അറേബ്യന്‍ സമുദ്രത്തില്‍ തെക്ക് കിഴക്ക് ഭാഗത്തായി ഇന്ന് രൂപം കൊണ്ട ന്യൂനമര്‍ദം അടുത്ത 24 മണിക്കൂറിനുള്ളില്‍ വടക്ക് പടിഞ്ഞാറേക്ക് നീങ്ങി ചുഴലിക്കാറ്റായി രൂപാന്തരം പ്രാപിച്ച് ഒമാന്‍ തീരത്തേയ്ക്ക് നീങ്ങാനിടയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന് മുതല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ മത്സ്യബന്ധനത്തിന് പോകരുതെന്നും കടലിലുള്ളവര്‍ അടിയന്തിരമായി തിരിച്ച് കരയ്‌ക്കെത്തണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ചുഴലിക്കാറ്റ് കൊണ്ടുവരുന്ന പേമാരിയുടെ കാണാനിരിക്കുന്ന കൈക്കരുത്തു ഭയന്ന് ചില ഡാമുകള്‍ തുറന്നു. എന്നാല്‍ ചെറുതോണി ഡാം തല്‍ക്കാലത്തേക്ക് തുറക്കേണ്ടെന്നാണ് തീരുമാനം. നേരത്തെ തുറക്കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും ജലനിരപ്പ് കുറഞ്ഞ സാഹചര്യത്തില്‍ വേണ്ടെന്ന് വെയ്ക്കുകയായിരുന്നു. 1981, 1992, 2018 ഓഗസ്റ്റ് എന്നിങ്ങനെ മൂന്നു തവണയാണ് ഇതിനു മുന്‍പ് ഡാം തുറന്നത്. 81, 92 തുലാമഴക്കാലത്താണ് ഇടുക്കി തുറന്നതെങ്കില്‍ 2018ല്‍ ഇതാദ്യമായി കാലവര്‍ഷത്തിലും തുലാവര്‍ഷത്തിനു തൊട്ടുമുമ്പും ഡാം തുറക്കേണ്ട സ്ഥിതി സംജാതമായി.
നിലവില്‍ 83% വെള്ളമാണ് ഇടുക്കിയില്‍ ഉള്ളതെങ്കിലും വീണ്ടുമൊരു സാഹസത്തിനു സര്‍ക്കാരും ദുരന്ത നിവാരണ അതോറിറ്റിയും വൈദ്യുതി ബോര്‍ഡും ഒരുക്കമല്ല. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പു കുറയ്ക്കാനായി ചെറുതോണി അണക്കെട്ടു തല്‍ക്കാലം തുറക്കില്ലെന്ന നടപടി ഇടുക്കിക്ക് ആശ്വാസമേകുമ്പോള്‍ പെരിയാറിന്റെ താഴ്‌വരയിലും എറണാകുളം ജില്ലയിലും നേരിയ ആശങ്കയുണ്ട്. കൊച്ചി രാജ്യാന്തര വിമാനത്താവളം എന്ന കേരളത്തിന്റെ വികസന ഗോപുരവും ഇടുക്കിയിലേക്കു കാതോര്‍ക്കുന്നു എന്നതാണു കാലാവസ്ഥാ മാറ്റക്കാലം സൃഷ്ടിക്കുന്ന പുതിയ ആശങ്ക. ഓഗസ്റ്റ് 15ലെ പ്രളയത്തിനു ശേഷം ആഴ്ചകളോളം സിയാല്‍ അടച്ചിടേണ്ടി വന്നു. ഓഗസ്റ്റ് 15ലെ സ്ഥിതി സംജാതമാകുമോ എന്ന ചിന്ത അസ്ഥാനത്താണെങ്കിലും വരാന്‍ പോകുന്ന മഴയെ അതീവ ജാഗ്രതയോടെയാണു നേരിടേണ്ടത്.
ചുഴലിക്കാറ്റ് ഞായറാഴ്ച രാത്രിയോ തിങ്കളാഴ്ച രാവിലെയോ രൂപപ്പെടുമെന്നാണ് ഇപ്പോഴത്തെ കണക്കുകൂട്ടല്‍. ചുഴലിക്കാറ്റ് അറബിക്കടലിന്റെ പടിഞ്ഞാറന്‍ മേഖലയിലേക്കു വഴിതിരിയുമെങ്കിലും അതിതീവ്ര ന്യൂനമര്‍ദത്തിനും ചുഴലിക്കാറ്റിനും ഇടയിലുള്ള ഘട്ടത്തിലാണ് ഇതു പോകുന്ന വഴിയില്‍ മഴയും കാറ്റും നാശവും വിതയ്ക്കുന്നത്. ഇടുക്കി ജില്ലയാണു കൃത്യം ഈ മഴതീവ്രതയുടെ നിഴലില്‍ എന്നതു വിശദീകരണമില്ലാത്ത പ്രതിഭാസവും.
‘ചുവന്ന ഞായറാഴ്ച’യാണ് വരുന്നത്. ന്യൂനമര്‍ദം ചുഴലിക്കാറ്റായി ശക്തിപ്പെടുന്നതിനു മുന്നോടിയായുള്ള കനത്ത മഴ അന്നു ജില്ലയില്‍ ലഭിച്ചേക്കോം. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ അന്ന് 20 സെന്റീമീറ്ററിലധികം വരെ മഴ ലഭിക്കാനാണു സാധ്യത. വെള്ളിയാഴ്ച രാവിലെ അവസാനിച്ച 24 മണിക്കൂറില്‍ മുല്ലപ്പെരിയാറിലും ഇടുക്കിയിലും മൂന്നു സെന്റീമീറ്റര്‍ മഴ മാത്രമാണു ലഭിച്ചത്. ഇതു നേരിയ മഴ മാത്രമാണ്. ശക്തമായ നീരൊഴുക്കിനു സാധ്യതയില്ല. മുല്ലപ്പെരിയാറില്‍ ഇപ്പോള്‍ 130 അടി വെള്ളമുണ്ട്.
