് സംഗീതം പഠിച്ച ചിത്രയെ സിനിമാ സംഗീതത്തിലേക്കു കൈപിടിക്കുന്നത് എം.ജി.രാധാകൃഷ്ണനാണ്.
അട്ടഹാസമെന്ന ചിത്രത്തിലെ ചെല്ലം ചെല്ലം എന്ന ഗാനം പാടിക്കൊണ്ടായിരുന്നു അരങ്ങേറ്റം. എങ്കിലും സംവിധായകന്‍ സത്യന്‍ അന്തിക്കാട് രചിച്ച് എം.ജി രാധാകൃഷ്ണന്‍ ഈണമിട്ട രജനീ പറയൂ എന്ന ഗാനമാണു ചിത്രയുടെ ആദ്യ ഹിറ്റ്. യേശുദാസിനൊപ്പം പങ്കിട്ട നിരവധി വേദികളും കെ.എസ് ചിത്രയുടെ സംഗീത ജീവിതത്തിനു കരുത്തേകി.
തെന്നിന്ത്യയുടെ തന്നെ ഗായികയാക്കി കെ.എസ് ചിത്രയെ മാറ്റുന്നത് ഇളയരാജയുടെ ഗാനങ്ങളായിരുന്നു. നീ താനേ അന്തക്കുയില്‍ എന്ന ഗാനത്തിലൂടെ തമിഴിനു ഇളയരാജ ചിത്രയെ പരിചയപ്പെടുത്തി. സിന്ധുഭൈരവിയിലവെ ‘പാടറിയേന്‍ പഠിപ്പറിയേന്‍’… എന്ന പാട്ടിലൂടെ അവരുടെ പ്രിയഗായികയാക്കിയും മാറ്റി.
ആറു ദേശീയ പുരസ്‌കാരങ്ങളും 15 സംസ്ഥാന പുരസ്‌കാരങ്ങളും ചിത്രയെ തേടിയെത്തി. ആന്ധ്ര സര്‍ക്കാര്‍ ഒമ്പതു പ്രാവശ്യവും തമിഴ്‌നാട് നാലു പ്രാവശ്യവും കര്‍ണാടക മൂന്നു പ്രാവശ്യവും ഒറിസ സര്‍ക്കാര്‍ ഒരു പ്രാവശ്യവും മികച്ച ഗായികയായി ചിത്രയെ തിരഞ്ഞെടുത്തു. 2005ല്‍ പത്മശ്രീ പുരസ്‌കാരം നല്‍കി രാജ്യവും ആദരിച്ചു. ചിത്രയെ തേടി വരാത്ത അംഗീകാരങ്ങള്‍ കുറവാണെന്നു തന്നെ പറയാം.
Leave a Reply