ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലോക ജനതയെ മുഴുവൻ ബന്ധനസ്ഥിലാക്കി വീട്ടിലിരുത്തിയ കോവിഡ് മഹാമാരിയുടെ അനന്തരഫലങ്ങളെ കുറിച്ച് പല തലത്തിലുള്ള പഠനങ്ങൾ ആണ് പുരോഗമിക്കുന്നത്. കോവിഡ് ലോകമെങ്ങുമുള്ള ജനങ്ങളുടെ ശാരീരികാരോഗ്യത്തെ മാത്രമല്ല രോഗബാധിതരുടെ മാനസികാരോഗ്യത്തെയും സാരമായി ബാധിച്ചതിന്റെ ഒട്ടേറെ പഠന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ലോക്ഡൗൺ ഏർപ്പെടുത്തിയപ്പോൾ വീട്ടിൽ അടച്ചുപൂട്ടി ഇരിക്കേണ്ടിവന്നത് പലരീതിയിലുള്ള മാനസിക ശാരീരിക പ്രശ്നങ്ങൾക്കാണ് കാരണമായിരിക്കുന്നത്.
ലോക്ക് ഡൗൺ സമയത്ത് വീട്ടിൽ ഇരിക്കേണ്ടി വന്നത് ബ്രിട്ടീഷുകാരുടെ മദ്യപാനാസക്തി അമിതമാക്കി എന്ന പഠന റിപ്പോർട്ടിലെ കണക്കുകൾ ഞെട്ടിക്കുന്നതാണ്. അമിത മദ്യാപാനം മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾക്ക് ചികിത്സ നൽകുന്നതു മൂലം എൻഎച്ച്എസിന് 5.2 മില്യൺ പൗണ്ട് അധിക ചിലവ് നേരിടേണ്ടി വരുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. മദ്യപാനസക്തിയെ തുടർന്നുള്ള ആരോഗ്യപ്രശ്നങ്ങൾ മൂലം മാത്രം 25,000 -ത്തിലധികം മരണങ്ങൾ സംഭവിച്ചേക്കാമെന്ന കണ്ടെത്തലിനെ വളരെ ഗൗരവത്തോടെയാണ് ആരോഗ്യ വിദഗ്ധർ നോക്കിക്കാണുന്നത്.
പാൻഡമിക്കിന്റെ സമയത്ത് അമിതമായ മദ്യപാനസക്തിയ്ക്ക് അടിമയായ പലരും തങ്ങളുടെ ശീലം മഹാമാരിക്ക് ശേഷവും തുടരുന്നതായാണ് പഠനം കണ്ടെത്തിയത്. വരുന്ന വർഷങ്ങളിലും ഇതുയർത്തുന്ന ആരോഗ്യ പ്രശ്നങ്ങൾ ഗുരുതരമായിരിക്കും. എൻഎച്ച്എസ് ഇംഗ്ലണ്ടിന്റെ നിർദ്ദേശപ്രകാരം ഷഫീൽഡ് സർവകലാശാലയിലെ വിദഗ്ധരാണ് പഠനത്തിന് നേതൃത്വം നൽകിയത്. ഇത് കൂടാതെ ഇൻസ്റ്റ്യൂട്ട് ഓഫ് ആൽക്കഹോൾ സ്റ്റഡീസ് നടത്തിയ പഠനത്തിൽ 7 തരത്തിലുള്ള ക്യാൻസറുകൾ ഉൾപ്പെടെ 200 -ലധികം ആരോഗ്യപ്രശ്നങ്ങൾ അമിതമായ മദ്യപാനവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്നതായി കണ്ടെത്തിയിരുന്നു.
Leave a Reply