സ്വന്തം ലേഖകൻ

ഇംഗ്ലണ്ട്, വെയിൽസ് : അടുത്ത നാല് ദിവസങ്ങളിൽ ഇംഗ്ലണ്ടിലും വെയിൽസിലും കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഡെന്നിസ് കൊടുങ്കാറ്റ് മൂലം പല വീടുകളിലും വെള്ളം കയറി. അവിടെയുണ്ടായിരുന്നവരെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റി പാർപ്പിച്ചു. ചില പ്രദേശങ്ങളിൽ നദിയിലെ ജലനിരപ്പ് ഉയരുന്നതിനാൽ വെള്ളപ്പൊക്ക സാധ്യത ഏറെയാണെന്ന് പരിസ്ഥിതി ഏജൻസി മുന്നറിയിപ്പ് നൽകുന്നു. ഇതുവരെ അഞ്ചു വെള്ളപൊക്ക മുന്നറിയിപ്പുകൾ ഇംഗ്ലണ്ടിൽ നിലനിൽക്കുന്നുണ്ട്. വെയിൽസിലെ മുന്നറിയിപ്പ് പിൻവലിക്കുകയുണ്ടായി. വൈ, സെവേൺ നദികളിലെ ജലനിരപ്പ് ഉയർന്നു തന്നെ നിലനിൽക്കാൻ സാധ്യതയുണ്ട്. സെവേൺ നദി കരകവിഞ്ഞൊ ഴുകിയാൽ മിഡ്‌ലാൻഡിലെ വീടുകൾക്കത് ഭീഷണി ആയേക്കാമെന്നും അവർ പറയുന്നു.

ഇംഗ്ലണ്ടിൽ ഉടനീളം വെള്ളപൊക്കത്തിനുള്ള സാധ്യത വരും ദിവസങ്ങളിലുണ്ടെന്ന് പരിസ്ഥിതി ഏജൻസിയുടെ ഫ്ലഡ് ആൻഡ് കോസ്റ്റൽ റിസ്ക് മാനേജ്മെൻറ് എക്സിക്യൂട്ടീവ് ഡയറക്ടർ ജോൺ കർട്ടിൻ പറഞ്ഞു. ശനിയാഴ്ച വരെ ഇംഗ്ലണ്ടിലും വെയിൽസിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വോർസെസ്റ്റർഷയർ, ഹെയർഫോർഡ്ഷയർ, ഷ്രോപ്പ്ഷയർ എന്നിവിടങ്ങളിലായി 384 ഓളം വസ്തുവകകൾ വെള്ളപ്പൊക്കം മൂലം ബാധിക്കപ്പെട്ടിരിക്കുന്നുവെന്ന് വെസ്റ്റ് മെർസിയ പോലീസ് അറിയിച്ചു.

പ്രകൃതിദുരന്തം മൂലം ഇത് വരെ അഞ്ചു പേരാണ് മരിച്ചത്. ഒരാളെ മൗണ്ടൻ റെസ്ക്യൂ ടീം അദ്ദേഹത്തിന്റെ വീട്ടിൽ നിന്നും രക്ഷിക്കുകയുണ്ടായി. വെൽഷ് വാട്ടർ നഗരത്തിലെ ആളുകളോട് കുടിവെള്ള ഉപയോഗം കുറയ്ക്കാൻ ആവശ്യപ്പെട്ടു. ദുരിതബാധിതരായ ആളുകൾക്ക് 500 പൗണ്ട് വരെ ധനസഹായം സർക്കാർ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഒപ്പം പ്രളയം രൂക്ഷമായി ബാധിച്ചവർ കുറഞ്ഞത് മൂന്ന് മാസത്തേക്ക് കൗൺസിൽ നികുതിയോ ബിസിനസ് നിരക്കുകളോ നൽകേണ്ടതില്ലെന്നും കമ്മ്യൂണിറ്റി വകുപ്പ് അറിയിച്ചു.