തിരുവനന്തപുരം: ഇന്നലെ കനത്ത മഴ ലഭിച്ച ജില്ലകളിൽ ഇന്നും ആ രീതിയിൽ മഴ തുടരുമെന്നു കാലാസ്ഥാവകുപ്പ്. ആലപ്പുഴ, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ വളരെ കനത്ത മഴയും വ്യാപകമായി കനത്തമഴയും പെയ്യുക. മറ്റു ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്തമഴ പെയ്യും.
ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് 2,401 അടിയായി. ശക്തമായ മഴയാണ് പദ്ധതി പ്രദേശത്ത് പെയ്യുന്നത്. നീരൊഴുക്ക് വർധിച്ചതിനെ തുടർന്ന് ചെറുതോണിയിലെ രണ്ടു ഷട്ടറുകൾ കൂടി വെള്ളിയാഴ്ച രാവിലെ തുറന്നിരുന്നു. രണ്ട്, മൂന്ന്, നാല് ഷട്ടറുകളാണ് നിലവിൽ ഉയർത്തിയിരിക്കുന്നത്. മൂന്നു ഷട്ടറുകളും 40 സെന്റീമീറ്റർ വീതമാണ് ഉയർത്തിയത്.
ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദമേഖലയിലെ ചുഴലിക്കാറ്റും ലക്ഷദ്വീപിനു സമീപം അറബിക്കടലിൽ രൂപംകൊണ്ട ചുഴലിക്കാറ്റുമാണു കേരളത്തിൽ ഇപ്പോൾ കനത്ത മഴ പെയ്യിക്കുന്നത്. എന്നാൽ ഈ ദിവസങ്ങളിൽ ലക്ഷദ്വീപിൽ മഴ നാമമാത്രമാണ്. കാലവർഷമഴ ലക്ഷദ്വീപിൽ ഇതുവരെ ശരാശരിയുടെ പകുതിയോളമേ ലഭിച്ചിട്ടുള്ളൂ. അതേസമയം കേരളത്തിൽ ഇന്നലെ രാവിലെവരെയുള്ള കണക്കനുസരിച്ച് 19 ശതമാനം അധികമഴ ലഭിച്ചു. 152.2 സെന്റിമീറ്റർ കിട്ടേണ്ട സ്ഥാനത്ത് 180.43 സെന്റിമീറ്റർ മഴ ലഭിച്ചു. ഇടുക്കിയിൽ ഇന്നലെ രാവിലത്തെ നിലയനുസരിച്ച് 50.22 ശതമാനം അധികമഴ ലഭിച്ചു.
ഇന്നലെ രാവിലെ 8.30-ന് അവസാനിച്ച 24 മണിക്കൂറിൽ സംസ്ഥാനത്ത് പൊതുവേ ലഭിച്ചത് 6.62 സെന്റിമീറ്റർ മഴയാണ്- സാധാരണ ലഭിക്കേണ്ടതിലും 377 ശതമാനം കൂടുതൽ. തലേന്ന് 5.9 സെന്റിമീറ്റർ ലഭിച്ചു. നിലന്പൂരിൽ ഇന്നലെ രാവിലെ 8.30 വരെയുള്ള 24 മണിക്കൂറിൽ ലഭിച്ചത് 39.8 സെന്റിമീറ്റർ മഴയാണ്. മാനന്തവാടിയിൽ 30.5 സെന്റിമീറ്റർ, മൂന്നാറിൽ 25.36 സെന്റിമീറ്റർ, പീരുമേട്ടിൽ 25.5 സെന്റിമീറ്റർ മഴ ലഭിച്ചു.
Leave a Reply