ദളപതി വിജയ് ചിത്രങ്ങൾ എന്നും ആരാധകർക്ക് സമ്മാനിക്കുന്നത് ആവേശത്തിന്റെ ഉത്സവമാണ്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ ഓരോ ചിത്രങ്ങൾക്കും വലിയ വരവേൽപ്പാണ് ആരാധകർ നൽകുന്നത്. ഇത്തവണ അവർക്കായി ഒരു സ്പോർട്സ് ആക്ഷൻ സിനിമയാണ് വിജയ് എത്തിച്ചിരിക്കുന്നത്. ഇന്ന് ലോകമെമ്പാടുമുള്ള പ്രദർശന ശാലകളിൽ എത്തിയ ബ്രഹ്മാണ്ഡ തമിഴ് ചിത്രമാണ് ദളപതി വിജയ് നായകനായി എത്തിയ ബിഗിൽ. രാജ റാണി, തെരി, മെർസൽ എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ആറ്റ്ലീ സംവിധാനം ചെയ്ത ഈ സ്പോർട്സ് ആക്ഷൻ ചിത്രം രചിച്ചിരിക്കുന്നത് ആറ്റ്ലീയും എസ് രമണ ഗിരിവാസനും ചേർന്നാണ്. കലപതി എസ് അഘോരം, കലപതി എസ് ഗണേഷ്, കലപതി എസ് സുരേഷ് എന്നിവർ ചേർന്ന് എ ജി എസ് എന്റർടൈൻമെൻറ്സിന്റെ ബാനറിൽ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം 150 കോടിയോളം രൂപ ചെലവിട്ടാണ് നിർമ്മിച്ചിരിക്കുന്നത്. ലേഡി സൂപ്പർ സ്റ്റാർ നയൻതാര നായികാ വേഷത്തിൽ എത്തിയിരിക്കുന്ന ഈ ചിത്രത്തിൽ ജാക്കി ഷെറോഫ്, വിവേക് എന്നിവരും പ്രധാന വേഷങ്ങൾ അവതരിപ്പിച്ചിരിക്കുന്നു. എ ആർ റഹ്മാൻ സംഗീതം നൽകിയ ഇതിലെ ഗാനങ്ങളും അതുപോലെ തന്നെ ഈ ചിത്രത്തിന്റെ ട്രെയ്ലറും വമ്പൻ പ്രേക്ഷക പ്രതികരണം ആണ് നേടിയെടുത്തത്.

രായപ്പൻ എന്നും മൈക്കൽ എന്നും പേരുള്ള രണ്ടു കഥാപാത്രങ്ങൾക്ക് ആണ് വിജയ് ഈ ചിത്രത്തിൽ ജീവൻ നൽകിയിരിക്കുന്നത്. അച്ഛനും മകനും ആയ ഇവരുടെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങൾ ആണ് ഈ ചിത്രം അവതരിപ്പിക്കുന്നത്. അപ്രതീക്ഷിതമായി വനിതാ ഫുട്ബോൾ ടീമിന്റെ പരിശീലകൻ ആവേണ്ടി വരുന്ന മൈക്കൽ എന്ന കഥാപാത്രത്തിന്റെ ജീവിതത്തിൽ തുടർന്ന് സംഭവിക്കുന്ന കാര്യങ്ങളിലൂടെയും ഫ്ലാഷ് ബാക്കുകളിലൂടെയും ആണ് ഈ ചിത്രം സഞ്ചരിക്കുന്നത്.

