ഇടുക്കി: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു. മധ്യകേരളത്തിലും വടക്കന്‍ ജില്ലകളിലും മഴ 48 മണിക്കൂര്‍ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. കഴിഞ്ഞ 48 മണിക്കൂറായി തുടരുന്ന കാലവര്‍ഷക്കെടുതിയില്‍ ഇതുവരെ 25 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടിരിക്കുന്നത്. രാക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി സൈന്യം രംഗത്തിറങ്ങിയിട്ടുണ്ട്. ഇടുക്കി, വയനാട് തുടങ്ങിയ മലയോര മേഖലകളിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്രസംഘം വിവിധ ജില്ലകളിലെത്തിയിട്ടുണ്ട്. ദേശീയ ദുരന്ത പ്രതികരണ സേനയുടെ പതിനഞ്ചംഗ സംഘത്തെ ഹെലികോപ്റ്റര്‍ മുഖേന വയനാട്ടില്‍ എത്തിച്ചിട്ടുണ്ട്. 48 പേരടങ്ങുന്ന മറ്റൊരു സംഘം രാവിലെയോടെ കല്‍പ്പറ്റയിലെത്തിച്ചേര്‍ന്നിട്ടുണ്ട്. 28 പേരടങ്ങുന്ന ഒരു സംഘം മലപ്പുറത്തും 28 പേരടങ്ങുന്ന മറ്റൊരു സംഘം കോഴിക്കോടും രക്ഷാപ്രവര്‍ത്തനങ്ങളുടെ ഭാഗമാണ്. ഇടുക്കി, പാലക്കാട് ജില്ലകളിലേക്കും പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
മലപ്പുറത്ത് അതിശക്തമായ മഴ തുടര്‍ന്നതോടെ നിലമ്പൂര്‍, കാളികാവ്, കരുവാരകുണ്ട് ഭാഗങ്ങളിലായി പത്തു ദുരിതാശ്വാസ ക്യാംപുകള്‍ ആരംഭിച്ചിട്ടുണ്ട്. പാലക്കാട് ജില്ലയിലെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. മലമ്പുഴയില്‍ നിന്ന് ജില്ലയിലേക്ക് കുടിവെള്ളം എത്തിക്കുന്ന പ്രധാന പൈപ്പ് ലൈന്‍ തകര്‍ന്നതോടെ നഗരങ്ങളില്‍ കുടിവെള്ളമില്ലാതായിരിക്കുകയാണ്. വയനാട്ടിലെ ബാണാസുരാസാഗര്‍ അണക്കെട്ട് തുറന്നതോടെ വെണ്ണിയോട്, പടിഞ്ഞാറത്തറയിലെ ചില പ്രദേശങ്ങള്‍ എന്നിവ വെള്ളത്തിനടിയിലാണ്. കല്‍പ്പറ്റയിലെ താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലായിട്ടുണ്ട്. ബാണാസുരയില്‍ നിന്നുള്ള വെള്ളം ഒഴുക്കി വിടാനായി കബനി ഡാമിന്റെ ഷട്ടറുകള്‍ തുറക്കുമെന്ന് കര്‍ണാടക വ്യക്തമാക്കിയിട്ടുണ്ട്.
ഇടുക്കി പദ്ധതിയുടെ ഭാഗമായ ചെറുതോണി അണക്കെട്ടിന്റെ രണ്ടു ഷട്ടറുകള്‍ കൂടി തുറന്നു. ഇതോടെ മൂന്നു ഷട്ടറുകളാണ് തുറന്നിരിക്കുന്നത്. 2, 3, 4 ഷട്ടറുകളാണ് തുറന്നിരിക്കുന്നത്. ആലുവ ഉള്‍പ്പടെയുള്ള നഗരങ്ങള്‍ ഇതോടെ വെള്ളത്തിനടയിലാകുമെന്നാണ് കരുതുന്നത്. പെരിയാര്‍ കരകവിഞ്ഞ് ഒഴുകുകയാണ്. അര്‍ധരാത്രിക്ക് 2400.38 അടിയായിരുന്നു ഡാമിലെ ജലനിരപ്പ്. ഇന്ന് രാവിലെ ഏഴിന് ജലനിരപ്പ് 2401 അടി പിന്നിട്ടു. ഡാമിലെ വെള്ളം പോകുന്ന പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്.
Leave a Reply