ന്യൂസ് ഡെസ്ക്, മലയാളം യുകെ
തടവുകാരനുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ട കുറ്റത്തിന് അറസ്റ്റിലായ വനിതാ ഓഫീസർ കുറ്റം സമ്മതിച്ചതായുള്ള വാർത്തകൾ പുറത്തുവന്നു. 30 കാരിയായ ലിൻഡ ഡി സൗസ അബ്രു ആണ് സൗത്ത് ലണ്ടൻ ജയിലിൽ ഡ്യൂട്ടിയിൽ ഇരിക്കെ തടവുകാരുടെ സെല്ലിൽ പ്രവേശിച്ച് ഒരാളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടത്. മറ്റൊരു അന്തേവാസി ദൃശ്യങ്ങൾ പകർത്തുകയും അത് സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുകയും ചെയ്തിരുന്നു.
എച്ച്എംപി വാൻഡ്‌സ്‌വർത്ത് ജയിലിലാണ് സംഭവം നടന്നത്. സംഭവം പുറത്ത് വന്നതിനെ തുടർന്ന് ലിൻഡ ഡി സൗസ അബ്രുവിനെ ഹീത്രു എയർപോർട്ടിൽ വച്ച് മെട്രോപോളിറ്റൻ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. തെക്ക്-പടിഞ്ഞാറൻ ലണ്ടനിലെ ഫുൾഹാമിൽ നിന്നുള്ള അവർ ഐൽവർത്ത് ക്രൗൺ കോടതിയിൽ നടന്ന വിചാരണയിൽ ഒരു പൊതു ഓഫീസർ എന്ന നിലയിൽ മോശമായി പെരുമാറിയതായി കുറ്റം സമ്മതിച്ചു. ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ തൻറെ ജയിൽ ഓഫീസർ പദവി ലിൻഡ ഡി സൗസ അബ്രു ദുരുപയോഗം ചെയ്തുവെന്നാണ് പ്രോസിക്യൂഷൻ അവളുടെ മേൽ ചുമത്തിരിക്കുന്ന കുറ്റം.
പോർച്ചുഗീസ് പാസ്പോർട്ട് കൈവശമുള്ള ലിൻഡ ഡി സൗസ അബ്രു, രക്ഷപ്പെടാൻ വിമാനത്തിലേയ്ക്ക് പോകുന്ന സമയത്താണ് പിടിക്കപ്പെട്ടത്. ജാമ്യം ലഭിച്ച ലിൻഡ ഡി സൗസ അബ്രു തുടർ നടപടികൾക്കായി നവംബർ 7 ന് ഐൽവർത്ത് ക്രൗൺ കോടതിയിൽ ഹാജരാകണം. പൊതുജനങ്ങളുടെ വിശ്വാസത്തിൽ ഞെട്ടിക്കുന്ന ലംഘനമാണ് നടന്നതെന്ന് സംഭവത്തെ കുറിച്ച് ക്രൗൺ പ്രോസിക്യൂഷൻ സർവീസിൽ (സിപിഎസ്) നിന്നുള്ള ടെറ്റെ ടർക്‌സൺ പറഞ്ഞു. വ്യക്തമായ തെളിവുകൾ ഉള്ള സംഭവമായതിനാൽ അവൾക്ക് കുറ്റം സമ്മതിക്കുകയല്ലാതെ മറ്റ് മാർഗ്ഗമൊന്നുമില്ലെന്ന് സംഭവത്തിൽ നിയമ വിദഗ്ധർ അഭിപ്രായപ്പെട്ടു.
Leave a Reply