ഫാ. ബിജു കുന്നയ്ക്കാട്ട് പി.ആര്‍.ഒ

പ്രസ്റ്റണ്‍: സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ കത്തീഡ്രലില്‍ നടക്കുന്ന വലിയ ആഴ്ച തിരുക്കര്‍മ്മങ്ങള്‍ക്ക് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും. പ്രോട്ടോ സിഞ്ചെല്ലൂസ് റവ. ഡോ. തോമസ് പാറയടിയില്‍ എംഎസ്ടി, കത്തീഡ്രല്‍ വികാരി റവ. ഡോ. മാത്യൂ ചൂരപൊയ്കയില്‍, സെക്രട്ടറി റവ. ഫാ. ഫാന്‍സ്വാ പത്തില്‍ തുടങ്ങിയവര്‍ സഹകാര്‍മ്മികരായിരിക്കും. ബഹു. സിസ്റ്റേഴ്‌സ്, വൈദിക വിദ്യാര്‍ത്ഥികള്‍, അല്‍മായ വിശ്വാസികള്‍ തുടങ്ങി നിരവധി പേര്‍ വിശുദ്ധവാര ശുശ്രൂഷകളില്‍ പങ്കുചേരാനെത്തും.

ഓശാന ഞായറാഴ്ചയുടെ തിരുക്കര്‍മ്മങ്ങള്‍ രാവിലെ 10 മണിക്കും പെസഹാ വ്യാഴത്തിന്റെ ശുശ്രൂഷകള്‍ വൈകിട്ട് 6 മണിക്കും വി. കുര്‍ബാനയോടു കൂടി ആരംഭിക്കും. പെസഹാ വ്യാഴാഴ്ച കാല്‍കഴുകല്‍ ശുശ്രൂഷയും നടക്കും. ദുഃഖവെള്ളിയുടെ തിരുക്കര്‍മ്മങ്ങള്‍ രാവിലെ 10 മണിക്കും വലിയ ശനിയുടെ ശുശ്രൂഷകള്‍ രാവിലെ 9.30നും ആരംഭിക്കും. വലിയ ശനിയുടെ തിരുക്കര്‍മ്മങ്ങള്‍ക്കിടയില്‍ പുത്തന്‍തീയും പുത്തന്‍ വെള്ളവും വെഞ്ചരിക്കും. ഉയിര്‍പ്പു ഞായറിനുള്ള ‘വിജില്‍’ കുര്‍ബാന ശനിയാഴ്ച വൈകിട്ട് 7 മണിക്കും ഉയിര്‍പ്പു ഞായറിന്റെ ഈസ്റ്റര്‍ കുര്‍ബാന ഞായറാഴ്ച രാവിലെ 10 മണിക്കും നടക്കും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എല്ലാ വിശ്വാസികളും തങ്ങള്‍ക്ക് ഏറ്റവും അടുത്തുള്ള ശുശ്രൂഷാ കേന്ദ്രങ്ങളില്‍ പങ്കെടുത്ത് ഉയിര്‍പ്പു തിരുനാളിനായി പ്രാര്‍ത്ഥനാപൂര്‍വ്വം ഒരുങ്ങണമെന്ന് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ വിശ്വാസികളെ ഓര്‍മ്മിപ്പിച്ചു. പ്രസ്റ്റണ്‍ സെന്റ് അല്‍ഫോന്‍സാ കത്തീഡ്രല്‍ പള്ളിയുടെ അഡ്രസ് – St. Ignatius Square, Preston, PR1 1TT.