ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : കുരങ്ങുപനി ബാധിതരുമായി അടുത്തിടപഴകുന്നവർ മൂന്നാഴ്ച സെൽഫ് ഐസൊലേഷനിൽ കഴിയണമെന്ന് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി (യുകെഎച്ച്എസ്എ) നിർദേശം. ഇവർ ജോലിയിൽ നിന്ന് വിട്ടുനിൽക്കണമെന്നും രോഗപ്രതിരോധ ശേഷി കുറഞ്ഞവരുമായും ഗർഭിണികളുമായും 12 വയസ്സിന് താഴെയുള്ള കുട്ടികളുമായും സമ്പർക്കം ഒഴിവാക്കണമെന്നും നിർദേശത്തിൽ പറയുന്നു. യുകെയിൽ ഇതുവരെ 20 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, വാരാന്ത്യത്തിലെ കണക്കുകൾ കൂടി ചേർക്കുമ്പോൾ രോഗികളുടെ എണ്ണം ഇനിയും ഉയരാൻ സാധ്യതയുണ്ട്. കുരങ്ങുപനി ബാധിതരുടൊപ്പം ഒരു വീട്ടിൽ താമസിക്കുന്നതും അവരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതും കിടക്ക മാറ്റി വിരിക്കുന്നതും സുരക്ഷിതമല്ല. രോഗബാധിതരുമായി നേരിട്ട് സമ്പർക്കത്തിൽ ഏർപ്പെട്ടവരുടെ പട്ടികയിൽ ഇവർ ഉൾപ്പെടും.

രോഗലക്ഷണങ്ങളുള്ളവർ വീട്ടിൽ തന്നെ തുടരണമെന്ന് യുകെഎച്ച്എസ്എയുടെ ചീഫ് മെഡിക്കൽ അഡ്വൈസർ ഡോ സൂസൻ ഹോപ്കിൻസ് പറഞ്ഞു. ശരീരത്തിൽ സംശയാസ്പദമായ രീതിയിൽ ചുണങ്ങുകൾ കണ്ടെത്തിയാൽ ഉടൻ തന്നെ നിങ്ങളുടെ ജിപിയുമായി ബന്ധപ്പെടണം. അതേസമയം, കുരങ്ങുപനിക്കെതിരെ നിർബന്ധിത ക്വാറൻറ്റീൻ ഏർപ്പെടുത്തുന്ന ആദ്യ രാജ്യമാണ് ബെൽജിയം. രോഗബാധിതർ മൂന്നാഴ്ചത്തേക്ക് സെൽഫ് ഐസൊലേഷനിൽ കഴിയണമെന്ന് ബെൽജിയൻ ആരോഗ്യ അധികൃതർ പറഞ്ഞു. രാജ്യത്ത് ഇതുവരെ മൂന്നു കേസുകളാണ് റിപ്പോർട്ട്‌ ചെയ്തത്.

ഓസ്ട്രിയയിലും ഇന്നലെ കുരങ്ങുപനി റിപ്പോർട്ട്‌ ചെയ്തു. ഇതോടെ കുരങ്ങുപനി റിപ്പോർട്ട്‌ ചെയ്ത രാജ്യങ്ങളുടെ എണ്ണം 15 ആയി ഉയർന്നു. സമ്മർ ഫെസ്റ്റിവലുകൾക്ക് പോകുന്ന ബ്രിട്ടീഷുകാർ ആശങ്കപ്പെടേണ്ടതില്ലെന്നും എന്നാൽ ജാഗ്രത പാലിക്കണമെന്നും ഹോപ്കിൻസ് അറിയിച്ചു. 1958-ലാണ് ആദ്യമായി കുരങ്ങുകളിൽ രോഗം സ്ഥിരീകരിച്ചത്. 1970-ലാണ് ആദ്യമായി മനുഷ്യരിൽ രോഗബാധ കണ്ടെത്തിയത്.1970 മുതൽ 11 ആഫ്രിക്കൻ രാജ്യങ്ങളിലാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ കൊല്ലങ്ങളിൽ മധ്യ, പടിഞ്ഞാറൻ ആഫ്രിക്കൻ ഭാഗങ്ങളിൽ ആയിരക്കണക്കിനാളുകൾക്കാണ് കുരങ്ങുപനി ബാധിച്ചത്.