തിരുവനന്തപുരം: സംസ്ഥാനത്ത് നിലവില്‍ അനുഭവപ്പെടുന്ന ശക്തമായ ചൂട് ഏതാനും ദിവസങ്ങള്‍ കൂടി തുടര്‍ന്നേക്കും. കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന ഏറ്റവും കൂടി താപനില 38 ഡിഗ്രി സെല്‍ഷ്യസാണ്. സമാനരീതി തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പില്‍ അറിയിച്ചിരിക്കുന്നത്. തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ ചൊവ്വാഴ്ച താപനില ശരാശരിയില്‍ നിന്ന് രണ്ടുമുതല്‍ 2.3 ഡിഗ്രിവരെ ഉയര്‍ന്നു.
ഇന്ന് എറണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളുടെ ചില ഭാഗങ്ങളില്‍ ചൂട് കൂടാന്‍ സാധ്യതയുണ്ട്. സൂര്യതാപം ഏല്‍ക്കാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രതാ പുലര്‍ത്തണമെന്ന് ജില്ലാ അതോറിറ്റികള്‍ വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് ഏറ്റവും ചൂടേറിയ ജില്ല കോഴിക്കോടാണ്. കോഴിക്കോടിന്റെ വിവിധ ഭാഗങ്ങളില്‍ ഈ മാസം ഒന്പതുവരെ താപനില 38 ഡിഗ്രിവരെയാകാന്‍ സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
ആലപ്പുഴ, പുനലൂര്‍ എന്നിവിടങ്ങളിലും താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കും. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച ഉഷ്ണതരംഗ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയില്‍ ജോലി സമയം കഴിഞ്ഞ ദിവസം പുനഃക്രമീകരിച്ചിരുന്നു. കോര്‍പറേഷനു കീഴില്‍ ജോലി ചെയ്യുന്ന ക്ലീനിംഗ് ജീവനക്കാരുടേതുള്‍പ്പെടെയുള്ളവരുടെ പ്രവൃത്തി സമയം ഉച്ചക്ക് 12 മണി വരെയായി കുറച്ചു. മാറ്റം ഒരാഴ്ചത്തേക്ക് തുടരും.
വെയിലത്ത് ജോലി ചെയ്യുന്നവരുടെ ജോലി സമയത്തിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. രാവിലെ 11 മുതല്‍ വൈകിട്ട് 3 മണി വരെ തൊഴിലാളികള്‍ക്ക് സൂര്യതാപം ഏല്‍ക്കുന്ന ജോലികള്‍ നല്‍കുന്ന കമ്പനികള്‍ക്കും ഉടമകള്‍ക്കുമെതിരെ നടപടിയെടുക്കുമെന്നും മുന്നറിയിപ്പുണ്ട്. സ്‌കൂളുകള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കി. അസംബ്ലികള്‍ ഒഴിവാക്കണമെന്നാണ് നിര്‍ദേശം. ഇവ പാലിക്കപ്പെടുന്നുണ്ടോ എന്ന് അറിയുന്നതിനായി വിദ്യാഭ്യാസ വകുപ്പ് മിന്നല്‍ പരിശോധനകള്‍ നടത്തും.
കോഴിക്കോട് ജില്ലയില്‍ പ്രത്യേക ജാഗ്രത പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി പ്രത്യേക യോഗം വിളിച്ചിട്ടുണ്ട്. ഉഷ്ണ തരംഗ മുന്നറിയിപ്പ് ഇന്നു കൂടി മാത്രമേ ഉള്ളുവെങ്കിലും ജാഗ്രതാ നടപടികള്‍ തുടരും. മുന്നറിയിപ്പുകള്‍ ജനങ്ങളില്‍ കാര്യക്ഷമമായി എത്തിയോ എന്നും യോഗം പരിശോധിക്കും.
Leave a Reply