ആറ്റ്ലി- വിജയ് ചിത്രത്തിൽ നിന്ന് പ്രതീക്ഷിക്കുന്നത് പോലെ ഒരിക്കൽ കൂടി എല്ലാത്തരം പ്രേക്ഷകരെയും ത്രസിപ്പിക്കുന്ന ഒരു എന്റെർറ്റൈനെർ ആണ് ഇത്തവണയും ഈ കൂട്ടുകെട്ട് ആരാധകർക്ക് മുന്നിൽ എത്തിച്ചിരിക്കുന്നത്. തങ്ങളുടെ മുൻ ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി സ്പോർട്സ് എന്ന ഘടകം നൽകുന്ന ആവേശവും കൂടി ബിഗിലിന്റെ ഭാഗമാക്കാൻ ഇവർക്ക് സാധിച്ചിട്ടുണ്ട്. എല്ലാവിധ വിനോദ ഘടകങ്ങളും കോർത്തിണക്കിയാണ് ആറ്റ്ലിയും രമണ ഗിരിവാസനും ചേർന്ന് ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആരാധകർക്ക് ആഘോഷിക്കാൻ മാസ്സ് എലമെന്റുകൾ എല്ലാം നൽകിയപ്പോൾ തന്നെ വിജയ് എന്ന നടനെ മികച്ച രീതിയിൽ ഉപയോഗിക്കാനും ഈ ചിത്രത്തിലൂടെ ശ്രമിച്ചിട്ടുണ്ട്. രസ ചരട് പൊട്ടാതെ തന്നെ സ്ത്രീ കഥാപാത്രങ്ങൾക്കു അർഹമായ പ്രാധാന്യം നൽകിയും സ്ത്രീകളുടെ പ്രാധാന്യവും ശക്തിയും എടുത്തു പറഞ്ഞുമാണ് ചിത്രം മുന്നോട്ടു പോകുന്നത്. എന്നിരുന്നാലും ആദ്യ പകുതിയിൽ അനുഭവപ്പെടുന്ന ഇഴച്ചിൽ ചിത്രത്തിന്റെ ഒഴുക്കിനെ ബാധിക്കുന്നുണ്ട്.

സ്ത്രീകൾ ഉൾപ്പെടെ ഉള്ളവരുടെ ഓരോ കഥാ സന്ദർഭങ്ങളെയും കഥാപാത്രങ്ങളെയും മാസ്സ് ആയി അവതരിപ്പിച്ചതിനൊപ്പം ഓരോ കഥാപാത്രത്തിനും വ്യക്തമായ ഒരു ഐഡന്റിറ്റി നൽകാനും അവർ വന്നു ചേരുന്ന കഥാ സന്ദര്ഭങ്ങൾക്കു വിശ്വസനീയത പകരാനും സംവിധായകന് കഴിഞ്ഞിട്ടുണ്ട്. ഇതിനൊപ്പം തന്നെ വമ്പൻ ആക്ഷൻ രംഗങ്ങളും, വിജയ് ആരാധകർക്ക് ആഘോഷിക്കാനുള്ള കിടിലൻ ഡയലോഗുകളും ആവേശവും കോമെഡിയും പ്രണയവും അടക്കം എല്ലാം തികഞ്ഞ ഒരു കംപ്ലീറ്റ് എന്റർടൈന്മെന്റ് തന്നെയാണ് ആറ്റ്ലി ഒരുക്കിയിരിക്കുന്നത്. വിജയ്- നയൻതാര ലൗ ട്രാക്കും നിലവാരം പുലർത്താത്ത കോമഡിയും അതുപോലെ പെട്ടെന്ന് കയറി വരുന്ന ഗാനങ്ങളും കല്ലുകടി ആയിട്ടുണ്ട്. ഫുട്ബാൾ രംഗങ്ങൾ അത്ര മികച്ച രീതിയിൽ ചിത്രീകരിക്കാൻ സാധിച്ചിട്ടില്ല എന്നതും അത്തരം രംഗങ്ങളിൽ ചക് ദേ ഇന്ത്യ എന്ന സിനിമയുമായി അറിഞ്ഞോ അറിയാതെയോ ഉണ്ടായ സാമ്യവും ചിത്രത്തിന് ഗുണകരമായിട്ടില്ല. വളരെയധികം പ്രവചനീയമായ രീതിയിൽ ആണ് ചിത്രം മുന്നോട്ടു പോകുന്നത് എന്നതും പറഞ്ഞേ പറ്റൂ. അതേ സമയം, ഫെമിനിസം, സ്ത്രീ ശാക്തീകരണം, അച്ഛൻ- മകൻ ബന്ധം എന്നിവയിലൂടെയെല്ലാം പ്രേക്ഷകരെ ആദ്യാവസാനം ചിത്രത്തിൽ മുഴുകിയിരിക്കാൻ പ്രേരിപ്പിക്കാനും സംവിധായകന് കഴിഞ്ഞിട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്ന് തന്നെയാണ് വിജയ് ഈ ചിത്രത്തിന് വേണ്ടി നൽകിയത്. സ്ക്രീൻ പ്രസൻസ് കൊണ്ടും മികച്ച ഡയലോഗ് ഡെലിവറി കൊണ്ടും സ്പോർട്സ്- ആക്ഷൻ രംഗങ്ങളിൽ പുലർത്തിയ അസാമാന്യ മെയ് വഴക്കം കൊണ്ടും വിജയ് മുഴുവൻ സിനിമാ പ്രേമികളുടെയും കയ്യടി നേടി. അച്ഛനും മകനും ആയി വിജയ് തന്ന പെർഫോമൻസ് ഏറ്റവും മികച്ചതായിരുന്നു എങ്കിലും രായപ്പൻ എന്ന അച്ഛൻ കഥാപാത്രം ആയുള്ള പ്രകടനമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ഫിസിയോ തെറാപ്പിസ്റ്റ് കഥാപാത്രമായെത്തിയ നയൻതാരക്ക് കാര്യമായി ഒന്നും തന്നെ ചെയ്യാൻ ഉണ്ടായിരുന്നില്ല. രണ്ടാം പകുതിയിൽ ആണ് പിന്നെയും എന്തെങ്കിലും ഈ നടിക്ക് ചെയ്യാൻ സാധിച്ചത്. ജാക്കി ഷറോഫിനും ഒരു നടനെന്ന നിലയിൽ ശക്തമായ വേഷമല്ല ലഭിച്ചത്. ശക്തനായ ഒരു വില്ലൻ ഇല്ലാത്തത് ചിത്രത്തിന്റെ നെഗറ്റീവ് തന്നെയാണ്. ഇവർക്കൊപ്പം വിവേക്, കതിർ, ഡാനിയൽ ബാലാജി, ആനന്ദ് രാജ്, രാജ്‌കുമാർ, ദേവദർശിനി, യോഗി ബാബു, സൗന്ദര്യ രാജ, ഐ എം വിജയൻ, വനിതാ ഫുട്ബോൾ പ്ലയെര്സ് ആയി എത്തിയ ഇന്ദുജ രവിചന്ദ്രൻ, റീബ മോനിക്കാ ജോൺ, വർഷ ബൊല്ലമ്മ, അമൃത അയ്യർ, ഇന്ദ്രാജാ, ഗായത്രി റെഡ്ഢി എന്നിവരും ഈ ചിത്രത്തിൽ തൃപ്തിപ്പെടുത്തുന്ന പ്രകടനമാണ് നൽകിയത്.

