വ്യവസായി എംഎ യൂസഫലിയും കുടുംബവും സഞ്ചരിച്ചിരുന്ന സ്വകാര്യ ഹെലികോപ്ടര്‍ എമര്‍ജന്‍സി ലാന്‍ഡിങ് നടത്തിയപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ പോലീസുകാരിയെ ആദരിച്ച് കേരള പൊലീസ്.
കൊച്ചി പനങ്ങാട് പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ എ.വി. ബിജിക്ക് 2000 രൂപ പാരിതോഷികവും സംസ്ഥാന പൊലീസ് മേധാവിയുടെ പ്രശംസാപത്രവും ലഭിക്കും.
യാത്രക്കാരുമായി ഹെലികോപ്റ്റര്‍ ഇടിച്ചിറങ്ങിയപ്പോള്‍ അവരെ രക്ഷിക്കാന്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ എവി ബിജി കാണിച്ച ധീരതയാര്‍ന്ന പ്രവര്‍ത്തനത്തിനാണ് സര്‍ട്ടിഫിക്കറ്റും പാരിതോഷികവും എന്ന് സംസ്ഥാന പൊലീസ് മേധാവി പറഞ്ഞു.
ഇന്ധനതകരാര്‍ മൂലമാണ് യൂസഫലിയും സംഘവും സഞ്ചരിച്ചിരുന്ന സ്വകാര്യ ഹെലികോപ്ടറാണ് പനങ്ങാട് ദേശീയപാതയ്ക്ക് സമീപമുള്ള ചതുപ്പില്‍ ഇടിച്ചിറക്കിയത്. ഇതിന് തൊട്ടടുത്ത് താമസിക്കുന്ന ബിജിയും ഭര്‍ത്താവ് രാജേഷുമാണ് ആദ്യം രക്ഷാപ്രവര്‍ത്തനത്തിന് എത്തിയത്. യാത്രക്കാരെ പുറത്തിറങ്ങാന്‍ സഹായിച്ചതും വിശ്രമത്തിനുള്ള സൗകര്യമൊരുക്കിയതും ഇവരായിരുന്നു. അപകട വിവരം സ്റ്റേഷനില്‍ അറിയിച്ചത് ബിജിയാണ്.
യൂസഫലിയും ഭാര്യയും ഉള്‍പെടെ അഞ്ചു പേരാണ് അപകടസമയത്ത് ഹെലികോപ്ടറില്‍ ഉണ്ടായിരുന്നത്. സംഭവത്തില്‍ ആര്‍ക്കും സാരമായ പരിക്കില്ല. ഉടന്‍ തന്നെ എല്ലാവരേയും ആശുപത്രിയില്‍ എത്തിച്ചിരുന്നു.
Leave a Reply