ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- കാറുകളിൽ ഒന്നിൽ കൂടുതൽ പേർ ഉള്ളപ്പോൾ ഉള്ള പുകവലി നിരോധിക്കുവാനുള്ള നിയമം ഉടൻ ഉണ്ടാകുമെന്ന് വ്യക്തമാക്കി നോർത്തേൺ അയർലണ്ട് ആരോഗ്യ മന്ത്രി റോബിൻ സ്വാൻ. പുകവലിക്കുന്നവരുടെ ചുറ്റുമുള്ളവർക്ക് , പ്രത്യേകിച്ച് കുട്ടികൾക്ക് ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ തടയുന്നതിനായാണ് ഇത്തരമൊരു നീക്കമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. നിയമം പാലിക്കാതിരിക്കുന്നവർക്ക് 50 പൗണ്ട് തുക വീതം പിഴയും ഉണ്ടാകും. ഇതോടൊപ്പം തന്നെ, നിക്കോട്ടിൻ അടങ്ങിയ ഇ- സിഗരറ്റുകളും മറ്റും 18 വയസ്സിൽ താഴെയുള്ളവർക്ക് നൽകുന്നത് നിരോധിക്കാനുള്ള തീരുമാനവും ഉടനുണ്ടാകും. നോർത്തേൺ അയർലൻഡിലെ ഭൂരിഭാഗമുള്ള അകാല മരണങ്ങൾക്കും കാരണം പുകവലിയും, മറ്റ് നിക്കോട്ടിൻ ഉൽപന്നങ്ങളുടെ ഉപയോഗവും ആണ്. പുകവലിക്കുന്നവരുടെ ചുറ്റുമുള്ളവരിൽ, ഏറ്റവും കൂടുതൽ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നത് കുട്ടികൾക്കും ചെറുപ്പക്കാർക്കും ആണ്. ഇവർ മുതിർന്നവരേക്കാൾ കൂടുതൽ അളവ് മാലിന്യങ്ങൾ ശ്വസിക്കുന്നതിനാലാണ് ഇതെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

പുതിയ നിയമങ്ങൾ നോർത്തേൺ അയർലൻഡ് അസംബ്ലി അംഗങ്ങൾ കൂടി അംഗീകരിച്ചാൽ, 2022 ഓടെ നിലവിൽ വരും. നിലവിൽ തന്നെ പൊതു വാഹനങ്ങളിൽ പുകവലിക്കുന്നത് നോർത്തേൺ അയർലൻഡിൽ കർശനമായി നിരോധിച്ചിട്ടുണ്ട്. ഇതു പ്രൈവറ്റ് കാറുകളിലേക്ക് കൂടി വ്യാപിപ്പിക്കാനാണ് പുതിയ നിയമം കൊണ്ട് ഉദ്ദേശിക്കുന്നത്. നിക്കോട്ടിൻ വളരെയധികം ആസക്തി ഉളവാക്കുന്ന ഒന്നാണ്. അതിനാൽ ചെറുപ്പം മുതൽ തന്നെയുള്ള ഇത്തരം വസ്തുക്കളുടെ ഉപോയോഗം തലച്ചൊറിന്റെ വികാസത്തെ സാരമായി ബാധിക്കും. ഇതോടൊപ്പം തന്നെ ജീവിത കാലം മുഴുവൻ നിലനിൽക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നതിനും ഇത്തരം ശീലങ്ങൾ ഇടയാക്കും. അതിനാൽ തന്നെ ഇപ്പോൾ തീരുമാനിച്ചിരിക്കുന്ന നിയമം എത്രയും പെട്ടെന്ന് നിലവിൽ വരേണ്ടത് അത്യന്താപേഷിതമാണെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.