സ്വന്തം ലേഖകൻ
മാഞ്ചസ്റ്റർ : മാഞ്ചസ്റ്റർ സെന്റ് മേരീസ് യാക്കോബായ സുറിയാനി ഇടവക സ്വന്തമായി ദേവാലയം വാങ്ങിയതിന്റെ സന്തോഷത്തിലും ആഹ്ലാദത്തിലുമാണ്. പരിശുദ്ധ സഭയും ഇടവകയും യുകെയിൽ സ്വന്തമാക്കുന്ന രണ്ടാമത്തെ ദേവാലയമാണ് ഇത്. 2020 ജനുവരി മാസം പന്ത്രണ്ടാം തീയതി ഇടവക പെരുന്നാളിനോടനുബന്ധിച്ച് വിശുദ്ധ മൂന്നിന്മേൽ കുർബാന യുകെ പാത്രിയാർക്കൽ വികാർ അഭിവന്ദ്യ ഡോ. മാത്യൂസ് മോർ അന്തിമോസ് തിരുമേനിയുടെ മുഖ്യകാർമ്മികത്വത്തിലും ഇടവക വികാരി ഫാദർ ഗീവർഗീസ് തണ്ടായത്ത് , സഹ വികാരി ഫാദർ എൽദോസ് വട്ടപ്പറമ്പിൽ എന്നിവരുടെ സഹകാർമികത്വത്തിലും നടത്തപ്പെട്ടു.
തുടർന്ന് നടന്ന പെരുന്നാൾ റാസാ, നേർച്ചസദ്യ, പൊതുസമ്മേളനം എന്നിവ പെരുന്നാൾ അനുഗൃഹകരമാക്കി. പൊതുസമ്മേളനത്തിൽ പുതിയതായി വാങ്ങിയ പള്ളിയുടെ താക്കോൽ ആംഗ്ലിക്കൻ സഭയുടെ പ്രീസ്റ്റ് ഇൻ ചാർജ് വിവിയൻ മാസ്റ്റേഴ്സിൽ നിന്ന് അഭിവന്ദ്യ മാത്യൂസ് മോർ അന്തിമോസ് തിരുമേനി ഏറ്റുവാങ്ങി. വികാരി, സഹ വികാരി, വൈസ് പ്രസിഡന്റ് ജേക്കബ് കോശി, ഇടവക സെക്രട്ടറി ബിജോയ് ഏലിയാസ്, പള്ളി ട്രസ്റ്റി ആഷൻ പോൾ, കൗൺസിൽ അംഗം സാജു പാപ്പച്ചൻ, മാനേജിങ് കമ്മിറ്റി അംഗങ്ങൾ, ഇടവക അംഗങ്ങൾ, ആംഗ്ലിക്കൻ സഭാ പ്രതിനിധികൾ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. അതിനെ തുടർന്ന് താക്കോൽ അഭിവന്ദ്യ തിരുമേനി മാനേജിങ് കമ്മിറ്റിക്ക് കൈമാറുകയും ചെയ്തു.
പുതിയ ദേവാലയത്തിൽ അഭിവന്ദ്യ തിരുമനസ്സുകൊണ്ട് യാക്കോബായ സുറിയാനി സഭയുടെ ആരാധനയ്ക്ക് വേണ്ടുന്ന വിധത്തിലേക്ക് മാറ്റങ്ങൾ വരുത്തുവാൻ ഉള്ള പണികൾക്കു തുടക്കം കുറിക്കുകയും ചെയ്തു. ദൈവം ഒരുക്കിയ ഈ അനുഗ്രഹ നിമിഷം ഇടവക ജനങ്ങളുടെ പ്രാർത്ഥനയുടെയും കൂട്ടായ പരിശ്രമത്തിന്റെയും ഫലമാണെന്നും ഈ ഒത്തൊരുമയിൽ താൻ അഭിമാനം കൊള്ളുന്നു എന്നും തിരുമേനി പറഞ്ഞു.
പരിശുദ്ധ സഭ ഇന്ന് ഏറ്റവും വേദനയിലൂടെ കടന്നുപോകുന്ന കാലഘട്ടമാണ് എന്നാൽ, ദൈവത്താൽ അസാധ്യമായിട്ട് ഒന്നുമില്ല. ‘ദൈവം തമ്പുരാൻ നമ്മുടെ മുൻപിൽ പുതിയ വഴികൾ തുറന്നു തരും’. എല്ലാവരും മുട്ടിപ്പായി പ്രാർത്ഥിക്കണം എന്ന് തിരുമേനി ഉദ്‌ബോധിപ്പിച്ചു . പുതിയ ദേവാലയത്തിന്റെ പുതുക്കി പണികൾ പൂർത്തിയാകുന്നതോടെ വിപുലമായ ആഘോഷങ്ങളോടെ മൂറോൻ കൂദാശ നടത്തപ്പെടും.
Leave a Reply