381 സെ.മീ. മഴയാണു ജില്ലയില്‍ കാലവര്‍ഷക്കാലത്തു പെയ്തിറങ്ങിയിരിക്കുന്നത്. ദീര്‍ഘകാല ശരാശരിയുടെ 67% കൂടുതല്‍. രാജ്യത്തു തന്നെ ഇത്രയധികം മഴ കൂടുതലായി ലഭിച്ച ജില്ല വേറെയില്ല. 227 സെ.മീ. കിട്ടേണ്ട സ്ഥാനത്തു ലഭിച്ചിരിക്കുന്ന 150 സെമീയിലേറെ അധികമഴയില്‍ ജില്ലയിലെ മലയോരം കുതിര്‍ന്നു നില്‍ക്കുന്നതിനാല്‍ ഞായറാഴ്ചത്തെ ന്യൂനമര്‍ദ മഴയുടെ രൂക്ഷത താങ്ങാനുള്ള ശേഷി കുറവായിരിക്കും. മണ്ണിടിച്ചിലിനുള്ള സാധ്യത ഏറെയാണ്. വലിയ മണ്ണിടിച്ചില്‍ ഉണ്ടാകാതിരിക്കട്ടെ എന്ന് ആഗ്രഹിക്കാനേ ഇടുക്കിക്കു കഴിയുകയുള്ളൂ. പലയിടത്തും പ്രത്യേകിച്ചു മൂന്നാറിലും മറ്റും വിവിധ വികസനത്തിന്റെ പേരില്‍ ചെങ്കുത്തായ മലഞ്ചരിവുകള്‍ ഇടിച്ചുനടത്തിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അതു നിര്‍മിച്ചവര്‍ക്കു തന്നെ വിനയായി മാറുന്ന സ്ഥിതിയാണ്.
തമിഴ്‌നാട് തീരത്തു തിങ്കളാഴ്ച രൂപപ്പെടുന്ന ന്യൂനമര്‍ദമഴയിലേക്ക് ആകര്‍ഷിക്കപ്പെടുന്ന മേഘങ്ങളും പശ്ചിമതീരത്ത് അറബിക്കടലില്‍ രൂപമെടുക്കുന്ന ചുഴലിക്കാറ്റിലേക്ക് ആകര്‍ഷിക്കപ്പെടുന്ന മേഘങ്ങളും സംഗമിക്കുന്നത് ഇടുക്കി, പത്തനംതിട്ട, തൃശൂര്‍ ജില്ലകളുടെ കിഴക്കന്‍ മലയോരത്തായിരിക്കും. അങ്ങനെയെങ്കില്‍ ഏതാനും ദിവസം ഈ പ്രദേശത്തെ വനത്തിനുള്ളില്‍ മഴ ലഭിച്ചക്കോം. മുല്ലപ്പെരിയാറിന്റെ മഴപ്രദേശങ്ങളിലും പേമാരി ലഭിച്ചേക്കും. ഇത് മണ്ണിടിച്ചിലിന് ഇടയാക്കുമോ എന്നതാണ് ആശങ്ക.
ഇടുക്കിയുടെ ഉള്‍പ്രദേശങ്ങളില്‍ നിര്‍മിച്ചിരിക്കുന്ന പല തടയണകളും കനത്ത മഴയില്‍ കവിഞ്ഞൊഴുകുന്നത് ആശാസ്യമല്ല. അവയിലെ വെള്ളവും സമീപത്തെ തോടുകളിലേക്കോ മറ്റോ കുറേശ്ശയായി തിരിച്ചുവിടുന്നതാകും നല്ലതെന്നു ജലവിഭവ രംഗത്തെ വിദഗ്ധര്‍ പറയുന്നു. മൂന്നാറില്‍ അഞ്ചു സെന്റിമീറ്ററോളം മഴ ഇന്നു ലഭിച്ചു. ഇതോടെ നീലക്കുറിഞ്ഞി സഞ്ചാരികളുടെ വരവു നിലചിട്ടുണ്ട്. ഇതിനൊപ്പമാണു റെഡ് അലര്‍ട്ട്. ഇതുകൂടി ആയതോടെ സഞ്ചാരികളുടെ വരവ് പിന്നെയും കുറയും. തുടര്‍ച്ചയായ മഴയില്‍ കുറിഞ്ഞിക്കും ഉലച്ചില്‍ തട്ടും. ഇടുക്കി ഇന്നു മുതല്‍ തന്നെ ഓറഞ്ച് അലര്‍ട്ടിന്റെ നിഴലിലാണ്. രാത്രി സഞ്ചാരവും ജലാശയങ്ങളിലേക്കുള്ള യാത്രയും കുറച്ചു സുരക്ഷിത സ്ഥാനങ്ങളില്‍ അഭയം തേടുക എന്നതാണ് റെഡ് അലര്‍ട്ടിന്റെ അര്‍ഥം. ഓറഞ്ച് അലര്‍ട്ട് തയാറെടുപ്പോടെ മുന്‍കരുതലെല്ലാം ക്രമീകരിച്ച് ഒരുങ്ങി ഇരിക്കാനുള്ള മുന്നറിയിപ്പും.
Leave a Reply