കനത്ത മഴയിൽ പാലക്കാട് നഗരം വെള്ളത്തിലായി. മലമ്പുഴ അണക്കെട്ട് തുറന്നതോടെയാണ് പാലക്കാട് നഗരത്തിന്റെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായത്. മലമ്പുഴ ആനക്കല്ലിനടുത്ത് കവ, പറച്ചാത്തി, എലിവാൽ എന്നിവിടങ്ങളിൽ ഉരുൾപൊട്ടലുണ്ടായതിനെത്തുടർന്ന് ഡാമിന്റെ നാലു ഷട്ടറുകളും ഒന്നര മീറ്റർ ഉയർത്തുകയായിരുന്നു. ചരിത്രത്തിൽ ആദ്യമായിട്ടാണ് ഡാമിന്റെ ഷട്ടറുകൾ ഇത്രയധികം ഉയർത്തുന്നത്. ഇതേത്തുടർന്ന് കല്പാത്തിയുടെയും ഭാരതപ്പുഴയുടെയും സമീപപ്രദേശങ്ങൾ വെള്ളത്തിലായി.
വീടുകളും മറ്റും വെള്ളത്തിലായതോടെ നിരവധി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. പാലക്കാട് താലൂക്കിൽ മാത്രം പത്ത് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ഇരുന്നൂറോളം കുടുംബങ്ങളെ ഇവിടെ മാറ്റിപ്പാർപ്പിച്ചു. പല പ്രദേശങ്ങളും ഒറ്റപ്പെട്ട നിലയിലാണ്. വടക്കഞ്ചേരി, മണ്ണാർക്കാട്, അട്ടപ്പാടി പ്രദേശങ്ങളിലും കനത്ത മഴ തുടരുകയാണ്. ഇവിടങ്ങളിലെല്ലാം ഉരുൾപൊട്ടൽ ഭീഷണിയും നിലനില്ക്കുന്നു. വാളയാർ-കഞ്ചിക്കോട് റൂട്ടിൽ റെയിൽവേ പാളത്തിൽ വെള്ളം കുത്തിയൊലിച്ച് പാളത്തിന് തകരാർ സംഭവിച്ചതിനേത്തുടർന്ന് ട്രെയിൻ ഗതാഗതം ഒരു ലൈനിലൂടെയായി ക്രമീകരിച്ചിട്ടുണ്ട്. മഴയെത്തുടർന്ന് കുടുങ്ങിക്കിടക്കുന്നവർക്ക് ഭക്ഷണപ്പൊതികൾ വിതരണം ചെയ്യുന്നുണ്ട്.
നിലന്പൂർ എരുമമുണ്ടയ്ക്കടുത്ത് ചെട്ടിയംപാറയിലുണ്ടായ ഉരുൾപൊട്ടലിൽ വീട് മണ്ണിനടിയിൽ പെട്ട് ഒരു കുടുംബത്തിലെ അഞ്ചു പേർ മരിച്ചു. ഒരാളെ കാണാതായി. ബുധനാഴ്ച രാത്രി പത്തു മണിയോടെ ചാലിയാർ പഞ്ചായത്തിലെ നാലാം വാർഡിലുള്ള ചെട്ടിയാംപാറയിലാണ് ഉരുൾപൊട്ടിയത്. പറന്പാടൻ കുഞ്ഞി(50), മരുമകൾ ഗീത(29), മക്കളായ നവനീത്(ഒന്‍പത്), നിവേദ്(മൂന്ന്), കുഞ്ഞിയുടെ സഹോദരിയുടെ മകൻ മിഥുൻ(16) എന്നിവരാണ് മരിച്ചത്. കുഞ്ഞിയുടെ മകൻ സുബ്രഹ്മണ്യ(30) നെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇയാൾക്കായി തെരച്ചിൽ തുടരുകയാണ്. അതിശക്തമായ ഉരുൾപൊട്ടലിൽ ഇവരുടെ തറവാട് വീടും പുരയിടവും പൂർണമായും മണ്ണിനടിയിൽപ്പെടുകയായിരുന്നു. വീട്ടിൽ ഉറങ്ങിക്കിടക്കുന്നവരാണ് അപകടത്തിൽപ്പെട്ടത്. ഇതേസമയം, വയനാട്ടിൽ മഴക്കെടുതിയിൽ മൂന്നു പേർ മരിച്ചു.
