കൊച്ചി: മിന്നല്‍ ഹര്‍ത്താലുകള്‍ നിരോധിച്ച് ഹൈക്കോടതി. ഏഴ് ദിവസം മുന്‍പ് നോട്ടീസ് നല്‍കാതെ ഹര്‍ത്താല്‍ നടത്താന്‍ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഹര്‍ത്താല്‍ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തണമെന്നും തൊഴില്‍ നിയമത്തിനുള്ള ചട്ടങ്ങള്‍ ഹര്‍ത്താലിനും ബാധകമെന്നും ഹൈക്കോടതി പറഞ്ഞു. നാളത്തെ പണിമുടക്ക് ജനജീവിതത്തെ ബാധിക്കില്ലെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്നും ഹൈക്കോടതി ഉത്തരവില്‍ പറഞ്ഞു.
സംസ്ഥാനത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ ആഹ്വാനം ചെയ്തുകൊണ്ടിരിക്കുന്ന ഹര്‍ത്താലിനെതിരെ രൂക്ഷവിമര്‍ശനമാണ് ഹൈക്കോടതി നടത്തിയത്. ഹര്‍ത്താല്‍ അതീവ ഗുരുതര പ്രശ്‌നമാണെന്നും ഒരു വര്‍ഷം 97 ഹര്‍ത്താലെന്നത് വിശ്വസിക്കാന്‍ പ്രയാസമുണ്ടെന്നും ഹൈക്കോടതി പറഞ്ഞിരുന്നു. ഹര്‍ത്താലിനെതിരെ സുപ്രീം കോടതിയടക്കം ഇടപെട്ടിട്ടും നടപടിയുണ്ടായില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് ഹര്‍ത്താല്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് കേരള ചേംബര്‍ ഓഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രി പ്രസിഡന്റ് ബിജു രമേശാണ് കോടതിയെ സമീപിച്ചത്.
ഹര്‍ത്താലിനെതിരെ സര്‍ക്കാര്‍ എന്ത് നിലപാട് എടുത്തെന്നും വിഷയത്തില്‍ സര്‍ക്കാരിന്റെ നിലപാട് എന്താണെന്നും ഹൈക്കോടതി ചോദിച്ചു. ഹര്‍ത്താലില്‍ കടകള്‍ക്ക് സംരക്ഷണം നല്‍കണമെന്ന് ഹരജിക്കാര്‍ ആവശ്യപ്പെട്ടു. ഇതില്‍ കോടതി സര്‍ക്കാരിന്റെ നിലപാട് ആരാഞ്ഞപ്പോള്‍ കടകള്‍ക്ക് സംരക്ഷണം നല്‍കാന്‍ തയ്യാറാണെന്നായിരുന്നു സര്‍ക്കാരിന്റെ മറുപടി.
കഴിഞ്ഞ വര്‍ഷം കേരളത്തില്‍ 97 ഹര്‍ത്താലുകള്‍ നടന്നെന്നും ഇത് സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. സംഘ്പരിവാര്‍ നടത്തിയ ഹര്‍ത്താലുകളുടെ വിശദാംശങ്ങളും ഹരജിയിലുണ്ട്. ഹര്‍ത്താല്‍ സംബന്ധിയായ വാര്‍ത്തകള്‍ നല്‍കുന്നതില്‍ നിന്നും മാധ്യമങ്ങളെ വിലക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു.
Leave a Reply