ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഗർഭിണിയായ മലയാളി വിദ്യാർത്ഥിനിയെ കാറിടിച്ചു വീഴ്ത്തി ഗർഭസ്ഥ ശിശു കൊല്ലപ്പെട്ട സംഭവത്തിൽ ഡ്രൈവർക്ക് 13 വർഷം തടവ് ശിക്ഷ വിധിച്ചു. 20 വയസ്സുള്ള ആഷിർ ഷാഹിദിനാണ് അമിത വേഗത്തിലും അശ്രദ്ധമായും കാറോടിച്ചതിന് ശിക്ഷ ലഭിച്ചത്. ലങ്കാ ഷെയറിനു സമീപം ബാബർ ബ്രിഡ്ജിൽ നടന്ന സംഭവത്തിൽ 31 കാരിയായ രഞ്ജു ജോസഫിന് ഗുരുതര പരുക്കേൽക്കുകയും ഗർഭസ്ഥ ശിശു മരിക്കുകയും ചെയ്തിരുന്നു. 30 മൈൽ മാത്രം വേഗപരിധിയുള്ള സ്ഥലത്ത് പ്രതി അമിത വേഗത്തിൽ ആണ് വാഹനം ഓടിച്ചിരുന്നതെന്ന് കോടതി കണ്ടെത്തി.
അപകടത്തെ തുടർന്ന് 2024 സെപ്റ്റംബർ 29 ന് വൈകുന്നേരം രഞ്ജു ജോസഫിനെ സംഭവസ്ഥലത്ത് നിന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ മകൻ ഒലിവിന്റെ ജീവൻ രക്ഷിക്കാൻ ഡോക്ടർമാർ അടിയന്തര സി-സെക്ഷൻ നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. പ്രതിയുടെയും മുൻ സീറ്റിലിരുന്ന 17 വയസ്സ് പ്രായമുള്ള സഹോദരൻറെയും ഫോണുകളിൽ നിന്ന് നിർണ്ണായക തെളിവുകളാണ് പോലീസിന് ലഭിച്ചത്. കൂട്ടിയിടി കഴിഞ്ഞ് പ്രതികൾ അപകടത്തിന് കാരണമായ കാർ ഉപേക്ഷിച്ച് കടന്നു കളഞ്ഞിരുന്നു. സംഭവത്തിന് ദിവസങ്ങൾക്ക് ശേഷം അറസ്റ്റിലായ പ്രതികളുടെ ഫോണിൽ നിന്ന് ഇത്തരം കുറ്റകൃത്യങ്ങൾ നടത്തിയാൽ ഉണ്ടാകുന്ന ശിക്ഷയെ കുറിച്ച് ഇൻറർനെറ്റിൽ തിരഞ്ഞതിന്റെ തെളിവുകൾ പോലീസ് കണ്ടെത്തിയത് നിർണ്ണായക തെളിവായി.
യുകെയിലെ മലയാളികളെ ഒന്നാകെ ഞെട്ടിക്കുകയും ദുഃഖത്തിലാഴ്ത്തുകയും ചെയ്ത സംഭവമായിരുന്നു 5 മാസം ഗർഭിണിയായ മലയാളി യുവതി റോഡ് മുറിച്ച് കടക്കവെ കാറിടിച്ച് തെറിപ്പിച്ച സംഭവം. സംഭവം നടന്ന ഉടനെ തന്നെ വാർത്ത മലയാളം യുകെ ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. മൂന്ന് വർഷം മുമ്പാണ് വയനാട് മീനങ്ങാടി സ്വദേശിയായ രഞ്ജു ജോസഫും ഭർത്താവും സ്റ്റുഡൻറ് വിസയിൽ യുകെയിൽ എത്തിയത്. നേഴ്സിങ് ഹോമിൽ പാർട്ട് ടൈം ജോലി ചെയ്തു വരികയായിരുന്ന രഞ്ജു ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവെ സീബ്രാ ലൈനിൽ വെച്ച് കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
Leave a Reply