കൊച്ചി∙ സിപിഎമ്മുകാർ പ്രതികളായ പെരിയ ഇരട്ടക്കൊലക്കേസിന്റെ അന്വേഷണം സിബിഐക്കു വിട്ട നടപടി സ്‌റ്റേ ചെയ്യാതെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. സര്‍ക്കാരിന്റെ അപ്പീലില്‍ തിങ്കളാഴ്ചയും വാദം തുടരും. പൂർണമായ കേസ് ഡയറി ഹാജരാക്കാൻ സർക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു.

കേസ് സിബിഐക്കു വിടാനുള്ള സിംഗിൾ ബെഞ്ചിന്റെ ഉത്തരവിനെതിരെ സർക്കാർ സമർപ്പിച്ച അപ്പീൽ പരിഗണിക്കുമ്പോഴാണ് ഡിവിഷൻ ബെഞ്ചിന്റെ നിർദേശം. കേസിന്റെ കുറ്റപത്രത്തിൽ പോരായ്മകളുണ്ട് എന്ന സിംഗിൾ ബെഞ്ച് കണ്ടെത്തലുകൾ ഡിവിഷൻ ബെഞ്ചും ആവർത്തിച്ചു. ജിഐ പൈപ്പ് കൊണ്ട് അടിച്ചാൽ മുറിവുണ്ടാകുന്നത് എങ്ങനെയെന്ന കോടതിയുടെ ചോദ്യത്തിന് വാളുകൊണ്ട് വെട്ടിയപ്പോഴുള്ള മുറിവും മരണകാരണമായിട്ടുണ്ടാകാം എന്നായിരുന്നു സർക്കാർ കോടതിയിൽ നൽകിയ മറുപടി.

അതേ സമയം സർക്കാർ ആവശ്യപ്പെട്ടതുകൊണ്ടു മാത്രം വിശദമായ വാദം കേൾക്കാം എന്നു വ്യക്തമാക്കിയ കോടതി കേസ് പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേയ്ക്ക് മാറ്റിവച്ചു. നിലവിൽ കേസ് സിബിഐക്കു വിട്ട ഉത്തരവ് സിംഗിൾ ബെഞ്ച് ഉത്തരവിന് സ്റ്റേ ഇല്ല. പെരിയ ഇരട്ടക്കൊലപാതക കേസ് അന്വേഷണം എത്രയും പെട്ടെന്ന് പൂർത്തീകരിക്കണമെന്നാണാണ് സിംഗിൾ ബെഞ്ച് നിർദേശിച്ചിരിക്കുന്നത്. കേസ് അന്വേഷണം വൈകുന്തോറും തെളിവുകൾ നഷ്ടപ്പെടാനുള്ള സാധ്യതയുണ്ടെന്നും കോടതി വ്യക്തമാക്കിയിരുന്നു.സിപിഎമ്മുകാർ പ്രതികളായ പെരിയ കേസ് സിപിഎം ആസൂത്രണം ചെയ്തതാകാമെന്ന നിരീക്ഷണത്തോടെയായിരുന്നു ഹൈക്കോടതി സിബിഐക്ക് വിടാൻ ഉത്തരവിട്ടത്. കേസ് ഡയറി പോലും പരിശോധിക്കാതെയാണ് കോടതി എഫ്ഐആർ റദ്ദാക്കിയതെന്നും ഇത് പരിശോധിക്കണമെന്നുമാണ് സർക്കാരിന്റെ അപേക്ഷ.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കേസിൽ സർക്കാർ സുപ്രീം കോടതി അഭിഭാഷകനെ 25 ലക്ഷം രൂപ നൽകി കൊണ്ടു വന്നതിനെതിരെ വിമർശനം ഉയർന്നിട്ടുണ്ട്. ഷുഹൈബ് വധക്കേസിൽ സിബിഐ അന്വേഷണം ഒഴിവാക്കുന്നതിന് മുതിർന്ന അഭിഭാഷകരെ ലക്ഷങ്ങൾ മുടക്കി ഹൈക്കോടതിയിൽ എത്തിച്ചതും വിമർശനം ഉയർത്തിയിരുന്നു. അന്ന് സിംഗിൾ ബെഞ്ചിന്റെ വിധിയെ മറികടന്നതു പോലെ പെരിയ കേസിലും സാധിക്കുമെന്ന പ്രതീക്ഷയിലാണ് സർക്കാർ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചിരിക്കുന്നത്.

കാസർകോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത്‌ലാലിനെയും ഫെബ്രുവരി 17നാണു വെട്ടിക്കൊന്നത്. കൊലയ്ക്കു പിന്നിലെ ഉന്നത ഗൂഢാലോചന പുറത്തു കൊണ്ടുവരാൻ കേസ് സിബിഐക്കു കൈമാറണമെന്നാവശ്യപ്പെട്ട് കൃപേഷിന്റെ പിതാവ് കൃഷ്ണൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. പൊലീസ് സമർപ്പിച്ച കുറ്റപത്രം റദ്ദാക്കിയ സിംഗിൾ ബെഞ്ച് കേസ് സിബിഐക്കു കൈമാറി ഉത്തരവായി. കേസ് സിബിഐക്കു കൈമാറരുതെന്നായിരുന്നു സംസ്ഥാന സർക്കാർ നിലപാട്.