ലെസ്റ്ററില്‍ താമസിക്കുന്ന മലയാളി യുവാവിന് വാഹനാപകടത്തില്‍ പരിക്കേറ്റു. ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് പോകും വഴിയാണ് അപകടം ഉണ്ടായത്. ശനിയാഴ്ച രാത്രി എട്ടു മണിയോടെ സബ് വേയിലെ ജോലി കഴിഞ്ഞ് സൈക്കിളില്‍ പോകും വഴിയാണ് അഭിറാം ശ്രീകുമാര്‍ എന്ന യുവാവിനെ കാര്‍ ഇടിച്ചത്. സിഗ്നല്‍ ക്രോസ് ചെയ്യുമ്പോള്‍ അമിത വേഗത്തില്‍ എത്തിയ കാര്‍ സിഗ്നല്‍ തെറ്റിച്ച് അഭിറാം സഞ്ചരിച്ചിരുന്ന സൈക്കിളില്‍ ഇടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് റോഡില്‍ വീണ അഭിറാമിനെ തിരിഞ്ഞു പോലും നോക്കാതെ ഇടിച്ച വാഹനം റിവേഴ്സ് ചെയ്ത് ഓടിച്ചു പോവുകയായിരുന്നു.

വഴിയാത്രക്കാര്‍ ബഹളം വച്ചെങ്കിലും ഇടിച്ച വാഹനം അതിവേഗത്തില്‍ ഓടിച്ച് പോവുകയാണ് ചെയ്തത്. ഗ്രേ കളറിലുള്ള ഒരു ടാക്സി വാഹനമാണ് ഇടിച്ചതെന്ന് അഭിറാം മലയാളം യുകെയോട് പറഞ്ഞു. കാര്‍ ഇടിച്ചത് സൈക്കിളിന്‍റെ മുന്‍ഭാഗത്ത് ആയത് കൊണ്ട് മാത്രമാണ് താന്‍ നിസ്സാര പരിക്കുകളോടെ രക്ഷപെട്ടത് എന്നും അല്ലാത്ത പക്ഷം എന്ത് സംഭവിക്കുമായിരുന്നു എന്നത് ഓര്‍ക്കാന്‍ കൂടി കഴിയുന്നില്ല എന്നും അഭിറാം പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സംഭവത്തില്‍ ലെസ്റ്റര്‍ പോലീസ് കേസെടുത്തിട്ടുണ്ട്. ഇടിച്ച വാഹനം കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. സിസി ടിവി കവറേജ് ഉള്ള സ്ഥലം ആയതിനാല്‍ വാഹനം കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പോലീസ്. ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റി ഭാരവാഹി ജോസ് തോമസിന്‍റെ നേതൃത്വത്തില്‍ അഭിറാമിന് വേണ്ട സഹായങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. സ്റ്റുഡന്റ് വിസയില്‍ ഒരു വര്‍ഷം മുന്‍പാണ് അഭിറാം ലെസ്റ്ററില്‍ എത്തിയത്. ചേര്‍ത്തല സ്വദേശിയാണ്.