”അമ്മേ ഇന്നൊരു പ്രധാനപ്പെട്ട ഡ്യൂട്ടി ഉണ്ട്.. അതിനു പോകാന്‍ ഒരുങ്ങുകയാണ്”-ദുരന്തം കവരുന്നതിന് മുന്‍പ് പ്രദീപ് അമ്മയോട് ഫോണിലൂടെ പറഞ്ഞ വാക്കുകളാണിത്. ആ പ്രധാനപ്പെട്ട ഡ്യൂട്ടി അവസാനത്തെ ഡ്യൂട്ടി ആയി മാറുകയും ചെയ്തതിന്റെ ഞെട്ടലിലാണ് കുടുംബവും നാടും. വ്യോമസേന അസിസ്റ്റ് വാറണ്ട് ഓഫീസറായിരുന്നു തൃശൂര്‍ സ്വദേശി പ്രദീപ് അറയ്ക്കല്‍.

ഒരു പ്രധാനപ്പെട്ട ഡ്യൂട്ടി ഉണ്ടെന്ന് പറഞ്ഞ് വിളിച്ച പ്രദീപിന്റെ അവസാന ഫോണ്‍ കോളിനെക്കുറിച്ച് ഓര്‍ക്കുകയാണ് കുടുംബം. ”അമ്മേ ഇന്നൊരു പ്രധാനപ്പെട്ട ഡ്യൂട്ടി ഉണ്ട്.. അതിനു പോകാന്‍ ഒരുങ്ങുകയാണ്” മരിക്കുന്നതിനു മുന്‍പ് പ്രദീപ് അമ്മയോടു പറഞ്ഞ വാക്കുകളാണിത്. പക്ഷെ പ്രധാനപ്പെട്ട ഡ്യൂട്ടി എന്നതിനെക്കാള്‍ അത് അദ്ദേഹത്തിന്റെ അവസാന ഡ്യൂട്ടി ആയി മാറുകയും ചെയ്തു.

ഏതാനും ദിവസം മുന്‍പാണ് പ്രദീപ് നാട്ടിലെത്തിയത്. മകന്റെ പിറന്നാളും അച്ഛന്റെ ചികിത്സ ആവശ്യത്തിനുമായിട്ടാണ് പ്രദീപ് നാട്ടിലെത്തിയത്. ജോലി സ്ഥലത്ത് തിരിച്ചെത്തി വൈകാതെ തന്നെ പ്രദീപിനെ മരണം തട്ടിയെടുത്തു.

തൃശൂരില്‍ നിന്നും തിരിച്ചെത്തി നാലാം ദിവസമായിരുന്നു അപകടം. പൊന്നൂക്കര മൈമ്പുള്ളി ക്ഷേത്രത്തിന് സമീപം അറക്കല്‍ വീട്ടില്‍ രാധാകൃഷ്ണന്റെ മൂത്ത മകനാണ് പ്രദീപ് (37). പ്രദീപിന്റെ മരണവാര്‍ത്ത അറിഞ്ഞ് സഹോദരന്‍ പ്രസാദ് കോയമ്പത്തൂരിലേക്ക് തിരിച്ചിട്ടുണ്ട്.

കോയമ്പത്തൂരിലെ ക്വാര്‍ട്ടേഴ്സിലാണ് പ്രദീപും കുടുംബവും താമസിച്ചിരുന്നത്. ശ്രീലക്ഷ്മിയാണ് പ്രദീപിന്റെ ഭാര്യ, മക്കള്‍- ദക്ഷന്‍ ദേവ് (5),ദേവപ്രയാഗ് (2).കുനൂരിലുണ്ടായ ഹെലികോപ്ടര്‍ അപകടം കവര്‍ന്നത് സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് ഉള്‍പ്പെടെ 13 പേരുടെ ജീവനാണ്.