ജോജി തോമസ് (അസോസിയേറ്റ് എഡിറ്റർ)

യുകെയിലെ മുൻനിര മലയാളം മാധ്യമമായ മലയാളംയുകെ കെട്ടിലും മട്ടിലും, രൂപത്തിലും ഭാവത്തിലും നിരവധി മാറ്റങ്ങളുമായാണ് ഇന്ന് വായനക്കാരുടെ മുമ്പിലെത്തുന്നത്. മലയാളം യുകെ പുതിയ രൂപത്തിൽ വായനക്കാരുടെ മുമ്പിൽ എത്തിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചപ്പോഴേ മുന്തിയ പരിഗണന നൽകിയത് പ്രിയ വായനക്കാരുടെ വായനാനുഭവം വർദ്ധിപ്പിക്കുക എന്നതിനായിരുന്നു. കഴിഞ്ഞ കാലഘട്ടങ്ങളിൽ വായനക്കാരുടെ ഭാഗത്തുനിന്നുണ്ടായ നിർദ്ദേശങ്ങൾക്കാണ് പ്രഥമ പരിഗണന നൽകിയത് . നിലവിലുള്ള പേജുകൾക്ക് പുറമേ വായനക്കാരുടെ ആവശ്യം പരിഗണിച്ച് ബിസിനസ്/ ടെക്നോളജി ,സിനിമ തുടങ്ങിയ പേജുകളും കൂടുതലായി ഉൾപ്പെടുത്തിയിട്ടുണ്ട്. മുൻനിര മാധ്യമങ്ങളോടു കിടപിടിക്കുന്ന ഓൺലൈൻ പോർട്ടൽ മലയാളം യുകെയ്ക്കായി നിർമ്മിച്ചത് വെബ് ഡിസൈനിംഗിൽ ഇന്ത്യയിൽതന്നെ മുൻനിരയിലുള്ള സ്ഥാപനമാണ്. മലയാളം യുകെയിൽ പുതുമകളുമായി വായനാനുഭവം വർധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് മുൻ‌തൂക്കം നൽകിയാണ് ഡയറക്ട് ബോർഡ് മെമ്പേഴ്‌സ് പുതിയ ഡിസൈൻ ഇന്ന് പുറത്തിറിക്കിയിരിക്കുന്നത്.

ഓൺലൈൻ പത്ര മാധ്യമരംഗത്തെ വേറിട്ട സാന്നിധ്യമായ മലയാളം യുകെ ഏപ്രിൽ 20 ചൊവാഴ്ച്ച പ്രസിദ്ധീകരണത്തിന്റെ ഏഴാം വർഷത്തിലേക്ക് കടന്നിരുന്നു . കേരളത്തിലെയും, പ്രവാസികളുടെ സ്വപ്നഭൂമിയായ യുകെയിലേയും, ലോകം മുഴുവനും നടക്കുന്ന പ്രധാനപ്പെട്ട വിവരങ്ങൾ വളച്ചൊടിക്കാതെ വായനക്കാരിലേയ്ക്ക് എത്തിക്കുന്നതിനൊപ്പം, വ്യാജവാർത്തകൾ ഒരു വിധത്തിലും ജനങ്ങളിലേയ്ക്ക് എത്തരുത് എന്ന പത്രധർമത്തെ മുറുകെപ്പിടിച്ചുള്ള പ്രയാണമാണ് മലയാളം യുകെയുടേത്. കാലത്തിനൊപ്പം സഞ്ചരിക്കുന്ന ന്യൂസ് പോർട്ടൽ ഇപ്പോൾ വായനക്കാരിലേയ്ക്ക് വീഡിയോകളിലൂടെ വാർത്തകൾ എത്തിക്കുന്നുണ്ട്. യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന മറ്റ് ഓൺലൈൻ മലയാളം ന്യൂസ് പോർട്ടലുകളുമായി താരതമ്യം ചെയ്യുമ്പോൾ മലയാളം യുകെ റേറ്റിംഗിന്റെ കാര്യത്തിൽ വളരെ മുന്നിലാണ് എന്നുള്ളത് എടുത്തുപറയേണ്ട വസ്തുതയാണ്.

ഓൺലൈൻ പത്രമാധ്യമ രംഗത്ത് മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചും, കാലത്തിനൊപ്പം മുന്നോട്ട് സഞ്ചരിക്കാനാവശ്യമായ മാറ്റങ്ങൾ വരുത്തിയും, അനുദിനം വെല്ലുവിളികൾ നേരിട്ടുകൊണ്ടിരിക്കുന്ന വാർത്താ മാധ്യമ രംഗത്ത് വേറിട്ട ശബ്ദമാവുകയാണ് ചുരുങ്ങിയ കാലംകൊണ്ട് മലയാളം യുകെ. പ്രളയകാലത്ത് കേരളത്തിനും, മറ്റ് അത്യാവശ്യ ഘട്ടങ്ങളിൽ പ്രവാസികൾക്കുമുൾപ്പടെ മലയാളം യുകെ നൽകിയ സംഭാവനകൾ ചെറുതല്ല. ലോകം മുഴുവൻ കൊറോണ എന്ന മഹാമാരി ഭീതി പടർത്തുമ്പോൾ ഏറ്റവും ദുഷ്കരമായ സാഹചര്യത്തിൽ ജോലിചെയ്യുന്ന ആരോഗ്യ പ്രവർത്തകരുടെ ശബ്‌ദമാവാൻ മലയാളം യുകെയ്ക്കു സാധിച്ചിട്ടുണ്ട് .

വായനക്കാരാണ് പത്രത്തിന്റെ ശക്തി, ഇനിയുള്ള യാത്രയിലും മലയാളം യുകെ വായനക്കാർക്കൊപ്പമുണ്ടാവും, സത്യങ്ങൾ വളച്ചൊടിക്കാതെ.

വായനക്കാർക്ക് ഒരിക്കൽ കൂടി നന്ദി പറയുകയും തുടർന്നും സഹകരണം പ്രതീക്ഷിക്കുകയും ചെയ്യുന്നു