വീടിനു മുകളിലേക്കു മണ്ണിടിഞ്ഞ് കൽപ്പറ്റ വൈത്തിരിയിൽ ഒരാളും മാനന്തവാടി മക്കിമലയിൽ ഉരുൾപൊട്ടി രണ്ടു പേരുമാണ് മരിച്ചത്. വൈത്തിരി പോലീസ് സ്റ്റേഷനു സമീപം ബുധനാഴ്ച അർധരാത്രിയോടെയായിരുന്നു ഒരാളുടെ മരണത്തിനിടയാക്കിയ മണ്ണിടിച്ചിൽ. വീടിനു മുകളിലേക്കു മണ്ണിടിഞ്ഞ് ലക്ഷം വീട് കോളനിയിലെ തൊളിയത്തറ ജോർജിന്റെ ഭാര്യ ലില്ലിയാണ്(65) മരിച്ചത്. രാവിലെയാണ് രക്ഷാപ്രവർത്തകർ ഇവരുടെ മൃതദേഹം കണ്ടെടുത്തത്. ലില്ലിയുടെ മക്കളായ ജയേഷ്, ഗിരി എന്നിവർ രക്ഷപ്പെട്ടു.
മാനന്തവാടി തലപ്പുഴ മക്കിമലയിൽ ഇന്നലെ പുലർച്ചെ ഉണ്ടായ ഉരുൾ പൊട്ടലിൽ ആറാം നന്പർ മംഗലശേരി റസാഖ്(40), ഭാര്യ സീനത്ത്(40) എന്നിവർ മരിച്ചു. മക്കളായ റെജിമാസ്, റെജിനാസ്, സാലു എന്നിവർ രക്ഷപ്പെട്ടു. വെള്ളം ഒഴുകിയെത്തുന്ന ശബ്ദംകേട്ട് മാതാപിതാക്കൾ പുറത്തേക്ക് ഓടിച്ചതാണ് കുട്ടികൾ രക്ഷപ്പെടുന്നതിനു സഹായകമായത്. ഉരുൾ പൊട്ടലിൽ വീട് പൂർണമായും നശിച്ചു.മണ്ണിൽ പുതഞ്ഞ റസാഖിന്റെയും സീനത്തിന്റെയും മൃതദേഹങ്ങൾ ദുരന്തം നടന്നു മണിക്കൂറുകൾക്കുശേഷമാണ് പുറത്തെടുത്തത്. കാർ മലവെള്ളപ്പാച്ചിലിൽപ്പെട്ടു കോഴിക്കോട്ട് യുവാവ് മരിച്ചു
കോഴിക്കോട്: കണ്ണപ്പൻ കുണ്ടിൽ കാർ മലവെള്ളപ്പാച്ചിലിൽപ്പെട്ട് യുവാവ് മരിച്ചു. പുതുപ്പാടി കണ്ണപ്പൻകുണ്ടിനടുത്ത് മട്ടിക്കുന്ന് സ്വദേശി പരപ്പൻപാറ മാധവിയുടെ മകൻ റിജിത് മോനാണ്(26) ദാരുണമായി മരിച്ചത്. ഗ്യാസ് ഏജൻസി ജീവനക്കാരനായ റിജിത് ആറു മാസം മുൻപാണ് വിവാഹിതനായത്.
വെള്ളം കയറിയതറിഞ്ഞ് മട്ടിക്കുന്ന് പാലത്തിനടുത്ത് സുഹൃത്തുക്കള്‍ക്കൊപ്പം എത്തിയതായിരുന്നു റിജിത്ത്. പാലത്തിന് എതിര്‍വശത്തുള്ളവര്‍ മലവെള്ളം വരുന്നത് ടോര്‍ച്ച് തെളിച്ച് ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ റിജിത്തിനൊപ്പമുള്ളവര്‍ ഓടിരക്ഷപ്പെട്ടു. റോഡില്‍ നിര്‍ത്തിയിരുന്ന കാര്‍ സ്റ്റാര്‍ട്ടാക്കി എടുക്കാനുള്ള ശ്രമത്തില്‍ റിജിത്തും കാറും ഒഴുക്കില്‍പ്പെടുകയായിരുന്നു. വ്യാഴാഴ്ച പകല്‍ പതിനൊന്നരയോടെ മണല്‍വയല്‍ വള്ള്യാട് നിന്നാണു പുഴയിലെ മരത്തടിയിൽ തങ്ങിനിൽക്കുന്ന നിലയിൽ റിജിതിന്റെ മൃതദേഹം കിട്ടിയത്.
Leave a Reply