ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- എലിസബത്ത് രാജ്ഞിയുടെ തികച്ചും മോശമായ ആരോഗ്യസ്ഥിതി മൂലം സെപ്റ്റംബർ വരെ യാതൊരുവിധ പൊതുപരിപാടികളിലും പങ്കെടുക്കുവാൻ സാധ്യതയില്ലെന്ന് റോയൽ കമെന്റെറ്റർമാരിൽ ഒരാൾ വ്യക്തമാക്കിയിരിക്കുകയാണ്. കോളമ്നിസ്റ്റ് ആയിരിക്കുന്ന ഡാനിയേല എൽസിർ ആണ് ഇക്കാര്യം പൊതുസമൂഹത്തിൽ പറഞ്ഞിരിക്കുന്നത്. തന്റെ 70 വർഷക്കാലത്തെ ഭരണത്തിനിടയിൽ ആദ്യമായാണ് രാജ്ഞി റോയൽ അസ്ക്കൊട്ട് കുതിരയോട്ട മത്സരത്തിൽ പങ്കെടുക്കാതിരിക്കുന്നത്. തികച്ചും മോശമായ അവസ്ഥയിൽ മാത്രമേ രാജ്ഞി ഇത്തരം ചടങ്ങുകളിൽ പങ്കെടുക്കാതെ ഇരിക്കുകയുള്ളൂ എന്ന് രാജ്ഞിയുടെ വിശ്വസ്തയായിരുന്ന എയ്ഞ്ചലാ കെല്ലി തന്റെ പുസ്തകത്തിൽ രേഖപ്പെടുത്തിയിരുന്നത് ഡാനിയേല എൽസിർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ന്യൂസ്‌. കോം. എ യു എന്ന സൈറ്റിന് വേണ്ടി എഴുതിയ ലേഖനത്തിലാണ് എൽസിർ ഇത്തരം തികച്ചും മോശമായ ആരോഗ്യ സാഹചര്യങ്ങളിലൂടെയാണ് രാജ്ഞി കടന്നുപോകുന്നതെന്ന് വ്യക്തമാക്കിയിരിക്കുന്നത്. രാജ്യത്ത് ഏറ്റവും കൂടുതൽ കാലം ഭരണാധികാരി ആയിരുന്ന എലിസബത്ത് രാജ്ഞിയെ ഇനിയും പൊതുപരിപാടികളിൽ കാണുവാൻ സാധിക്കില്ല എന്നും എൽസിർ വ്യക്തമാക്കുന്നുണ്ട്. ഭരണ സ്ഥാനത്ത് ഇരിക്കുന്നുണ്ടെങ്കിലും, യാതൊരുവിധ പൊതുപരിപാടികളിലും പങ്കെടുക്കാത്ത രാജ്ഞിയെ കുറ്റപ്പെടുത്തിയാണ് എൽസിർ തന്റെ ലേഖനം എഴുതിയിരിക്കുന്നത്.

രാജ്ഞിക്ക് നടക്കുവാനും മറ്റും വളരെയധികം ബുദ്ധിമുട്ടുണ്ടെന്നാണ് നിലവിലെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അതിനാൽ തന്നെ രാജ്ഞിയുടെ ആരോഗ്യനിലയെ സംബന്ധിച്ചുള്ള ആശങ്കകൾ ജനങ്ങൾക്കിടയിൽ തന്നെയുണ്ട്. അടുത്തിടെ നടന്ന പൊതുപരിപാടികളിൽ ഒന്നുംതന്നെ രാജ്ഞി തന്റെ സാന്നിധ്യം അറിയിച്ചിരുന്നില്ല.