സ്വവര്‍ഗ ബന്ധങ്ങളെ നിയമപരമായി അംഗീകരിക്കണമെന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിലപാട് സ്വാഗതാര്‍ഹമെന്ന് ഐക്യരാഷ്ട്രസഭ. മാര്‍പാപ്പയുടെ ഈ നിലപാട് എല്‍ജിബിടി സമൂഹത്തോടുള്ള വിവേചനം ഒഴിവാക്കാന്‍ സഹായിക്കുമെന്നാണ് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞത്.

അടുത്തിടെയായി പുറത്തിറങ്ങിയ ഒരു ഡോക്യുമെന്ററിയിലാണ് സ്വവര്‍ഗാനുരാഗികളെ പിന്തുണച്ചുകൊണ്ടുള്ള മാര്‍പാപ്പയുടെ പരാമര്‍ശം. സ്വവര്‍ഗ ബന്ധത്തിന് നിയമ പരിരക്ഷ വേണമെന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ആവശ്യപ്പെട്ടത്.

‘സ്വവര്‍ഗ പങ്കാളികളുടെ ബന്ധത്തിന് നിയമ പരിരക്ഷ വേണമെന്നാണ് താന്‍ കരുതുന്നത്. സ്വവര്‍ഗ പ്രണയികള്‍ക്കും കുടുംബ ബന്ധത്തിന് അവകാശമുണ്ട്. അവര്‍ ദൈവത്തിന്റെ മക്കളാണ്. അവര്‍ക്കും കുടുംബമായി ജീവിക്കാന്‍ അവകാശമുണ്ട്’ എന്നാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ പറഞ്ഞത്. രണ്ടായിരം വര്‍ഷത്തെ സഭാചരിത്രത്തില്‍ ഇത് ആദ്യമായാണ് ഒരു പോപ്പ് സ്വവര്‍ഗ ബന്ധത്തില്‍ ഉറച്ച നിലപാട് പ്രഖ്യാപിക്കുന്നത്. സ്വവര്‍ഗ വിവാഹങ്ങളെ സഭ എക്കാലത്തും എതിര്‍ക്കുകയാണ് ചെയ്തിരുന്നത്. സഭയുടെ ഈ നിലപാടിനാണ് ഇപ്പോള്‍ മാറ്റം വന്നിരിക്കുന്നത്.