ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഹീത്രു എയർപോർട്ടിന്റെ പ്രവർത്തനം സാധാരണ നിലയിലേയ്ക്ക് തിരിച്ചു വന്നു കൊണ്ടിരിക്കുകയാണെന്ന ആശ്വാസവാർത്ത പുറത്തുവന്നു. ഇന്നലെ എയർപോർട്ടിന്റെ സമീപത്തെ ഒരു ഇലക്ട്രിക് സബ്സ്റ്റേഷനിലെ പൊട്ടിത്തെറി കാരണം വൈദ്യുതി വിതരണം മുടങ്ങിയത് സമാനതകളില്ലാത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. എയർപോർട്ടിന്റെ പ്രവർത്തനം സമ്പൂർണ്ണമായി നിർത്തിവയ്ക്കുന്ന സാഹചര്യം ആണ് ഉടലെടുത്തത്. ഹീത്രു എയർപോർട്ടിൽ ഉണ്ടായ പ്രതിസന്ധി ഏകദേശം 2 ലക്ഷത്തിലധികം യാത്രക്കാരെയാണ് ബാധിച്ചത്. നാട്ടിലേക്കും അല്ലാതെയും പുറപ്പെട്ട ഒട്ടേറെ മലയാളികളെയും എയർപോർട്ടിലെ പ്രതിസന്ധി ബാധിച്ചതായാണ് അറിയാൻ സാധിച്ചത്.
ഹീത്രു വിമാനത്താവളത്തിൽ ഇറങ്ങാൻ സാധിക്കാത്ത വിമാനങ്ങൾ തിരിച്ചുവിട്ടത് മറ്റ് എയർപോർട്ടുകളുടെ പ്രവർത്തനങ്ങളെയും ബാധിച്ചിട്ടുണ്ട് എന്നതാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. റദ്ദാക്കലും കാലതാമസവും 1350 ലധികം വിമാന സർവീസുകളെ ആണ് നേരിട്ട് ബാധിച്ചത്. വെള്ളിയാഴ്ച 680 ഫ്ലൈറ്റുകളാണ് ഹീത്രുവിൽ നിന്ന് പുറപ്പെടേണ്ടിയിരുന്നത്. ഏകദേശം അത്ര തന്നെ ഫ്ലൈറ്റുകൾ ഇവിടേക്ക് വരേണ്ടിയിരുന്നതുമാണ്. ഇവയിൽ ഭൂരിഭാഗവും റദ്ദാക്കപ്പെട്ടത് ബ്രിട്ടന്റെ വ്യോമയാന ചരിത്രത്തിൽ ഇതുവരെ ഇല്ലാത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. ഏവിയേഷൻ അനലിറ്റിക്സ് സ്ഥാപനമായ സിറിയം പറയുന്നതനുസരിച്ച് ഈ വിമാനങ്ങൾ മൊത്തത്തിൽ 291,000 യാത്രക്കാരെ വഹിക്കേണ്ടതായിരുന്നു. യുകെയിലെ ഏറ്റവും വലിയതും തിരക്കേറിയതുമായ വിമാനത്താവളമാണ് ഹീത്രു.
ഹീത്രു എയർപോർട്ടിൽ നേരിട്ട യാത്രാ തടസത്തിൽ വിമാനത്താവളത്തിൻ്റെ ചീഫ് എക്സിക്യൂട്ടീവ് തോമസ് വോൾഡ്ബൈ യാത്രക്കാരോട് ക്ഷമാപണം നടത്തി. തിരക്ക് ലഘൂകരിക്കുന്നതിനായി രാത്രികാല വിമാനങ്ങളുടെ നിയന്ത്രണങ്ങളും താൽക്കാലികമായി നീക്കിയതായി ഗതാഗത വകുപ്പ് അറിയിച്ചു. ഏറ്റവും പുതിയ അപ്‌ഡേറ്റുകൾക്കായി യാത്രക്കാർക്ക് അവരുടെ എയർലൈനുകളുമായി ബന്ധപ്പെടാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ബ്രിട്ടീഷ് എയർവേസ്, എയർ കാനഡ, യുണൈറ്റഡ് എയർലൈൻസ് എന്നിവയുൾപ്പെടെ ഹീത്രൂവിലേക്കും പുറത്തേക്കും ഷെഡ്യൂൾ ചെയ്ത വിമാനങ്ങൾ പുനരാരംഭിക്കുമെന്ന് നിരവധി എയർലൈനുകൾ പ്രഖ്യാപിച്ചു. ഇലക്ട്രിക് സബ്സ്റ്റേഷനിലെ തീപിടുത്തത്തിൽ ദുരൂഹത ഒന്നുമില്ലെന്ന് പോലീസ് സ്ഥിരീകരിച്ചിരുന്നു.
Leave a Reply