വിചാരണ സുതാര്യമല്ല, കോടതി മാറ്റം വേണം; ഇരയ്ക്ക് നീതി ലഭിക്കില്ല, അസാധാരണ നടപടിയുമായി പ്രോസിക്യൂഷൻ

വിചാരണ സുതാര്യമല്ല, കോടതി മാറ്റം വേണം; ഇരയ്ക്ക് നീതി ലഭിക്കില്ല, അസാധാരണ നടപടിയുമായി പ്രോസിക്യൂഷൻ
October 16 15:41 2020 Print This Article

സുതാര്യമായ നടപടികൾ വിചാരണക്കോടതിയിൽ നിന്നും പ്രതീക്ഷിക്കുന്നില്ലെന്ന ആരോപണവുമായി പ്രോസിക്യൂഷൻ. നടിയെ ആക്രമിച്ച കേസിലെ വിചാരണയടക്കമുള്ള തുടർനടപടികൾ നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ പ്രത്യേക കോടതിയിൽ ഹർജി ഫയൽ ചെയ്തു. അസാധാരണമായ നടപടിയാണ് കേസിൽ ഉണ്ടായിരിക്കുന്നത്. കോടതിയിൽനിന്ന് സുതാര്യമായ വിചാരണ പ്രതീക്ഷിക്കുന്നില്ലെന്നും കോടതി മാറ്റം വേണമെന്നുമാണ് ആവശ്യം. ഹൈക്കോടതിയിൽ അപേക്ഷ നൽകുമെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.

ഹൈക്കോടതിയിൽ ട്രാൻസ്ഫർ പെറ്റീഷൻ നൽകുമെന്നും അതുവരെ വിചാരണ നടപടികൾ നിർത്തിവെക്കണമെന്നുമാണ് പ്രത്യേക കോടതിയിൽ നൽകിയ ഹർജിയിലെ ആവശ്യം. 182ാമത്തെ സാക്ഷിയെ കഴിഞ്ഞ ദിവസം വിസ്തരിച്ചിരുന്നു. ഈ ഘട്ടത്തിൽ പ്രോസിക്യൂഷന് എതിരെയുള്ള ഒരു കത്ത് കോടതി വായിച്ചു. മാത്രമല്ല, പ്രോസിക്യൂഷനെതിരെ ഒട്ടും അടിസ്ഥാനമില്ലാത്തതും വസ്തുതാവിരുദ്ധവുമായ ആരോപണങ്ങൾ കോടതി ഉന്നയിച്ചെന്നും പ്രോസിക്യൂഷൻ പറയുന്നു.

ഈ സാഹചര്യത്തിൽ സുതാര്യമായ വിചാരണ കോടതിയിൽ നടക്കുമെന്ന് കരുതുന്നില്ല. ഇരയ്ക്ക് നീതി ലഭ്യമാകും എന്ന് പ്രതീക്ഷിക്കാൻ കഴിയില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഹർജി ഇന്നുതന്നെ കോടതി പരിഗണിച്ചേക്കുമെന്നാണ് സൂചന.

ഹർജിയിൽ കോടതി എന്ത് നിലപാട് എടുക്കും എന്നതും സുപ്രധാനമാണ്. നേരത്തെ, കേസിൽ വളരെ വേഗത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കണമെന്ന് നിർദേശമുണ്ടായിരുന്നെങ്കിലും കോവിഡ് പശ്ചാത്തലത്തിൽ നടപടിക്രമങ്ങൾ നീണ്ടുപോയിരുന്നു. അതിനിടെയാണ് പുതിയ സംഭവവികാസങ്ങൾ.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles