ലക്നൗ: പ്രഭാത സവാരിക്കിറങ്ങിയ അഖില ഭാരതീയ ഹിന്ദു മഹാസഭയുടെ ഉത്തർപ്രദേശ് യൂണിറ്റ് പ്രസിഡന്റ് രൺജീത് ബച്ചൻ വെടിയേറ്റു മരിച്ചു. ഇന്ന് രാവിലെ ലഖ്‌നൗവിലെ ഹസ്രത്ഗഞ്ച് പ്രദേശത്ത് വച്ച് മോട്ടോർ സൈക്കിളിലെത്തിയ രണ്ടു പേരാണ് രൺജീത്തിന് നേരെ നിറയൊഴിച്ചത്.
ഗോരഖ്പൂർ ജില്ല സ്വദേശിയായ രൺജീത് ബച്ചൻ മറ്റൊരാൾക്കൊപ്പം നടക്കാനിറങ്ങിയതായിരുന്നു. ഇതിനിടെ ഹരത്ഗഞ്ചിലെ സെൻട്രൽ ഡ്രഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (സിഡിആർഐ) കെട്ടിടത്തിന് സമീപത്ത് വച്ചാണ് ഇദ്ദേഹത്തിന് വെടിയേറ്റത്.
സംഭവ സ്ഥലത്തു വച്ചു തന്നെ ഹിന്ദു മഹാസഭാ നേതാവ് മരിച്ചു. കൂടെയുണ്ടായിരുന്നയാൾക്ക് ഗുരുതരമായി പരുക്കേറ്റു. ഇയാൾ കിംഗ് ജോർജ് മെഡിക്കൽ സർവകലാശാലയുടെ (കെജിഎംയു) ട്രോമ സെന്ററിൽ ചികിത്സയിലാണ്.
ആക്രമണസമയത്ത് രൺജിത് ബച്ചന്റെ സ്വർണ്ണ മാലയും സെൽ ഫോണും തട്ടിയെടുക്കാൻ അക്രമികൾ ശ്രമിച്ചതായി അന്വേഷണ സംഘത്തിലെ അംഗമായ പോലീസ് സബ് ഇൻസ്പെക്ടർ പറഞ്ഞു.
എന്നാൽ ഇത് ആസൂത്രണമായൊരു കൊലപാതകമാണെന്നും, മോഷണമാണ് ലക്ഷ്യമെന്ന് തെറ്റിദ്ധരിപ്പിക്കാൻ അക്രമി സംഘം സ്വർണമാലയും സെൽഫോണും തട്ടിയെടുക്കാൻ ശ്രമിച്ചതാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
രൺജിത് ബച്ചന്റെ തലയ്ക്കാണ് വെടിയേറ്റത്. ഇതാണ് മരണ കാരണം. അതേസമയം കൂടെയുണ്ടായിരുന്നയാൾ അപകടനില തരണം ചെയ്തതായി ഡിസിപി അറിയിച്ചു.
“ഫോറൻസിക് വിദഗ്ധർ സ്ഥലം പരിശോധിക്കുകയാണ്. ഞങ്ങൾ സിസിടിവി സ്കാൻ ചെയ്യുകയും എല്ലാ കോണുകളിലേക്കും അന്വേഷണം വ്യാപിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കുറ്റവാളികൾ ഉടൻ പിടിക്കപ്പെടും,” അദ്ദേഹം പറഞ്ഞു. ആറ് സംഘങ്ങളായാണ് കേസ് അന്വേഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമീപകാലത്ത് സംസ്ഥാന തലസ്ഥാനത്ത് രണ്ടാം തവണയാണ് ഒരു വലതുപക്ഷ ഹിന്ദു നേതാവ് കൊല്ലപ്പെടുന്നത്. ഹിന്ദു സമാജ് പാർട്ടിയുടെ ദേശീയ പ്രസിഡന്റ് കമലേഷ് തിവാരി കഴിഞ്ഞ ഒക്ടോബറിൽ ഖുർഷെഡ് ബാഗ് വസതിയിൽ വെച്ച് കൊല്ലപ്പെട്ടിരുന്നു.
Leave a Reply