ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ :- കോവിഡ് രോഗികൾ ഏറ്റവും കൂടുതലുള്ള, റെഡ് ലിസ്റ്റിൽ പെട്ട രാജ്യങ്ങളിൽ നിന്ന് വരുന്ന യാത്രക്കാർക്കായി പ്രത്യേക ടെർമിനൽ നീക്കിവയ്ക്കാൻ തീരുമാനിച്ചിരിക്കുകയാണ് ലണ്ടനിലെ ഹീത്രോ എയർപോർട്ട്. ഇത്തരം യാത്രക്കാരെ മറ്റ് രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാരോടൊപ്പം ക്യൂവിൽ നിൽക്കുവാൻ അനുവദിച്ചതിനെ തുടർന്ന് നിരവധി പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. ഇതേതുടർന്നാണ് ഇത്തരത്തിലൊരു തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. ജൂൺ ഒന്നു മുതൽ, റെഡ് ലിസ്റ്റിൽ പെട്ട രാജ്യങ്ങളിൽ നിന്നുള്ള യാത്രയ്ക്കായി ഹീത്രോ എയർപോർട്ടിലെ മൂന്നാം ടെർമിനൽ പൂർണ്ണമായി അനുവദിക്കും. ഇവിടെ നിന്നും ഹോട്ടലിലേക്ക് എത്തിക്കുന്ന ഇവർക്ക് പത്ത് ദിവസത്തെ ക്വാറന്റൈൻ നിർബന്ധമാണ്.
കൂടുതൽ രാജ്യങ്ങളും ഇപ്പോൾ ആംബർ ലിസ്റ്റിലാണ് ഉൾപ്പെട്ടിരിക്കുന്നത്. ഇത്തരം രാജ്യങ്ങളിൽ നിന്ന് വരുന്ന യാത്രക്കാർ വീടുകളിൽ തന്നെയാണ് ക്വാറന്റൈൻ ചെയ്യുന്നത്. യുകെയിൽ നിന്നുള്ള യാത്രക്കാരെ തിങ്കളാഴ്ച മുതൽ അനുവദിക്കുമെന്ന് സ്പെയിൻ വ്യക്തമാക്കിയിട്ടുണ്ട്. അനാവശ്യമായ യാത്രകൾ ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ജനങ്ങളോട് ആവശ്യപ്പെട്ടു.
അവധിക്കാലം ആഘോഷിക്കാൻ ഉള്ള യാത്രകൾ തീർത്തും ഒഴിവാക്കണമെന്നാണ് ജനങ്ങൾക്ക് നൽകുന്ന നിർദ്ദേശം. കോവിഡ് കൂടുതലുള്ള രാജ്യങ്ങളിലേക്കുള്ള യാത്ര തീർത്തും ഒഴിവാക്കണമെന്നും നിഷ്കർഷിക്കുന്നുണ്ട്. ആംബർ ലിസ്റ്റിൽ പെട്ട രാജ്യങ്ങളിലേക്കുള്ള അവധിക്കാലം ആഘോഷിക്കുവാൻ ഉള്ള യാത്രകളും ഒഴിവാക്കണമെന്ന് സർക്കാർ നിർദ്ദേശിക്കുന്നു. ഗ്രീൻ ലിസ്റ്റിൽ പെട്ട രാജ്യങ്ങളിൽ പോർച്ചുഗൽ ആണ് ക്വാറന്റൈൻ ഇല്ലാതെ യാത്രക്കാരെ അനുവദിക്കുന്നത്. ഇതിനോടൊപ്പം യൂറോപ്യൻ യൂണിയൻ വൈറ്റ് ലിസ്റ്റ് തയ്യാറാക്കുന്നുണ്ട്. യൂറോപ്യൻ യൂണിയനിലെ എല്ലാ രാജ്യങ്ങളിലേക്കും പ്രവേശിക്കാവുന്ന രാജ്യങ്ങളുടെ ലിസ്റ്റ് ആണ് ഇത്.
Leave a Reply