സംസ്ഥാനത്ത് കാലവർഷം ശക്തമാകും. കേരളത്തിൽ അതിതീവ്ര മഴപെയ്യുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ ലഭിക്കുന്നുണ്ട്. ഇത് തുടരും.ജൂലൈ 18 ന് ഇടുക്കി, മലപ്പുറം എന്നീ ജില്ലകളിലും ജൂലൈ 19 ന് ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളിലും, ജൂലൈ 20 ന് ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം എന്നീ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ‘റെഡ്’ അലര്‍ട്ട് പ്രഖ്യാപിച്ചു. റെഡ് അലര്‍ട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളില്‍ അതിതീവ്ര മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ജാഗ്രത പാലിക്കാനും ക്യാമ്പുകൾ തയാറാക്കുന്നതുൾപ്പെടെ മുന്നൊരുക്കത്തിനുമാണ് നിർദേശം.
ജൂലൈ 18ന് എറണാകുളം, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിലും 19ന് എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലും 20ന് പത്തനംതിട്ട, കോട്ടയം, തൃശൂർ, മലപ്പുറം, പാലക്കാട്, വയനാട് ജില്ലകളിലും 21ന് പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായതോ (115 മില്ലിമീറ്റർ വരെ) അതിശക്തമായതോ (115 മില്ലി മുതൽ 204.5 മില്ലി വരെ) ആയ മഴക്ക് സാധ്യതയുണ്ട്.
19 വരെ തെക്ക് പടിഞ്ഞാറൻ അറബിക്കടൽ, മധ്യ പടിഞ്ഞാറൻ അറബിക്കടൽ എന്നീ സമുദ്ര ഭാഗങ്ങളിൽ തെക്ക് പടിഞ്ഞാറൻ ദിശയിൽ നിന്ന് മണിക്കൂറിൽ 40 മുതൽ 50 വരെ കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ട്. ഇവിടങ്ങളിൽ കടൽ പ്രക്ഷുബ്ധമോ അതിപ്രക്ഷുബ്ധമോ ആവാൻ സാധ്യതയുണ്ട്. അതിനാൽ ഈ സമുദ്ര ഭാഗങ്ങളിൽ മേൽപറഞ്ഞ കാലയളവിൽ മൽസ്യ ബന്ധനത്തിന് പോകരുതെന്ന് മൽസ്യബന്ധന തൊഴിലാളികൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
Leave a Reply