ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെയുടെ റെഡ് ലിസ്റ്റിൽ ചേർക്കുന്നതിനു മുമ്പ് തന്നെ ഇന്ത്യയിൽ നിന്നുള്ള  കൂടുതൽ വിമാനങ്ങൾക്ക് ഹീത്രോ വിമാനത്താവളം അനുമതി നൽകിയില്ല എന്നുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നു. രോഗവ്യാപനത്തിൻെറ പശ്ചാത്തലത്തിൽ തിരക്ക് കുറയ്ക്കാനാണ് ഈ നടപടിയെന്നാണ് എയർപോർട്ട് അധികൃതർ മാധ്യമങ്ങളോട് പറഞ്ഞത്. വെള്ളിയാഴ്ച പുലർച്ചെ നാല് മണി തൊട്ടുതന്നെ ഇന്ത്യയിൽനിന്നുള്ള ഫ്ലൈറ്റുകൾക്ക് ഹീത്രോ വിമാനത്താവളം അനുമതി നിഷേധിച്ചിരുന്നു എന്നുള്ള വിവരങ്ങളാണ് വിവാദമായിരിക്കുന്നത്.

 

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കഴിഞ്ഞ തിങ്കളാഴ്ചയാണ് രോഗവ്യാപനം തീവ്രമായതിനെത്തുടർന്ന് ബ്രിട്ടൻ ഇന്ത്യയെ റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയത്. പ്രധാനമന്ത്രി ബോറിസ് ജോണ്‍സൻെറ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി മണിക്കൂറുകള്‍ക്ക് പിന്നാലെയാണ് ബ്രിട്ടന്റെ നടപടി. കൊറോണ വൈറസിന്റെ ഇന്ത്യൻ വകഭേദം ബ്രിട്ടനിൽ സ്ഥിരീകരിച്ചതാണ് ഇന്ത്യയെ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്താനുള്ള പ്രധാനകാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത്. ഇതോടെ ബ്രിട്ടീഷ് പാസ്പോർട്ട് ഉള്ളവർക്ക് മാത്രമേ ബ്രിട്ടനിലേയ്ക്കുള്ള യാത്രാനുമതി ലഭ്യമാകുകയുള്ളൂ. ടൂറിസ്റ്റ് വീസകൾ, പുതിയ സ്റ്റുഡന്റ് വീസകൾ, വർക്ക് പെർമിറ്റ് വീസകൾ തുടങ്ങിയവയെയാണ് വിലക്ക് പ്രധാനമായും ബാധിക്കുക. കഴിഞ്ഞ പത്തുദിവസത്തിനുള്ളിൽ ഇന്ത്യയിൽ സന്ദർശനം നടത്തിയിട്ടുള്ളവർക്കും വിലക്ക് ബാധകമാകും.

ഇന്ത്യയിൽ നിന്ന് യാത്രാനുമതിയിൽ ഇളവ് ലഭിച്ച് ബ്രിട്ടനിലെത്തുന്നവർ പത്തുദിവസത്തെ നിർബന്ധിത ഹോട്ടൽ ക്വാറന്റീന് വിധേയരാകണം. നിർബന്ധിത ഹോട്ടൽ ക്വാറന്റീൻെറ ചിലവ് 1750 പൗണ്ടാണ്. ഹോട്ടൽ താമസം,ഗതാഗതം, കോവിഡ് ടെസ്റ്റ് എന്നിവ ഉൾപ്പെടെയാണ് ഒരാളിൽ നിന്ന് 1750 പൗണ്ട് ഈടാക്കുന്നത്. ക്വാറന്റീൻ നിയമങ്ങൾ ലംഘിക്കുന്നവരെ കാത്തിരിക്കുന്നത് 10 വർഷം വരെ തടവ് ശിക്ഷയാണ്. ബ്രിട്ടനിലെ ഹീത്രു, ഗാട്ട്വിക്ക്, ലണ്ടൻ സിറ്റി, ബർമിംഹാം, ഫാരൻബറോ എന്നീ വിമാനത്താവളങ്ങളിലേക്കു മാത്രമേ റെഡ് ലിസ്റ്റിലുള്ളവർ യാത്ര നടത്താവൂ. അല്ലാത്തപക്ഷം 4000 പൗണ്ട് പിഴശിക്ഷ ഉറപ്പാണ്. പിഴയോടൊപ്പം ഈ വിമാനത്താവളത്തിൽനിന്നും ക്വാറന്റീൻ സൗകര്യമുള്ളിടത്തേക്കുള്ള യാത്രക്കൂലിയും ഈടാക്കും. ഇരുപതിലേറെ ആഫ്രിക്കൻ രാജ്യങ്ങളും 14 ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളും ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലദേശ്, ഫിലിപ്പീൻസ് തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളുമടക്കം നാൽപതിലേറെ രാജ്യങ്ങളാണ് ഇപ്പോൾ ബ്രിട്ടന്റെ റെഡ് ലിസ്റ്റിലുള്ളത്.