സിഎംആര്‍എല്‍-എക്സാലോജിക് മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണയ്ക്കും ഹൈക്കോടതി നോട്ടീസ്. അന്വേഷണം ആവശ്യപ്പെട്ടുള്ള മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ ഹര്‍ജിയിലാണ് നടപടി.
സിഎംആര്‍എല്‍ ഉള്‍പ്പെടെ എല്ലാ എതിര്‍ കക്ഷികള്‍ക്കും നോട്ടീസ് അയക്കാന്‍ ജസ്റ്റിസ് കെ. ബാബുവിന്റെ ബെഞ്ച് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മാസപ്പടി കേസില്‍ അന്വേഷണം ആവശ്യപ്പെട്ട് നേരത്തെ മാത്യു കുഴല്‍നാടന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ അന്വേഷണം ആവശ്യമില്ലെന്ന് വ്യക്തമാക്കി കോടതി ഹര്‍ജി തള്ളി. ഇതിനെതിരെയാണ് റിവിഷന്‍ ഹര്‍ജിയുമായി മാത്യു കുഴല്‍നാടന്‍ ഹൈക്കോടതിയെ സമീപിച്ചത്.
ധാതു മണല്‍ ഖനനത്തിനായി സിഎംആര്‍എല്‍ കമ്പനിക്ക് അനുമതി നല്‍കിയതിന് പ്രതിഫലമായി മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുടെ കമ്പനിയായ എക്‌സാലോജിക്കിന് മാസപ്പടിയായി പണം ലഭിച്ചുവെന്നാണ് മാത്യു കുഴല്‍നാടല്‍ ആരോപിച്ചിരുന്നത്.
മുഖ്യമന്ത്രിയും മകളും ഉള്‍പ്പെടെ ഏഴ് പേരെ എതിര്‍ കക്ഷികളാക്കിയാണ് കുഴല്‍നാടന്‍ വിജിലന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്.
Leave a Reply