ബാംഗ്ലൂരില്‍ നിന്ന് 180 കിലോമീറ്ററും പാലക്കാടിൽ നിന്ന് 268.2 കിലോമീറ്ററും അകലെ തമിഴ്നാട്ടിലെ ധര്‍മ്മാപുരി ജില്ലയിലാണ് ഹൊഗെനക്കല്‍ വെള്ളച്ചാട്ടം. ഇന്ത്യയിലെ നയാഗ്ര എന്നാണ് ഹൊഗെനക്കല്‍ അറിയപ്പെടുന്നത്. ഔഷധഗുണമുള്ള ജലവും, ബോട്ട് യാത്രയും ഏറെ പ്രസിദ്ധമാണ്. ഇവിടെ കാണുന്ന കാര്‍ബണ്‍ അടങ്ങിയ പാറകള്‍ ലോകത്തിലെ ഏറ്റവും പഴക്കം ചെന്നവയാണ്. വേനല്‍ക്കാലത്ത് വെള്ളച്ചാട്ടത്തിന് ശക്തി കുറയും. വെള്ളച്ചാട്ടത്തിന് താഴെയുള്ള സവാരിയാണ് ഹൊഗനക്കലിലെ പ്രത്യേകത.

വെള്ളച്ചാട്ടങ്ങളിലൂടെയുള്ള ബോട്ട് സവാരിയാണ് ഇവിടുത്തെ പ്രധാന പ്രത്യേകത. ചെറിയ കുട്ട വഞ്ചികളാണ് ഈ സവാരിക്കായി ഇവിടെയുള്ളത്. ഈ വെള്ളച്ചാട്ടങ്ങളിലൂടെ സാഹസികമായി തുഴയുന്ന വള്ളക്കാരും ഇവിടെയുണ്ട്. വെള്ളച്ചാട്ടങ്ങളിലൂടെയുള്ള സവാരി അതിമനോഹരമാണ്. നദിയിലൂടെ തുഴഞ്ഞും ഇടയ്ക്ക് വെള്ളച്ചാട്ടത്തിലൂടെയും വീണ്ടും പാറകളിലൂടെ നടന്നുമുള്ള സവാരിയാണിത്.

മഴക്കാലത്ത് അതിശക്തമായ വെള്ളമൊഴുകുന്നതിനാൽ ആ സമയത്ത് ഇവിടെ ബോട്ട് സവാരി ഉണ്ടായിരിക്കുന്നതല്ല. വളരെ പ്രത്യേകതയുള്ള പേരാണ് ഹൊഗനക്കല്‍. ഇതൊരു കന്നഡ വാക്കാണിത്. കന്നഡയിൽ ഹൊഗെ എന്നാൽ പുകയാണ്. കൽ എന്നാൽ പാറ. ഇത്തരത്തിലാണ് പുകയുന്ന പാറ എന്ന രീതിയിൽ ഈ സ്ഥലത്തിന് ഹൊഗനക്കല്‍ എന്ന പേര് ലഭിച്ചത്. ഈ സ്ഥലത്ത് നിന്ന് നോക്കിയാൽ മുകളിൽ നിന്നുള്ള വെള്ളം പാറകളിലൂടെ താഴേക്ക് ഒഴുകുമ്പോൾ ഒരു പുക പോലെയാണ് തോന്നുക.

വളരെ രുചികരമായ മീൻ ഫ്രൈ ഇവിടുത്തെ പ്രധാന പ്രത്യേകതയാണ്. ഈ സവാരിയിൽ ഇടയ്ക്കിടയ്ക്ക് പാറക്കൂട്ടങ്ങൾ കാണാം. അവിടെയിരുന്ന് മീൻ ചൂണ്ടയിടുന്നവരെയും അത് പാചകം ചെയ്യുന്ന സ്ത്രീകളെയും കാണാം. അപ്പോൾ തന്നെ ചൂണ്ടയിട്ട് കിട്ടുന്ന മീൻ വളരെ ഫ്രഷ് ആയിരിക്കും. ഏതു മീൻ വേണമെന്ന് പറഞ്ഞാൽ അത് പ്രത്യേക രീതിയിൽ പാചകം ചെയ്ത് നൽകും. ഈ രുചികരമായ ഫിഷ് ഫ്രൈ കഴിച്ചുകൊണ്ടാകാം തുടർന്നുള്ള സവാരി.

വെള്ളച്ചാട്ടത്തിലൂടെയുള്ള തുഴച്ചിൽ സാഹസികമാണ്. ചിലപ്പോൾ വെള്ളച്ചാട്ടങ്ങളുടെ ചുവട്ടിൽ ഈ വഞ്ചി കറക്കുന്നത് ഇവിടുത്തെ പ്രധാന കാഴ്ചയാണ്. വെള്ളച്ചാട്ടത്തിന് പിന്നിൽ ചെറിയ ഗുഹകളുണ്ടാകും. അതിലൂടെയും സവാരിയുണ്ട്. ഇതെല്ലം ഹൊഗെനക്കലിലെ പ്രധാന പ്രത്യേകതകളാണ്. ഈ മലകളിലൂടെയും പാറകളിലൂടെയും സാഹസികമായി കയറുന്നവരെ ഇവിടെ കാണാം. ഇവർ പാറകളിൽ നിന്നും ഡൈവിംഗ് ചെയ്യുന്നവരാണ്. സവാരിക്കിടയിൽ ഈ സാഹസികരുടെ ഡൈവിംഗ് കാഴ്ചകളും കാണാം.

നിരവധി സിനിമകൾ ഹൊഗനക്കലിൽ ചിത്രീകരിച്ചിട്ടുണ്ട്. സിനിമാക്കാരുടെ ഇഷ്ട ലൊക്കേഷനാണ് ഹൊഗെനക്കൽ. ഹിന്ദി, തമിഴ്, മലയാളം സിനിമകളിലെ നിരവധി ഗാന രംഗങ്ങൾ ഇവിടെയാണ് ചിത്രീകരിച്ചത്. മലയാളത്തിലെ ഹിറ്റുകളിൽ ഒന്നായ നരനിലെ നിരവധി രംഗങ്ങൾ ഈ വെള്ളച്ചാട്ടത്തിലാണ് ചിത്രീകരിച്ചത്. കൂടാതെ കുഞ്ചാക്കോ ബോബൻ നായകനായ ‘നിഴൽ’ ചിത്രത്തിലെ ചില രംഗങ്ങളും ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്.

ഹൊഗനക്കലിലെ വെള്ളച്ചാട്ടം ആസ്വദിക്കാൻ ട്രെയിനിൽ വരുന്നവർക്ക് സേലത്ത് ഇറങ്ങാം. സേലത്ത് നിന്ന് 114 കിലോമീറ്റർ ദൂരമുണ്ട് ഹൊഗെനക്കലിലേക്ക്. ഹൊഗനക്കലിൽ നിന്ന് 180 കിലോമീറ്റര്‍ ദൂരമുണ്ട് ബാംഗ്ലൂർ വിമാനത്തവാളത്തിലേക്ക്. ഇവിടെ നിന്നും ടാക്‌സികൾ ലഭ്യമാണ്.