കേരളത്തില്‍ തുലാവര്‍ഷം ഔദ്യോഗികമായി തുടങ്ങിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസം വരെ പെയ്തിരുന്നത് തുലാവര്‍ഷത്തിന് മുമ്പുള്ള മഴയായിരുന്നുവെന്നും ഇനി സംസ്ഥാനത്താകെ ശക്തമായ മഴ അനുഭവപ്പെടുമെന്നും മുന്നറിയിപ്പുണ്ട്. അറബിക്കടലില്‍ ന്യൂനമര്‍ദവും ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റും രൂപപ്പെട്ടതിനാല്‍ മഴയുടെ തീവ്രത കൂടി വരാനുള്ള സാധ്യതയും വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു.
തിരുവനന്തപുരം മുതല്‍ വയനാട് വരെ ഒമ്പത് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, ഇടുക്കി ജില്ലകളില്‍ അതിശക്തമായ മഴയ്ക്കായി ഓറഞ്ച് അലേര്‍ട്ടും നിലവിലുണ്ട്. നാളെയും ഏഴ് ജില്ലകളില്‍ മഴ മുന്നറിയിപ്പുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. തെക്കന്‍ കേരളത്തിലായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ പ്രധാനമായി മഴ ലഭിച്ചതെങ്കിൽ ഇനി സംസ്ഥാനത്താകെ വ്യാപകമായ മഴ പ്രതീക്ഷിക്കാം.
തുലാവര്‍ഷ മഴയോടൊപ്പം ഇടിമിന്നലും ശക്തമായ കാറ്റും ഉണ്ടാകുമെന്നതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. തുറസായ സ്ഥലങ്ങളില്‍ നിന്ന് മാറിനില്‍ക്കുകയും അപകട സാധ്യതയുള്ള പ്രദേശങ്ങൾ ഒഴിവാക്കുകയും വേണമെന്ന് നിര്‍ദ്ദേശമുണ്ട്. ഒക്ടോബര്‍ 18 വരെ സംസ്ഥാനത്ത് സജീവമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പ് പ്രവചനം.
Leave a Reply