ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

സൗത്ത് ഈസ്റ്റ് ലണ്ടനിലെ പെക്കാമിൽ ജൂൺ 16-ാം തീയതി ഉറ്റ സുഹൃത്തിൻറെ കത്തിക്കിരയായ അരവിന്ദ് ശശികുമാറിന് ജൂലൈ 10 തിങ്കളാഴ്ച യുകെ മലയാളികൾ അന്ത്യ യാത്രാമൊഴിയേകും. തിങ്കളാഴ്ച വൈകിട്ട് അഞ്ചര മുതൽ ആറു മണി വരെ അരമണിക്കൂർ സമയമാണ് മൃതദേഹം സൗത്താംപ്ടണിലെ ഫ്യൂണറൽ സർവീസിങ് ഓഫീസിൽ പൊതുദർശനത്തിന് വയ്ക്കുന്നത് . ഈ സമയത്ത് സുഹൃത്തുക്കളും സഹപ്രവർത്തകരും തങ്ങളുടെ പ്രിയപ്പെട്ട സുഹൃത്തിന് ആദരാഞ്ജലികൾ അർപ്പിക്കും.

ജൂലൈ 13-ാം തീയതി വ്യാഴാഴ്ച പുലർച്ചെ 4 മണിക്ക് അരവിന്ദൻറെ മൃതദേഹം കൊച്ചിയിലെത്തിക്കാനുള്ള ക്രമീകരണങ്ങൾ ആണ് നിലവിൽ ചെയ്തിരിക്കുന്നത്. വീട്ടിലെ ചടങ്ങുകൾക്ക് ശേഷം അന്ന് തന്നെ എറണാകുളം രവിപുരം ശ്മശാനത്തിൽ സംസ്കാരം നടത്തും. ബ്രിട്ടനിലെ നോർത്താംപ്ടണിലുള്ള ഇളയ സഹോദരൻ ശേഖർ ശശികുമാർ ആണ് മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള നടപടികൾ ഏകോപിപ്പിക്കുന്നത്.

ഇതിനിടെ അരവിന്ദൻറെ പോസ്റ്റുമാർട്ടം റിപ്പോർട്ടിലെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. നെഞ്ചിലുണ്ടായ ആഴമേറിയ മുറിവാണ് മരണകാരണമായി പോസ്റ്റ്മാർട്ടം റിപ്പോർട്ടിലുള്ളത്. സംഭവദിവസം അരവിന്ദൻ മദ്യപിച്ചിരുന്നില്ല. മരണത്തിന് മൂന്ന് മണിക്കൂർ മുമ്പാണ് ഭക്ഷണം കഴിച്ചത്. കൊലപാതകത്തിലേയ്ക്ക് നയിച്ച യഥാർത്ഥ കാരണത്തെ കുറിച്ച് പോലീസിന്റെ എഫ്ഐആറിൽ സൂചനകൾ ഇല്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത് . ചോദ്യം ചെയ്യലിൽ വർക്കല ഇടച്ചിറ സ്വദേശിയായ പ്രതി സൽമാൻ സലിം മാനസികനില ശരിയല്ലാത്തതുപോലെ പെരുമാറുന്നതായി പോലീസ് റിപ്പോർട്ടിലുണ്ട്. ഇത് മനോരോഗിയായി ചമഞ്ഞ് കേസിൽ നിന്ന് രക്ഷപ്പെടാനുള്ള തന്ത്രമാണെന്നാണ് പോലീസ് വിലയിരുത്തുന്നത് .

പനമ്പള്ളി നഗറിൽ താമസിക്കുന്ന കായംകുളം കുറ്റിത്തെരുവ് സ്വദേശി റിട്ടയർഡ് എൽഐസി ഉദ്യോഗസ്ഥനുമായ ശശികുമാറിന്റെയും ശ്രീദേവിയുടെയും മകനാണ് അരവിന്ദ് . ലണ്ടനിൽ പെക്കമിലെ അപ്പാർട്ട്മെന്റിൽ മറ്റ് 4 മലയാളികൾക്കൊപ്പം താമസിച്ച് വരികയായിരുന്ന അരവിന്ദ് 16 -ന് പുലർച്ചെ ഒരു മണിയ്ക്കാണ് കുത്തേറ്റ് മരിച്ചത്. കേരളത്തിൽ എം ബി എ പഠനം പൂർത്തിയാക്കിയതിന് ശേഷമാണ് ജീവിതം കരുപിടിപ്പിക്കാൻ അരവിന്ദ് ബി ബി എ പഠനത്തിനായി യുകെയിലെത്തിയത്. പഠനശേഷം അദ്ദേഹം ലണ്ടനിൽ വിവിധ ജോലികൾ ചെയ്യുകയായിരുന്നു . യുകെയിൽ തന്നെ തുടർച്ചയായി 10 വർഷം താമസിക്കുകയാണെങ്കിൽ പെർമനന്റ് വിസ ലഭിക്കുമെന്ന ആനുകൂല്യത്തിനായി അത് ലഭിച്ചതിനുശേഷം നാട്ടിൽ വരാനിരിക്കുകയായിരുന്നു അരവിന്ദ് . തൻറെ സ്വപ്നം കൈപ്പിടിയിലൊതുക്കാൻ ഏതാനും നാളുകൾ മാത്രം ബാക്കി നിൽക്കയാണ് അവിവാഹിതനായ അരവിന്ദിനെ ദുരന്തം തേടിയെത്തിയത്.