ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലെ എച്ച് എം ആർ സി നടത്തിയ കുട്ടികളുടെ ബെനിഫിറ്റ് തട്ടിപ്പ് നിയന്ത്രണ പദ്ധതിയിൽ ഗുരുതരമായ പിഴവുകൾ ഉള്ളതായ വിവരങ്ങൾ പുറത്ത് വന്നു. ഇതിന്റെ ഭാഗമായി ഹോം ഓഫീസിന്റെ യാത്രാ രേഖകൾ ഉപയോഗിച്ച് ആയിരക്കണക്കിന് കുടുംബങ്ങൾ വിദേശത്തേക്ക് കുടിയേറിയതായി കണക്കാക്കി നൽകേണ്ട അനൂകുല്യങ്ങൾ നിർത്തലാക്കിയിരുന്നു. എന്നാൽ പിന്നീട് നടത്തിയ പരിശോധനയിൽ ആ കുടുംബങ്ങളിൽ 46 ശതമാനവും യുകെയിൽ തന്നെയുണ്ടെന്ന് കണ്ടെത്തി. ഈ പദ്ധതിയിലൂടെ സർക്കാരിന് 17 മില്യൺ പൗണ്ട് ലാഭം ഉണ്ടായെങ്കിലും, നിരപരാധികളായ പല കുടുംബങ്ങൾക്കും അന്യായമായി ആനുകൂല്യങ്ങൾ നഷ്ടപ്പെടാൻ കാരണമായതായുള്ള വിവരങ്ങൾ ആണ് പുറത്തു വന്നിരിക്കുന്നത്.

വടക്കൻ അയർലൻഡിൽ മാത്രം കണ്ടെത്തിയ 78 ശതമാനം കേസുകളും തെറ്റായിരുന്നു . ചിലർ യാത്ര റദ്ദാക്കിയതോ രോഗം മൂലം യാത്ര ചെയ്യാതിരുന്നതോ ആയിട്ടും, യാത്രാ രേഖകൾ അടിസ്ഥാനമാക്കി അവരുടെ ബെനിഫിറ്റ് നിർത്തിയതായി റിപ്പോർട്ടുകൾ പറയുന്നു. ലേബർ എംപി കിം ജോൺസൺ അടക്കമുള്ള നേതാക്കൾ ഈ വിഷയത്തിൽ അടിയന്തിര അന്വേഷണം ആവശ്യപ്പെട്ടു. നിയമ വിദഗ്ധനായ കോളിൻ യിയോ ഹോം ഓഫീസിന്റെ ഡേറ്റാ തെറ്റായി ഉപയോഗിക്കുന്നത് “അപകടകരമായ പ്രവണത”യാണെന്ന് വ്യക്തമാക്കി.

പൊതു വിമർശനത്തെ തുടർന്ന് എച്ച് എം ആർ സി ക്ഷമ ചോദിക്കുകയും നടപടികൾ തിരുത്തുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു . ഇനി മുതൽ ബെനിഫിറ്റ് നിർത്തുന്നതിന് മുമ്പ് വ്യക്തികൾക്ക് ഒരു മാസം മറുപടി നൽകാനുള്ള സമയം അനുവദിക്കുമെന്നും വ്യക്തമായ രേഖകൾ പരിശോധിച്ച് മാത്രമേ നടപടി സ്വീകരിക്കൂ എന്നും അധികൃതർ വ്യക്തമാക്കി.











Leave a Reply