ബ്രിട്ടനില്‍ ദാരിദ്ര്യം പിടിമുറുക്കുന്നതായി റിപ്പോര്‍ട്ട്. ആയിരക്കണക്കിന് രക്ഷിതാക്കള്‍ തങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് വസ്ത്രങ്ങളും ഭക്ഷണവും ലഭ്യമാക്കാന്‍ ബേബി ബാങ്കുകളെ ആശ്രയിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ബ്രിട്ടന്റെ ഓസ്‌റ്റെരിറ്റി നയം മൂലം രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ ബുദ്ധിമുട്ടുന്ന ജോലിക്കാരായ രക്ഷിതാക്കള്‍ പോലും ഫുഡ് ബാങ്കുകള്‍ക്ക് സമാനമായ സേവനം നല്‍കുന്ന ചാരിറ്റികളെ സമീപിക്കുന്നുണ്ട്. ഈ വര്‍ഷം ഇത്തരം സേവനങ്ങള്‍ സ്വീകരിച്ചത് 35,000 കുടുംബങ്ങളാണെന്ന് പുതിയ കണക്കുകള്‍ പറയുന്നു. കുട്ടികള്‍ക്കായുള്ള കട്ടിലുകള്‍, ബഗ്ഗികള്‍, നാപ്പി, വൈപ്‌സ്, ബോട്ടിലുകള്‍ മുതലായവയാണ് പ്രധാനമായും ഈ കേന്ദ്രങ്ങള്‍ വിതരണം ചെയ്തിട്ടുള്ളത്. എന്നാല്‍ ബുദ്ധിമുട്ടുകള്‍ക്കിടയിലും ഇത്തരം സേവനങ്ങള്‍ തേടേണ്ടി വരുന്നത് വളരെയേറെ ബുദ്ധമുട്ടുണ്ടാക്കുന്നുണ്ടെന്ന് ചില മാതാപിതാക്കള്‍ പറയുന്നു.

ഒരു ഫുള്‍ടൈം ജീവനക്കാരിയും അമ്മയുമായ തനിക്ക് അപരിചിതര്‍ നല്‍കുന്ന സഹായം തേടേണ്ടി വരുന്നത് വിഷമിപ്പിക്കുന്ന കാര്യമാണെന്ന് രണ്ടു കുട്ടികളുടെ അമ്മയായ ബിയാന്‍ക എന്ന സ്ത്രീ പറയുന്നു. പ്രധാനമായും ഈ സേവനങ്ങള്‍ തേടുന്നത് ഗാര്‍ഹിക പീഡനത്തിന് ഇരയായവരും യൂണിവേഴ്‌സല്‍ ക്രെഡിറ്റ് ലഭിക്കാത്തവരും സിംഗിള്‍ പേരന്റ്‌സും ഭവനരഹിതരുമാണെന്ന് ഇതു സംബന്ധിച്ച ടിവി റിപ്പോര്‍ട്ടുകള്‍ പറയുന്നു. വളരെ നിരാശാജനകമായ അവസ്ഥയാണ് ഇതെന്ന് മുന്‍ വെല്‍ഫെയര്‍ റിഫോം മിനിസ്റ്ററായ ലേബര്‍ എംപി ഫ്രാങ്ക് ഫീല്‍ഡ് പറയുന്നു. വാടക, ഭക്ഷണത്തിനായുള്ള ബജറ്റ്, മറ്റ് അത്യാവശ്യ ചെലവുകള്‍ എന്നിവയ്ക്കു പുറമേ കുട്ടികള്‍ക്ക് അത്യാവശ്യമായ വസ്തുക്കള്‍ വാങ്ങാന്‍ പല കുടുംബങ്ങള്‍ക്കും സാധിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദശകത്തില്‍ സമ്പദ് വ്യവസ്ഥ നേരിട്ട അട്ടിമറിയുടെയും ഓസ്‌റ്റെരിറ്റി നയത്തിന്റെയുമൊക്കെ ഇരകളായി മാറിയിരിക്കുകയാണ് സാധാരണ കുടുംബങ്ങള്‍. നമ്മുടെ രാജ്യത്തെ ദാരിദ്ര്യത്തിന്റെ മാറുന്ന മുഖമാണ് ഇതിലൂടെ ദൃശ്യമാകുന്നതെന്നും ഫ്രാങ്ക് ഫീല്‍ഡ് പറഞ്ഞു. ബേബി ബാങ്കുകളിലേക്ക് ഒട്ടേറെപ്പേരെ മിഡ് വൈഫുമാരും, ഹെല്‍ത്ത് കെയര്‍ വിസിറ്റര്‍മാരും സോഷ്യല്‍ വര്‍ക്കര്‍മാരും റഫര്‍ ചെയ്യാന്‍ തുടങ്ങിയതോടെ ഈ സേവനങ്ങള്‍ നല്‍കുന്നവരുടെ എണ്ണവും വര്‍ദ്ധിച്ചിട്ടുണ്ട്. തങ്ങളുടെ സേവനം പ്രയോജനപ്പെടുത്തുന്നവരില്‍ അഞ്ചിലൊരാളെങ്കിലും സ്വന്തമായി ജോലി ചെയ്യുന്നവരോ അല്ലെങ്കില്‍ പങ്കാളി ജോലിക്കാരായവരോ ആണെന്ന് കാംഡെനിലും വാന്‍ഡ്‌സ് വര്‍ത്തിലും ഔട്ട്‌ലെറ്റുകളുള്ള ലിറ്റില്‍ വില്ലേജ് ബേബി ബാങ്കിന്റെ സ്ഥാപകയായ സോഫിയ പാര്‍ക്കര്‍ പറയുന്നു.