ന്യൂസ് ഡെസ്ക് മലയാളം യുകെ
നീണ്ടുനിൽക്കുന്ന മാനസിക സമ്മർദ്ദം നേരിടുന്നവർക്ക് മറ്റുള്ളവരെക്കാൾ ഉയർന്ന രക്തസമ്മർദ്ദവും ഹൃദയസംബന്ധമായ പ്രശ്നങ്ങളും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനറിപ്പോർട്ട്. 400 പേരെ ഒരുദശാബ്ദത്തിലേറെ നിരീക്ഷിച്ചതിന്റെ ഫലമായാണ് ശാസ്ത്രജ്ഞർ ഇത്തരത്തിലുള്ള ഒരു കണ്ടെത്തലിലേയ്ക്ക് എത്തിയത്. ഇവരുടെ മൂത്രത്തിലെ സ്ട്രസ് ഹോർമോണുകളുടെ തോതും ശാസ്ത്രജ്ഞർ പഠനത്തിന് വിധേയമാക്കി.സ്ട്രസ് ഹോർമോണുകളുടെ അളവ് ഇരട്ടിയാവുന്ന സാഹചര്യത്തിൽ ഹൃദയാഘാതം അല്ലെങ്കിൽ ഹൃദയസംബന്ധമായ മറ്റു രോഗങ്ങൾക്കുള്ള സാധ്യത 90 ശതമാനത്തോളം വർധിക്കുന്നതായാണ് കണ്ടെത്തിയത്. ഇതു കൂടാതെ ഉയർന്ന രക്തസമ്മർദം അതായത് ഹൈപ്പർടെൻഷനുള്ള സാധ്യത ഏകദേശം 30 ശതമാനമായി ഉയരും. ഹൈപ്പർ ടെൻഷൻ ഹൃദയത്തെയും ശരീരത്തിൻറെ പ്രധാന അവയവങ്ങളെയും ബാധിക്കുകയും പല രോഗങ്ങളിലേയ്ക്ക് വഴിവയ്ക്കുകയും ചെയ്യും.
ഒരു വ്യക്തി മാനസിക സമ്മർദ്ദത്തിൽ ഇരയാകുമ്പോൾ അവരുടെ ശരീരം കോർട്ടിസോൾ പോലുള്ള ഹോർമോണുകളെ ഉത്പാദിപ്പിക്കുന്നു. ഇത് അവരെ ഫൈറ്റ് ഓർ ഫ്ലൈറ്റ് മോഡിലേയ്ക്ക് കൊണ്ടുവരുന്നു. അതുവഴി രക്തസമ്മർദ്ദം കൂടുകയും ഹൃദയമിടിപ്പ് വേഗത്തിലാകുകയും പേശികളിലേയ്ക്കുള്ള ഓക്സിജൻെറ ഒഴുക്ക് വർദ്ധിക്കുകയും ചെയ്യും . താമസിയാതെ തന്നെ ഇവ സാധാരണ നിലയിലേക്ക് എത്തും. എന്നാൽ ആരോഗ്യത്തിന് ദൂക്ഷ്യമായ ഭക്ഷണവും അമിതമായ മദ്യപാനവും മറ്റും ദീർഘകാല രക്തസമ്മർദ്ദത്തിന് കാരണമാകും.
Leave a Reply