ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- ഇംഗ്ലണ്ടിലെയും വെയിൽസിലെയും വീടുകളിൽ ഗ്യാസ് ബോയിലറുകൾക്ക് പകരം ഹീറ്റ് പമ്പുകൾ സ്ഥാപിക്കുവാൻ 5000 പൗണ്ട് വീതം സബ് സിഡി നൽകുവാനുള്ള ഗവൺമെന്റ് തീരുമാനത്തോട് എതിർപ്പ് പ്രകടിപ്പിച്ചിരിക്കുകയാണ് ഒരു വിഭാഗം ആളുകൾ. അടുത്ത വർഷം ഏപ്രിൽ മാസം മുതലാണ് ഈ ധനസഹായം നൽകുവാൻ തീരുമാനിച്ചിരിക്കുന്നത്. എന്നാൽ ഗവൺമെന്റ് പ്രഖ്യാപിച്ചിരിക്കുന്ന ബഡ് ജറ്റ് ഈ പദ്ധതിക്ക് പര്യാപ്തമല്ലെന്ന ആരോപണമാണ് ഒരു വിഭാഗം പേർ മുന്നോട്ട് വയ്ക്കുന്നത്. നിലവിൽ 25 മില്യനോളം ഭവനങ്ങളിലാണ് ഗ്യാസ് ബോയ് ലറുകൾ ഉള്ളത്. എന്നാൽ നിലവിൽ അനുവദിച്ചിരിക്കുന്ന തുക കൊണ്ട്, മൂന്ന് വർഷത്തിനുള്ളിൽ വെറും 90000 കുടുംബങ്ങളിൽ മാത്രമാകും ഹീറ്റ് പമ്പുകൾ സ്ഥാപിക്കാനാവുക. ഈ പദ്ധതി വലിയതോതിൽ വിജയിക്കുകയില്ലെന്ന ആരോപണമാണ് ഉയർന്നുവരുന്നത്. ഹീറ്റ് പമ്പുകളുടെ കാർബൺ പുറന്തള്ളൽ ഗ്യാസ് ബോയ് ലറുകളേക്കാൾ കുറവായതിനാലാണ് അവയുടെ പ്രചാരണം വർദ്ധിപ്പിക്കുവാൻ ഗവൺമെന്റ് തീരുമാനിച്ചിരിക്കുന്നത്.
ഇൻസ്റ്റോൾ ചെയ്യുന്ന ഹീറ്റ് പമ്പുകളുടെ ഇനം അനുസരിച്ചു 6000 പൗണ്ട് മുതൽ 18000 പൗണ്ട് വരെ തുകയാണ് ഇതിനായി ആവശ്യമാകുന്നത്. ഗവണ്മെന്റ് അനുവദിക്കുന്ന സബ്‌സിഡി തുക കൊണ്ടു ജനങ്ങൾക്ക് ഇവ കൂടുതൽ എളുപ്പത്തിൽ സ്ഥാപിക്കാനാകുമെന്ന ഉറപ്പാണ് മന്ത്രിമാർ നൽകുന്നത്. എന്നാൽ ഈ പദ്ധതികൾക്ക് വേണ്ടി അനുവദിച്ചിരിക്കുന്ന 450 മില്യൺ പൗണ്ട് തുക പോരാതെ വരുമെന്ന് ലേബർ പാർട്ടി ഷാഡോ ബിസിനസ് സെക്രട്ടറി എഡ് മിലിബാൻഡ് ആരോപിച്ചു. 2025 മുതൽ പുതിയ കെട്ടിടങ്ങളിൽ ഗ്യാസ് ബോയിലറുകൾ സ്ഥാപിക്കുവാൻ അനുവദിക്കില്ലെന്ന് ഗവൺമെന്റ് തീരുമാനിച്ചിട്ടുണ്ട്. ഇതോടൊപ്പംതന്നെ 2030 മുതൽ പൂർണമായി ഇവ നിരോധിക്കാനുള്ള തീരുമാനവും ഗവൺമെന്റ് കൈക്കൊണ്ടിട്ടുണ്ട്.
Leave a Reply