ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- ബ്രിട്ടനിൽ ഈ ആഴ്ച ഉടനീളം കനത്ത താപനിലയാണ് ഭൂരിഭാഗം പ്രദേശങ്ങളിലും രേഖപ്പെടുത്തിയിരുന്നത്. ലണ്ടനിലെ ക്യൂ ഗാർഡൻസിലും ഹീത്രൂവിലും 32 ഡിഗ്രി സെൽഷ്യസ് താപനിലയാണ് ചൊവ്വാഴ്ച രേഖപ്പെടുത്തിയത്. എന്നാൽ ഉഷ്ണ തരംഗം വാരാന്ത്യത്തോടെ അവസാനിക്കുമെന്നും മഴയുണ്ടാകുമെന്ന അറിയിപ്പാണ് ഇപ്പോൾ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകിയിരിക്കുന്നത്. വ്യാഴാഴ്ച ചിലയിടങ്ങളിൽ കനത്ത മഴയുണ്ടായെങ്കിലും താപനില കാര്യമായി കുറഞ്ഞില്ല. എന്നാൽ വാരാന്ത്യത്തോടെ ശക്തമായ മഴയുണ്ടാകുമെന്നും, താപനിലയിൽ കാര്യമായ കുറവുണ്ടാകുമെന്നുമാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിലെ നിരീക്ഷകർ വ്യക്തമാക്കുന്നത്. ഇന്ന് രാവിലെയോടെ ബ്രിട്ടന്റെ കിഴക്കൻ ഭാഗങ്ങളിലും അയർലണ്ടിലും മഴയുണ്ടാകും. ഇത് ഇപ്പോൾ ഉയർന്നുനിൽക്കുന്ന താപനിലയെ സാധാരണ രീതിയിലേക്ക് കൊണ്ടുവരുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ കിർസ്റ്റി മക്കബെ വ്യക്തമാക്കി. തെക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടിലെ അപ്പർ ലോഡൺ നദിയിലും കെൻ്റിലെ ഈഡൻ നദിയിലും ഈഡൻ ബ്രൂക്കിലും വെള്ളപ്പൊക്കമുണ്ടാകാൻ സാധ്യതയുണ്ടെന്നതിൻ്റെ സൂചനയും കാലാവസ്ഥ നിരീക്ഷണ ഏജൻസി നൽകുന്നുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ചെറിയതോതിലുള്ള ഉഷ്ണ തരംഗത്തോടെയാണ് മാസം അവസാനിച്ചതെങ്കിലും, ബ്രിട്ടനെ സംബന്ധിച്ചിടത്തോളം താരതമ്യേന ചൂട് കുറവുള്ള മാസമായിരുന്നു ജൂലൈ എന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നുണ്ട്. ഒരു സ്ഥലത്ത് തുടർച്ചയായി മൂന്ന് ദിവസമെങ്കിലും ദിവസേനയുള്ള പരമാവധി താപനില ഹീറ്റ്‌വേവ് താപനിലയുടെ പരിധി കവിയുമ്പോഴാണ് ഉഷ്ണ തരംഗമായി സാധാരണ രേഖപ്പെടുത്തുന്നത്. എന്നാൽ ഉഷ്ണ തരംഗത്തിന്റെ പരമാവധി താപനില പലയിടങ്ങളിൽ പലതാണ്. ജൂലൈ മാസത്തിൽ ചിലയിടങ്ങളിൽ സാധാരണ ലഭിക്കുന്നതിനേക്കാൾ കൂടുതൽ മഴ ലഭിച്ചതായും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നുണ്ട്. നിലവിലുള്ള ചൂട് കുറയുമെന്നും മഴയുണ്ടാകും എന്ന് അറിയിപ്പാണ് ജനങ്ങൾക്ക് പൊതുവേ കാലാവസ്ഥ കേന്ദ്രം നൽകുന്നത്.