ഇംഗ്ലണ്ടിനെതിരെ കഴിഞ്ഞ ദിവസം നടന്ന ആദ്യ ടെസ്റ്റ് മത്സരത്തിൽ ഇന്നിംഗ്സ് വിജയമാണ് ആതിഥേയരായ ന്യൂസിലൻഡ് സ്വന്തമാക്കിയത്. എന്നാൽ കനത്ത തോൽവി വഴങ്ങിയെങ്കിലും ഒരു കാര്യത്തിൽ ഇംഗ്ലണ്ടിന് ആശ്വസിക്കാം. ഐസിസി യുടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമല്ല ഈ മത്സരമെന്നതാണ് അത്. ഇക്കാര്യം കൊണ്ട് തന്നെ ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ ടീമുകളുടെ പോയിന്റിനെ ഈ മത്സരത്തിലെ ജയപരാജയം ബാധിക്കില്ല. അല്ലായിരുന്നെങ്കിൽ ന്യൂസിലൻഡ് ഈ മത്സരത്തിലെ വിജയത്തോടെ ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ 60 പോയിന്റുകൾ നേടിയേനെ.
ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ നിയമം അനുസരിച്ച് ഓരോ ടീമും മൂന്ന് വീതം ടെസ്റ്റ് പരമ്പരകളാണ് നാട്ടിലും, വിദേശത്തും കളിക്കേണ്ടത്. ഈ പരമ്പരകളിലെ പോയിന്റുകളാണ് ചാമ്പ്യൻഷിപ്പിൽ കണക്കിലെടുക്കുക. ഇതനുസരിച്ച് ഇംഗ്ലണ്ടിന്റെ വിദേശ പരമ്പരകൾ ദക്ഷിണാഫ്രിക്കയ്ക്കെതിരെയും ( 4 മത്സര പരമ്പര), ശ്രീലങ്കയ്ക്കെതിരെയും (2 മത്സര പരമ്പര), ഇന്ത്യയ്ക്കെതിരെയുമാണ്(5 മത്സര ടെസ്റ്റ് പരമ്പര). ഈ മൂന്ന് പരമ്പരകളിലെ ജയപരാജയങ്ങൾ മാത്രമേ ചാമ്പ്യൻഷിപ്പിൽ ഇംഗ്ലണ്ടിന്റെ പോയിന്റിനെ ബാധിക്കൂ.
ന്യൂസിലൻഡിനെതിരെ നിലവിൽ നടന്ന് കൊണ്ടിരിക്കുന്ന രണ്ട് മത്സര ടെസ്റ്റ് പരമ്പര ഇംഗ്ലണ്ടിന്റെ ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമല്ലാത്തതിനാൽ ഈ മത്സരങ്ങൾ പോയിന്റിന് പരിഗണിക്കില്ല. അത് കൊണ്ട് തന്നെ കിവീസിനെതിരായ ആദ്യ ടെസ്റ്റിലെ കനത്ത പരാജയം ഇംഗ്ലണ്ടിനെ അത്ര കാര്യമായി അലട്ടില്ല.
Leave a Reply