ന്യൂസ് ഡെസ്ക് , മലയാളം യുകെ
ലണ്ടൻ : രാജ്യത്ത് ഇന്നലെ റിപ്പോർട്ട് ചെയ്ത് 6,178 പുതിയ കേസുകൾ. നാല് മാസത്തിനിടെയിലെ ഏറ്റവും ഉയർന്ന പ്രതിദിന രോഗവ്യാപനം ആണിത്. ഇതിന് മുമ്പ് മെയ് 1 ന് 6,201 കേസുകളും ഏപ്രിൽ 5 ന് 6,199 കേസുകളും സ്ഥിരീകരിച്ചിരുന്നു. പരിശോധന വർധിച്ചതിനെത്തുടർന്നാണ് കേസുകളും ഉയർന്നത്. എന്നാൽ ദിവസം കഴിയുന്തോറും രോഗം പടർന്നു പിടിക്കുന്നത് കനത്ത ആശങ്ക സൃഷ്ടിക്കുന്നുണ്ട്. യുകെയുടെ പോസിറ്റിവിറ്റി റേറ്റ് ഇപ്പോൾ 2.51 ശതമാനമാണ്. അണുബാധകളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് ഇത് സൂചിപ്പിക്കുന്നു.
എന്നിരുന്നാലും, ഏപ്രിൽ, മെയ് മാസങ്ങളിലെ വ്യാപനവുമായി താരതമ്യപ്പെടുത്തുമ്പോൾ യുകെ ഇപ്പോഴും വലിയ ദുരന്തത്തിലേക്ക് നീങ്ങിയിട്ടില്ല. ഒരു ദിവസം ഒരു ലക്ഷത്തിലധികം പുതിയ രോഗബാധിതർ ഉണ്ടെന്ന് ഇംപീരിയൽ കോളേജ് ഗവേഷകർ അഭിപ്രായപ്പെട്ടു. കോവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ എണ്ണം 41,862 ആയി ഉയർന്നു. ആശുപത്രി പ്രവേശനവും വർദ്ധിച്ചുവരികയാണ്. ബുധനാഴ്ച 1,469 കോവിഡ് രോഗികളാണ് ആശുപത്രിയിൽ ഉണ്ടായിരുന്നത്. ചൊവ്വാഴ്ച ഇത് 1,319 ആയിരുന്നു.
സ്കോട് ലൻഡിൽ ഇന്നലെ 486 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. പുതിയ നിയന്ത്രണങ്ങൾ എല്ലാവരും പാലിക്കണമെന്ന് പ്രധാനമന്ത്രി ഓർമിപ്പിച്ചു. നമ്മുടെ സമൂഹത്തിന്റെ ആരോഗ്യം വ്യക്തിഗത പെരുമാറ്റത്തെ പൂർണമായും ആശ്രയിച്ചിരിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. രോഗവ്യാപനം ഉയരുന്നത് ആശങ്ക സൃഷ്ടിക്കുന്നുവെന്ന് വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് പറഞ്ഞു. “നിയന്ത്രണങ്ങൾ ശക്തമാക്കുന്നതിലൂടെ ഒരു ദേശീയ ലോക്ക്ഡൗൺ ഒഴിവാക്കാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്.” അദ്ദേഹം അറിയിച്ചു.
Leave a Reply