ഇസ്താംബുള്‍: തുര്‍ക്കി ജനാധിപത്യത്തില്‍ നിന്ന് പ്രസിഡന്‍ഷ്യല്‍ ഭരണത്തിലേക്ക് മാറുന്നു. ഇതു സംബന്ധിച്ച് നടന്ന ഹിതപരിശോധനയില്‍ ജനസംഖ്യയില്‍ പകുയിലേറെപ്പേര്‍ പ്രസിഡന്‍ഷ്യല്‍ ഭരണത്തിന് അനുകൂലമായി വോട്ട് ചെയ്തു. 98.2 ശതമാനം വോട്ടുകള്‍ എണ്ണ്ിക്കഴിഞ്ഞപ്പോള്‍ 51.3 ശതമാനം പേര്‍ പ്രസിഡന്റ് തയ്യിപ് എര്‍ദോഗാന് അനുകൂലമായാണ് വോട്ട് രേഖപ്പെടുത്തിയിരിക്കുന്നത്. ഔദ്യോഗികമായി ഫലം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും തുര്‍ക്കിയില്‍ ഇനി എര്‍ദോഗാനായിരിക്കും ഭരണാധികാരി.

രാജ്യത്തെ 1,67,140 പോളിംഗ് സ്റ്റേഷനുകളിലായി അഞ്ചരക്കോടി ആളുകള്‍ ഹിതപരിശോധനയില്‍ വോട്ട് രേഖപ്പെടുത്തി. പാര്‍ലമെന്ററ്ി ജനാധിപത്യത്തില്‍ നിന്ന് പ്രസിഡന്‍ഷ്യല്‍ രീതിയിലുള്ള ഭരണത്തിലേക്ക് സമ്പൂര്‍ണ്ണ മാറ്റമാണ് ഭരണഘടനാ ഭേദഗതിയിലൂടെ എര്‍ദോഗാന്‍ നടപ്പില്‍ വരുത്താന്‍ ഉദ്ദേശിക്കുന്നത്. ഇതിന് ജനങ്ങളുടെ അംഗീകാരം ലഭിക്കുന്നതിനായാണ് ഹിതപരിശോധന നടത്തിയത്. ജനങ്ങള്‍ അംഗീകാരം നല്‍കിയതോടെ എര്‍ദോഗാന് 2029 വരെ രാജ്യത്തിന്റെ പ്രസിഡന്റായി തുടരാം.

ജുഡീഷ്യറിയിലും ക്യാബിനറ്റിലും പ്രസിഡന്റിന് സമ്പൂര്‍ണ്ണാധിപത്യം നല്‍കുന്ന ഭേദഗതിയാണ് നടപ്പിലാകുന്നത്. ഇതോടെ ജഡ്ജിമാരെയും മന്ത്രിമാരെയും പ്രസിഡന്റ് നേരിട്ട് നിയമിക്കും. രാജ്യത്തിനെതിരായ ആക്രമണങ്ങള്‍ക്കും അട്ടിമറികള്‍ക്കുമുളള മറുപടിയാണ് വിജയമെന്ന് പ്രസിഡന്റ് തയ്യിപ് എര്‍ദോഗനും പ്രധാനമന്ത്രി ബിനാലി യില്‍ദിരിമും വ്യക്തമാക്കി. അതേസമയം വീണ്ടും വോട്ടെണ്ണണമെന്നും വോട്ടെടുപ്പില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്നും ആരോപിച്ച് പ്രധാന പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിട്ടുണ്ട്. മൂന്ന് പ്രധാന നഗരങ്ങളില്‍ എര്‍ദോഗന് തിരിച്ചടി ഉണ്ടായിരിക്കുകയാണെന്നും പ്രതിപക്ഷം പറയുന്നു. കൂര്‍ദ് വംശജര്‍ക്ക് ഭൂരിപക്ഷമുളള പ്രദേശങ്ങളിലും തീരമേഖലകളും എര്‍ദോഗനെ കൈവിട്ടതായാണ് പ്രതിപക്ഷം ആരോപിക്കുന്നത്.