ഈ സ്പോർട്സ്- ആക്ഷൻ ചിത്രത്തിന് വേണ്ടി ജി കെ വിഷ്ണു ഒരുക്കിയത് മികച്ച ദൃശ്യങ്ങളാണ്. ഒരു സ്പോർട്സ് ചിത്രത്തിന്റെ ആവേശവും ആക്ഷൻ ചിത്രത്തിന്റെ എനർജിയും ഒരേപോലെ നല്കാൻ വിഷ്ണു ഒരുക്കിയ മികവാർന്ന ദൃശ്യങ്ങൾക്കായി. എ ആർ റഹ്മാൻ ഒരുക്കിയ പശ്ചാത്തല സംഗീതവും ഗാനങ്ങളും മികച്ചു നിന്നു. വിജയ്‌യുടെ ഇൻട്രോ ഗാനം ആയ വെറിതനം ഗംഭീരമായ രീതിയിൽ തന്നെ അവതരിപ്പിച്ചിട്ടുണ്ട്. അതുപോലെ സിംഗ പെണ്ണേ എന്ന ഗാനവും മികച്ചു നിന്നു. തരക്കേടില്ലാത്ത വേഗതയിൽ ഈ ചിത്രം മുന്നോട്ടു പോയത് എഡിറ്റർ റൂബന്റെ കൂടി കഴിവിന്റെ ഫലമാണ്. എന്നാൽ നിരാശപ്പെടുത്തിയത് വി എഫ് എക്‌സ് ആണ്. ഫുട്ബാൾ രംഗങ്ങളിൽ വന്ന വി എഫ് എക്‌സ് നിലവാരം പുലർത്തിയില്ല.

ചുരുക്കി പറഞ്ഞാൽ ബിഗിൽ ഒരു മാസ്സ് എന്റർടൈനറാണ്. ആവേശത്തിന്റെ അപൂർവ കോമ്പിനേഷൻ ആയ സ്പോർട്സും ആക്ഷനും ചേർന്ന ഈ ചിത്രം പതിവ് പോലെ ഒരു കംപ്ലീറ്റ് വിജയ് ഷോ ആണെന്ന് പറയാം. വിജയ്- ആറ്റ്‌ലി ടീം ഹാട്രിക്ക് വിജയം നേടുമെന്നുറപ്പ്.